സിപിഎം പ്രവര്‍ത്തകനെ കാണാതായിട്ട് 97 ദിവസം; ഉത്തരമില്ലാതെ പൊലീസ്; അന്വേഷണ പുരോഗതി തേടി ഹൈക്കോടതി

 
CPM Sajeevan
തിരോധാനത്തിനു പിന്നില്‍ സിപിഎമ്മിലെ വിഭാഗീയതയെന്ന് ബന്ധുക്കള്‍

സിപിഎം പ്രവര്‍ത്തകനും മത്സ്യത്തൊഴിലാളിയുമായ തോട്ടപ്പള്ളി പൊരിയന്റെപറമ്പില്‍ സജീവന്റെ തിരോധാനത്തില്‍ ഇടപെട്ട് ഹൈക്കോടതി. സജീവന്റെ ഭാര്യ സജിത നല്‍കിയ ഹേബിയസ് കോര്‍പ്പസ് പരിഗണിച്ച കോടതി, കേസ് അന്വേഷണത്തിന്റെ പുരോഗതി തേടി. കേസില്‍ ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ പകര്‍പ്പ്, അടുത്ത വാദം കേള്‍ക്കുന്ന തീയതിക്കകം സമര്‍പ്പിക്കണമെന്നാണ് ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രന്‍, സി. ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സജീവനെ കാണാതായിട്ട് 97 ദിവസമാകുമ്പോഴും അന്വേഷണം വഴിമുട്ടി നില്‍ക്കുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടല്‍. 

സെപ്റ്റംബര്‍ 29ന്, സിപിഎം ബ്രാഞ്ച് സമ്മേളനം നടക്കുന്നതിന്റെ തലേന്നായിരുന്നു സജീവന്റെ തിരോധാനം. മത്സ്യബന്ധനത്തിനായി പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങിയ സജീവനെ പിന്നീട് കാണാതാവുകയായിരുന്നു. അന്നേദിവസം വൈകിട്ടുതന്നെ ബന്ധുക്കള്‍ അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. സിപിഎം പ്രാദേശിക നേതാക്കളെ ഉള്‍പ്പെടെ വിശദമായി ചോദ്യം ചെയ്‌തെങ്കിലും കേസില്‍ പുരോഗതിയുണ്ടായില്ല. ഇതേത്തുടര്‍ന്നാണ് സജീവന്റെ ഭാര്യ സജിത ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തത്. ബ്രാഞ്ച് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ സജീവനെ തട്ടിക്കൊണ്ടുപോയതാണെന്നാണ് സജിതയുടെ ആരോപണം. പാര്‍ട്ടിയിലെ വിമതസംഘങ്ങളാണ് സജീവന്റെ തിരോധാനത്തിനു പിന്നിലെന്ന് വിശ്വസിക്കാന്‍ മതിയായ കാരണങ്ങളുണ്ട്. മാസങ്ങള്‍ പിന്നിട്ടിട്ടും അന്വേഷണത്തില്‍ യാതൊരു പുരോഗതിയുമില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ ഒക്ടോബറില്‍ ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചിരുന്നു. ഉടന്‍ നടപടിയുണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചെങ്കിലും, ഭര്‍ത്താവിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചില്ലെന്ന് സജിത ഹര്‍ജിയില്‍ പറയുന്നു.  

Also Read : സില്‍വര്‍ ലൈന്‍ പദ്ധതി: 13,265 കോടിയുടെ നഷ്ടപരിഹാര പാക്കേജ്; അറിയേണ്ടതെല്ലാം 

കാണാതായ തന്റെ ഭര്‍ത്താവ് എവിടെയാണെന്ന് അന്വേഷിക്കേണ്ടത് സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെയും പോലീസ് സൂപ്രണ്ടിന്റെയും നിയമപരമായ കടമയായതിനാല്‍, വിഷയത്തില്‍ അവര്‍ സ്വീകരിക്കുന്ന അലസ സമീപനം നിയമവിരുദ്ധമാണെന്ന് ഹരജിക്കാരന്‍ കോടതിയില്‍ വാദിച്ചു. തുടര്‍ന്നാണ് കേസ് അന്വേഷണത്തിന്റെ ഇതുവരെയുള്ള പുരോഗതി അറിയിക്കാന്‍ ഡിവിഷന്‍ ബെഞ്ച് പൊലീസിനോട് ആവശ്യപ്പെട്ടത്. 

സിപിഎം പാര്‍ട്ടി സമ്മേളനവുമായി ബന്ധപ്പെട്ട് വിഭാഗീയത നിലനില്‍ക്കുന്ന ലോക്കല്‍ കമ്മിറ്റികളിലൊന്നാണ് തോട്ടപ്പള്ളി. മുമ്പും സമ്മേളന കാലയളവില്‍ പാര്‍ട്ടി അംഗങ്ങളെ കാണാതായിട്ടുണ്ടെങ്കിലും സമ്മേളനത്തിനുശേഷം അവര്‍ തിരികെയെത്താറുണ്ടായിരുന്നു. എന്നാല്‍, സജീവന്റെ കാര്യത്തില്‍ അത് സംഭവിക്കാതിരുന്നതോടെയാണ് ബന്ധുക്കള്‍ പാര്‍ട്ടിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. കരിമണല്‍ ഖനന വിരുദ്ധസമിതിയുടെ സജീവ പ്രവര്‍ത്തകന്‍ കൂടിയായിരുന്ന സജീവന്റെ തിരോധാനത്തിനു പിന്നില്‍ സിപിഎമ്മിലെ വിഭാഗീയതയാണെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. തുടര്‍ന്ന് പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് ചോദ്യം ചെയ്യുകയും മൊഴിയെടുക്കുകയും ചെയ്തിരുന്നു. 

Also Read : 'പിണറായി രാജാവ്'; സതീശന്‍ സര്‍ക്കാരിന്റെ അടുത്തയാള്‍, പ്രതിപക്ഷ നേതാവിനും മുഖ്യമന്ത്രിക്കുമെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍

സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ ജി. സുധാകരന്‍ കുടുംബാംഗങ്ങളോടൊപ്പം ജില്ലാ പൊലീസ് മേധാവിയെ സന്ദര്‍ശിച്ചിരുന്നെങ്കിലും കേസില്‍ കാര്യമായ പുരോഗതിയുണ്ടായില്ല. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും സജീവന്റെ വീട് സന്ദര്‍ശിച്ചിരുന്നു. കേസ് സിബിഐ അന്വേഷിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. സജീവന്റെ കുടുംബത്തിന് നിയമസഹായം നല്‍കുന്നതിനായി ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തെയും അദ്ദേഹം ചുമതലപ്പെടുത്തിയിരുന്നു. വിമര്‍ശനങ്ങള്‍ ശക്തമാകുമ്പോഴും, ശക്തമായ അന്വേഷണം നടക്കുന്നുണ്ടെന്നാണ് അമ്പലപ്പുഴ പൊലീസിന്റെ പ്രതികരണം.