കോവിഡ് മരണം: നഷ്ടപരിഹാരത്തിനുള്ള മാര്‍ഗരേഖ പുതുക്കുമെന്ന് ആരോഗ്യമന്ത്രി 

 
veena

കോവിഡ് മൂലം മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച മാർഗരേഖ പുതുക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗരേഖ അനുസരിച്ച് വിശദമായ കോവിഡ് മരണപ്പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കും. പരമാവധി പേര്‍ക്ക് ധനസഹായം കിട്ടാനുള്ള നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 

കേന്ദ്രത്തിന്റെ പുതിയ മാര്‍ഗരേഖ ലഭിച്ചിട്ടുണ്ട്. ഇതനുസരിച്ച് സംസ്ഥാനത്തെ കോവിഡ് ഗൈഡ്‌ലൈനുകള്‍ പുതുക്കി നിശ്ചയിക്കും. അതിനുവേണ്ടിയുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അതിന്റെ അന്തിമരൂപമാകും. അതനുസരിച്ച് ഇപ്പോഴുള്ള പുതുക്കിയ ഗൈഡ്‌ലൈനുകള്‍, അതായത് കോവിഡ് നെഗറ്റീവ് ആയതിനുശേഷം 30 ദിവസത്തിനുള്ളില്‍ സംഭവിക്കുന്ന മരണവും കോവിഡ് മരണമായി കണക്കാക്കണമെന്നത് അടക്കമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കും പുതിയ മാര്‍ഗനിര്‍ദേശം ഉണ്ടാകുകയെന്നും ആരോഗ്യമന്ത്രി അറിയിച്ചു. 

കോവിഡ് മൂലം മരിച്ചവരുടെ ഉറ്റബന്ധുക്കള്‍ക്ക് അന്‍പതിനായിരം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എന്‍ഡിഎംഎ) ശുപാര്‍ശ ചെയ്തതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. തുക സംസ്ഥാന ദുരന്ത പ്രതികരണ നിധി (എസ്ഡിആര്‍എഫ്)യില്‍ നിന്ന് നല്‍കുമെന്നാണ് കേന്ദ്രം അറിയിച്ചത്. അതിനു പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം.

കോവിഡ് മരണവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് തന്നെ അന്വേഷണം നടത്തി പ്രശ്നം പരിഹരിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ്. ഇതോടൊപ്പം പരാതികള്‍ പരിഹരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് തന്നെ അതിനൊരു ഇടപെടല്‍ നടത്തി പട്ടിക പ്രസിദ്ധീകരിക്കും. അര്‍ഹരായവര്‍ക്കെല്ലാം ഇതുസംബന്ധിച്ച ആനുകൂല്യം ലഭിക്കണമെന്ന് തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം. അതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ചെയ്യാവുന്ന കാര്യങ്ങളെല്ലാം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.