നര്‍ക്കോട്ടിക് ജിഹാദ്: ശരിയല്ലാത്ത പ്രവണതകളെ മതപരമായി കാണരുത്; ബിഷപ്പിനെ തള്ളി മന്ത്രി എം.വി ഗോവിന്ദന്‍

 
MV Govindan Master

കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ മദ്യവില്‍പ്പന ആലോചിച്ചിട്ടില്ല

നര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ തള്ളി മന്ത്രി എം.വി ഗോവിന്ദന്‍. ശരിയല്ലാത്ത പ്രവണതകളെ മതപരമായി കാണരുതെന്ന് മന്ത്രി പറഞ്ഞു. ബിഷപ്പിന്റെ പ്രസ്താവന മതപരമായ ധ്രുവീകരണത്തിലേക്ക് നയിക്കരുത്. നര്‍ക്കോട്ടിക് ജിഹാദ് എന്ന പ്രയോഗം ഭാഷയുടെ പ്രത്യേകതയായി കാണണമെന്നും മന്ത്രി പറഞ്ഞു. കണ്ണൂരില്‍ മാധ്യപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ മദ്യവില്‍പ്പന ആലോചിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഹോട്ടലില്‍ ഇരുന്ന് കഴിക്കാന്‍ തുടങ്ങുമ്പോഴേ ബാറുകള്‍ തുറക്കുന്ന കാര്യവും ആലോചിക്കുകയുള്ളൂ. കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മദ്യവില്‍പ്പന എക്‌സൈസ് വകുപ്പ് ആലോചിച്ചിട്ടില്ല. അത്തരമൊരു ചര്‍ച്ച എങ്ങനെ ഉയര്‍ന്നുവന്നുവെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു. 

കണ്ണൂര്‍ സര്‍വകലാശാല സിലബസിലുള്ളത് എന്താണെന്ന് പൂര്‍ണമായും മനസ്സിലാക്കിയിട്ടില്ല. എതിര്‍ക്കുന്നതിനെക്കുറിച്ചും മനസിലാക്കണമെന്നാണ് ജ്ഞാനസിദ്ധാന്തത്തില്‍ പറയുന്നത്. സര്‍വകലാശാല നിയോഗിച്ച രണ്ടംഗ കമ്മിറ്റി ഉചിതമായ തീരുമാനമെടുക്കും. വര്‍ഗീയ നിലപാടിന് ഊന്നല്‍ നല്‍കുന്ന ഒരു സിലബസും ഉണ്ടാകില്ല. ഇടതു മുന്നണി വര്‍ഗീയ ശക്തികളോട് വീഴ്ച ചെയ്തുവെന്നത് അസംബന്ധമാണ്. കൃത്യമായ ധാരണ ഉണ്ടായതിനുശേഷം മാത്രമേ നിലപാട് സ്വീകരിക്കുകയുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.