'പ്രസ് എന്നെഴുതിയ ജാക്കറ്റ് ധരിച്ചിട്ടും ഷിറീനെ അവര്‍ തെരഞ്ഞ് വെടിവെച്ചു കൊന്നു'

 
al jaseera

വെസ്റ്റ് ബാങ്കിലെ ജെനിന്‍ നഗരത്തിലുള്ള അഭയാര്‍ത്ഥി ക്യാമ്പിലേക്കുള്ള ഇസ്രായേലി സൈന്യത്തിന്റെ കടന്നു കയറ്റം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയിലായിരുന്നു അല്‍ ജസീറ മാധ്യമ പ്രവര്‍ത്തക ഷിറീന്‍ അബു അഖ്ലേ ആക്രമണത്തിനിരയായി കൊല്ലപ്പെടുന്നത്. ഇസ്രയേല്‍ സൈന്യം മനഃപൂര്‍വം നടത്തിയ ക്രൂരമായ കൊലപാതകമായിരുന്നു 51 കാരിയായ ഷിറീന്റെത് എന്നാണ് അല്‍ ജസീറ ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്. 

ഷിറീന്‍ അബു അഖ്ലേ സ്വതന്ത്രവും നിര്‍ഭയവുമായ മാധ്യമപ്രവര്‍ത്തനത്തിനെതിരായ ഭരണകൂട ആക്രമണങ്ങളുടെ ഒടുവിലത്തെ രക്തസാക്ഷിയാണെന്നു  കുറിക്കുകയാണ് കേരള നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ്. പലസ്തീന്റെ വിമോചന പോരാട്ടത്തിന്റെ വാക്കും ജീവനുമായിരുന്നു ധീരയായ മാധ്യമ പ്രവര്‍ത്തകയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. 

എം.ബി. രാജേഷിന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം 

പലസ്തീന്റെ വിമോചന പോരാട്ടത്തിന്റെ വാക്കും ജീവനുമായിരുന്ന ധീരയായ മാധ്യമ പ്രവര്‍ത്തകയാണ്  ഇസ്രായേലിന്റെ നിഷ്ഠുരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ട അല്‍ ജസീറ മാധ്യമപ്രവര്‍ത്തക ഷിറീന്‍ അബു അഖ്ലഹ്.  വലിയ ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കുന്നവരെപ്പോലും കൃത്യമായി ഉന്നം പിടിച്ച്  ആക്രമിച്ചു  കൊല്ലുന്നതില്‍ കുപ്രസിദ്ധി നേടിയ ഇസ്രായേല്‍ സൈന്യം  പലസ്തീനില്‍ തങ്ങളുടെ വലിയൊരു തലവേദനയാണ് ഒറ്റ ബുള്ളറ്റില്‍ ഇല്ലാതാക്കിയത്. പ്രസ് എന്നെഴുതിയ  ജാക്കറ്റ്  ധരിച്ചിട്ടും ഷിറീനെ അവര്‍  തെരഞ്ഞ് വെടിവെച്ചുകൊന്നു. 
1996 ല്‍ അല്‍ ജസീറ ആരംഭിച്ച്  ഒരു വര്‍ഷം  കഴിഞ്ഞപ്പോഴാണ്  ഷിറീന്‍ ആ മാധ്യമസ്ഥാപനത്തില്‍ ചേര്‍ന്നത്. അതിനുമുമ്പ് വോയ്സ്  ഓഫ്  പലസ്തീന്‍ റേഡിയോ, അമ്മാന്‍ സാറ്റലൈറ്റ്  ചാനല്‍ എന്നീ മാധ്യമ സ്ഥാപനങ്ങളില്‍  അവര്‍ പ്രവര്‍ത്തിച്ചു. അല്‍ ജസീറയില്‍ ചേര്‍ന്ന ശേഷം പലസ്തീന്‍ ജനതയുടെ അതിജീവന പോരാട്ടങ്ങള്‍ ലോകത്തെ അറിയിക്കാന്‍ നിതാന്ത ജാഗ്രതയോടെ ഷിറീന്‍ ഉണ്ടായിരുന്നു. ധീരയും സ്‌നേഹസമ്പന്നയുമായ മാധ്യമ പ്രവര്‍ത്തകയെന്നാണ് സഹപ്രവര്‍ത്തകര്‍ അവരെ അനുസ്മരിച്ചത്. 
രണ്ടായിരാമാണ്ടിലെ രണ്ടാം പലസ്തീന്‍ ഇന്റിഫാദ റിപ്പോര്‍ട്ട് ചെയ്തതിലൂടെയാണ് അവര്‍ പ്രശസ്തയായത്. 2008, 2009,  2012,  2014, 2021 വര്‍ഷങ്ങളില്‍ നടന്ന അധിനിവേശങ്ങളെയും ചെറുത്തുനില്‍പുകളെയും പോരാട്ടഭൂമിയില്‍ നിന്ന് തന്നെ അവര്‍ റിപ്പോര്‍ട്ടു ചെയ്തു. ഇന്ന് അറബ് ലോകത്ത് ഓരോ വീട്ടിലും പരിചിതയായ മാധ്യമ പ്രവര്‍ത്തകയാണ് ഷിറീന്‍.  ജറുസലേമില്‍  ജനിച്ച അവര്‍ ഇസ്രയേലിന്റെ യുദ്ധക്കൊതിക്കും മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കുമെതിരെ, പലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ക്കു വേണ്ടി അചഞ്ചലമായി  നിലയുറപ്പിച്ചു.  ഇസ്രായേലിന്റെ  അജണ്ടകള്‍ മനസ്സിലാക്കുന്നതിനായി അവര്‍ ഹീബ്രൂ ഭാഷ പഠിക്കാന്‍ തുടങ്ങിയത് അടുത്തിടെയാണ്. 
ലോകത്താകെ സ്വതന്ത്രവും നിര്‍ഭയവുമായ മാധ്യമ പ്രവര്‍ത്തനത്തിനെതിരെ ഉയര്‍ന്നുവരുന്ന കൊടിയ  ഭരണകൂട  ആക്രമണങ്ങളുടെ  ഏറ്റവും ഒടുവിലത്തെ രക്തസാക്ഷിയാണ്  ഷിറീന്‍. ലോകത്താകെ സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി നടക്കുന്ന പോരാട്ടങ്ങള്‍ക്ക് ഷിറീന്റെ ധീരസ്മരണ പ്രചോദനമാകട്ടെ. ഷിറീന് ഒരു പിടി രക്തപുഷ്പങ്ങള്‍.