'ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഇന്ധനവില കുറയില്ല; പല സംസ്ഥാനങ്ങളും സാമ്പത്തിക പ്രതിസന്ധിയില്‍'

 
kn balagopal

വെളിച്ചെണ്ണയുടെ നികുതി വര്‍ധനവിനെ കേരളത്തിനൊപ്പം ഗോവയും തമിഴ്‌നാടും എതിര്‍ത്തു

ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഇന്ധനവില കുറയില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കണ്ണില്‍ പൊടിയിടാനുള്ള അടിസ്ഥാനമില്ലാത്ത പ്രചാരണമാണത്. ഇന്ധനവില കുറയ്ക്കാന്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുകയല്ല, സെസ് കുറയ്ക്കുകയാണ് വേണ്ടത്. ജിഎസ്ടി കൗണ്‍സിലില്‍ കേരളത്തിന്റെ നിലപാടുകള്‍ അവതരിപ്പിച്ചു. പല സംസ്ഥാനങ്ങളും ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ബാലഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

പെട്രോള്‍, ഡീസല്‍ വില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ മിക്ക സംസ്ഥാനങ്ങളും എതിര്‍ത്തു. ഇന്ധന വില കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഈടാക്കുന്ന അധിക നികുതി കുറയ്ക്കുകയാണ് ചെയ്യേണ്ടത്. ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍, സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന വിഹിതം മാത്രമാണ് കുറയുക. പെട്രോളിയം ഇന്ധനങ്ങളും മദ്യവും മാത്രമാണ് നിലവില്‍ സംസ്ഥാനങ്ങള്‍ക്ക് നികുതി ചുമത്താവുന്ന ഇനങ്ങള്‍. അതുകൂടി ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നത് സംസ്ഥാനങ്ങളുടെ വരുമാനത്തെ ബാധിക്കും. കേരളം മാത്രമല്ല, യുപി, ബിഹാര്‍ തുടങ്ങിയ മിക്ക സംസ്ഥാനങ്ങളും നിര്‍ദേശത്തെ എതിര്‍ത്തു

വെളിച്ചെണ്ണയുടെ നികുതി പതിനെട്ട് ശതമാനമായി ഉയര്‍ത്തുന്നതില്‍ കേരളം നിലപാട് വ്യക്തമാക്കി. നികുതി വര്‍ധനവിനെ കേരളത്തിനൊപ്പം ഗോവയും തമിഴ്‌നാടും എതിര്‍ത്തു. ഇതു പിന്നീടു ചര്‍ച്ച ചെയ്യാനായി മാറ്റിയെന്നും മന്ത്രി അറിയിച്ചു.