എ.ആര്‍ നഗര്‍ സഹകരണ ബാങ്കില്‍ കൂട്ട സ്ഥംലമാറ്റം; ക്രമക്കേടുകള്‍ക്കെതിരെ മൊഴി നല്‍കിയവരെ ഉള്‍പ്പെടെ മാറ്റി

 
AR Bank

രണ്ടുവര്‍ഷം കൂടുമ്പോഴുള്ള സ്വാഭാവിക നടപടിയെന്ന് ബാങ്ക് ഭരണ സമിതി

വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയ മലപ്പുറം എ.ആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ കൂട്ട സ്ഥലമാറ്റം. 32 ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്. ബാങ്കിലെ ക്രമക്കേടുകളില്‍, അഡ്മിനിസ്‌ട്രേറ്റര്‍ക്കും ഭരണസമിതിക്കുമെതിരെ മൊഴി നല്‍കിയവരെ ഉള്‍പ്പെടെ സ്ഥലം മാറ്റിയിട്ടുണ്ട്. ഇന്റേണല്‍ ഓഡിറ്ററും ഇതില്‍ ഉള്‍പ്പെടുന്നു. മൊഴി നല്‍കിയതാണ് കൂട്ട സ്ഥലംമാറ്റത്തിനു കാരണമെന്നാണ് ഒരു വിഭാഗം ജീവനക്കാരുടെ ആരോപണം. അതേസമയം, രണ്ടുവര്‍ഷം കൂടുമ്പോഴുള്ള സ്വാഭാവിക നടപടിയെന്നാണ് ബാങ്ക് ഭരണ സമിതിയുടെ വിശദീകരണം.

യുഡിഎഫ് ഭരിക്കുന്ന ബാങ്കില്‍ 110 കോടി രൂപയുടെ അനധികൃത നിക്ഷേപമാണ് കണ്ടത്തിയത്. പത്ത് വര്‍ഷത്തിനിടെ ബാങ്കില്‍ നടത്തിയത് 1000 കോടിയോളം രൂപയുടെ ഇടപാടുകളാണെന്നും കണ്ടെത്തിയിരുന്നു. മരിച്ചവരുടെ പേരിലും അനധികൃത നിക്ഷേപം കണ്ടെത്തിയിട്ടുണ്ട്. ബാങ്കിന് 115 കോടി രൂപയുടെ കിട്ടാക്കടമുണ്ടെന്നാണ് സഹകരണവകുപ്പിന്റെ കണ്ടെത്തല്‍. 103 കോടി രൂപയുടെ കള്ളപ്പണം ആദായനികുതി വകുപ്പ് കണ്ടുകെട്ടിയ സാഹചര്യത്തില്‍ ബാങ്ക് വന്‍ പ്രതിസന്ധിയിലാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം നാലരക്കോടിയുടെ പ്രവര്‍ത്തന നഷ്ടമാണ് ബാങ്കിനുണ്ടായത്.