സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി; പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ 

 
mask


കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.ദുരന്ത നിവാരണ നിയമപ്രകാരമാണ് ഉത്തരവ്. മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ദുരന്തനിവാരണ നിയമപ്രകാരമുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോടു നിര്‍ദേശിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് മാസ്‌ക് ധരിക്കാത്തതിന് പിഴയീടാക്കുന്നതു നിര്‍ത്തിവയ്ക്കുകയായിരുന്നു. സാഹചര്യം അനുസരിച്ച് സംസ്ഥാനങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്താമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്.

ഡല്‍ഹി, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും അടുത്തിടെ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കിയിരുന്നു. ഡല്‍ഹിയിലും തമിഴ്നാട്ടിലും മാസ്‌ക് ധരിക്കാതിരുന്നാല്‍ 500 രൂപയാണ് പിഴ. മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാണ്,മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് ജാഗ്രത തുടരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ജില്ലകളിലെ സാഹചര്യം വളരെ സൂക്ഷ്മമായി നിരീക്ഷിക്കാനും മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. കൊച്ചിയില്‍ മാത്രമാണ് ചെറിയ തോതിലെങ്കിലും കേസുകള്‍ വര്‍ധിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഉന്നതതല അവലോകന യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.