സര്‍ക്കാരിന്റെ കോവിഡ് പാക്കേജ്; പ്രഖ്യാപനങ്ങളില്‍ ഭൂരിഭാഗവും നടപ്പാക്കിയെന്ന് കെ.എന്‍ ബാലഗോപാല്‍

 
KN-Balagopal


കോവിഡ് ഉയര്‍ത്തിയ വെല്ലുവിളികളെ നേരിടാന്‍  സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ടു പാക്കേജുകളിലെ പ്രഖ്യാപനങ്ങളില്‍ ബഹു ഭൂരിപക്ഷവും നടപ്പിലാക്കാന്‍ കഴിഞ്ഞതായി മന്ത്രി കെ.എന്‍ ബാലഗോപാല്‍. ഇരുപതിനായിരം കോടിയുടെ രണ്ടാം കോവിഡ് പാക്കേജിലെ പ്രധാന പ്രഖ്യാപനങ്ങളില്‍ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട  പ്രധാനപ്പെട്ട എല്ലാ പ്രഖ്യാപനങ്ങളും നടപ്പിലാക്കാന്‍ സാധിച്ചു. നേരിട്ട് പണമെത്തിക്കുന്ന പദ്ധതികളുടെ  എണ്‍പത് ശതമാനവും പൂര്‍ത്തിയായി. സാമ്പത്തിക പുനരുജ്ജീവന പാക്കേജ് നടപ്പിലാക്കാനുള്ള പ്രാഥമിക ചര്‍ച്ചകള്‍ നബാര്‍ഡ്, വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുമായി നടന്നു വരികയാണെന്നും മന്ത്രി അറിയിച്ചു. 

കോവിഡ് അനുബന്ധ പാക്കേജിലെ കെ എഫ് സി ,കെ എസ് എഫ് ഇ എന്നിവ വഴി നടപ്പിലാക്കുന്ന സാമ്പത്തിക സഹായ പദ്ധതികള്‍ വേഗത്തിലാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. രണ്ടു മാസത്തെ പെന്‍ഷനും സ്പെഷ്യല്‍ കിറ്റും  നല്‍കിക്കഴിഞ്ഞു . സര്‍ക്കാര്‍ കെട്ടിടങ്ങളുടെ വാടക ഒഴിവാക്കാനുള്ള ഉത്തരവും ഉടന്‍ പുറപ്പെടുവിക്കുന്നതായിരിക്കും. പുതുക്കിയ ശമ്പളവും പെന്‍ഷനും കൃത്യമായി നല്‍കിവരികയാണ്. മാറ്റി വെച്ച ശമ്പളത്തിന്റെ  500 കോടി രൂപ വീതമുള്ള നാലു ഗഡു കുടിശ്ശികകളും   പെന്‍ഷന്‍ പരിഷ്‌കരണത്തിന്റെ 1300 കോടി രൂപ വീതമുള്ള രണ്ടു ഗഡു കുടിശ്ശികകളും നല്‍കി കഴിഞ്ഞു.

യൂണിവേഴ്‌സിറ്റി ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്‌കരണവും ഹോമിയോ കോളേജ് അധ്യാപകര്‍, മുനിസിപ്പല്‍ കണ്ടിജന്റ് ജീവനക്കാര്‍ മുതലായവരുടെ ശമ്പള പരിഷ്‌ക്കരണവും നടപ്പിലാക്കി.ശമ്പള പരിഷ്‌കരണ അപാകതകള്‍ പരിശോധിക്കാന്‍ ധനവകുപ്പില്‍ അനോമലി സെല്‍ രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ഈ മൂന്ന് മാസ കാലയളവില്‍ ആയിരത്തി മുന്നൂറോളം തസ്തികള്‍ സൃഷ്ടിച്ചിട്ടുണ്ട് .ഇതിനു പുറമെ 7500 ലധികം പേര്‍ക്ക് പി എസ് സി വഴി നിയമനവും നല്‍കി. 

കോവിഡ് ഉയര്‍ത്തിയ സാമ്പത്തിക വെല്ലുവിളികള്‍ക്കിടയിലും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ആനുകൂല്യങ്ങള്‍ കൃത്യമായി വിതരണം ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷവും സംതൃപ്തിയുമുണ്ട്. ഓണക്കാലത്ത് വിവിധ ആനുകൂല്യങ്ങള്‍ നല്‍കാനായി 9018 കോടി രൂപ ചെലവായി. മാറ്റി വെച്ച ശമ്പളം  തിരികെ നല്‍കിയതുള്‍പ്പെടെ ശമ്പളം, പെന്‍ഷന്‍ എന്നിവ നല്‍കാന്‍ 5715 കോടി, സര്‍ക്കാര്‍ ജീവനക്കാരുടെ  ബോണസ്/ ഫെസ്റ്റിവല്‍ അഡ്വാന്‍സ് എന്നിവ നല്കാന്‍  800 കോടി,  വിവിധ സ്ഥാപനങ്ങളുടെ ബോണസ്, ഫെസ്റ്റിവല്‍ അഡ്വാന്‍സ് എന്നിവയ്ക്ക് 100 കോടി, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കാന്‍ 1700 കോടി,  ആയിരം രൂപ വീതം വിവിധ വിഭാഗം ജീവനക്കാര്‍ക്ക് നല്‍കിയതിനു ചെലവായ 147 കോടി, വിവിധ ബോര്‍ഡുകള്‍ക്ക് ശമ്പളം നല്‍കാന്‍ 30 കോടി, ഓണക്കിറ്റിന്  526 കോടി എന്നിങ്ങനെ വിവിധ മേഖലകളില്‍ സഹായമെത്തിച്ചു. 

932.69 കോടി രൂപയുടെ പത്ത് പദ്ധതികള്‍ക്കാണ് ആഗസ്റ്റ് ആദ്യ വാരം നടന്ന കിഫ്ബി ബോര്‍ഡ് യോഗം അനുമതി നല്‍കിയത്. ഇതിന് പുറമേ  ദേശീയപാത വിപുലീകരണത്തിന് പുതിയ മൂന്ന് സ്ട്രെച്ചുകള്‍ക്കായി ഭൂമി ഏറ്റെടുക്കാന്‍ 1395.01 കോടി രൂപയുടെ അംഗീകാരവും നല്‍കിയിട്ടുണ്ട്. ഗ്രീന്‍ പദ്ധതികള്‍ക്ക് 1100 കോടി രൂപയുടെ വായ്പയ്ക്ക് അംഗീകാരം ഈ ചുരുങ്ങിയ കാലയളവില്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ 500 കോടി രൂപയുടെ ജലവിതരണ പദ്ധതികളും 600 കോടിയുടെ ആരോഗ്യ മേഖലയിലെ പദ്ധതികളും ഉള്‍പ്പെടുന്നു. ധനവകുപ്പില്‍  ജി.എസ്.ടി, ലോട്ടറി, ഇന്‍ഷുറന്‍സ്  എന്നിവയുടെ പ്രവര്‍ത്തന അവലോകനം  നടത്തികഴിഞ്ഞു. വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍, പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ മുതലായവയ്ക്കുള്ള നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കി . ധനകാര്യ സ്ഥാപനങ്ങളായ കെ.എസ്.എഫ്.ഇ, കെ.എഫ്.സി എന്നിവയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായും മന്ത്രി അറിയിച്ചു.