കേരളത്തില്‍ മങ്കിപോക്സ്: കേന്ദ്രസംഘം ഇന്നെത്തും, അതീവ ജാഗ്രതയില്‍ സംസ്ഥാനം, അറിയേണ്ടതെല്ലാം

വിദേശത്ത് നിന്ന് കേരളത്തിലെത്തിയയാള്‍ക്ക് വാനര വസൂരിയുടെ (മങ്കിപോക്സ്) ലക്ഷണങ്ങള്‍ കണ്ടതോടെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്. രോഗലക്ഷണമുള്ളയാളെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ഇദ്ദേഹത്തിന്റെ സാമ്പിള്‍ പരിശോധനക്ക് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയതായും ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

രാജ്യത്ത് ആദ്യമായി മങ്കി പോക്സ് സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയില്‍ സംസ്ഥാനം. മങ്കി പോക്സിന്റെ സമാന ലക്ഷണങ്ങളുള്ളവരെ കണ്ടെത്തി പരിശോധന നടത്താനാണ് തീരുമാനം. നിരീക്ഷണവും ശക്തമാക്കും. വിദേശത്ത് നിന്നെത്തു വര്‍ക്ക് രോഗലക്ഷണങ്ങളുണ്ടെങ്കില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സ തേടണം. സംശയിക്കപ്പെടുന്ന രോഗികളുടെ സാംപിളുകള്‍ വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കും.
രോഗം സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യ നില തൃപ്തികരമാണ്.
അടുത്ത ബന്ധുക്കളും വിമാനത്തില്‍ അടുത്തിരുന്നവരും നിരീക്ഷണത്തിലാണ്. ഇന്‍കുബേഷന്‍ പിരീഡ് 13 മുതല്‍ 21 ദിവസം വരെ നീളാം. കൂടുതല്‍ ദിവസങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സമ്പര്‍ക്കത്തിലുള്ളവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേന്ദ്ര സംഘം എത്തും
സംസ്ഥാനത്ത് മങ്കി പോക്സ് സ്ഥിരീകരിച്ചതിനു പിന്നാലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തും. സംസ്ഥാനത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ വകുപ്പിന് വേണ്ട നിര്‍ദേശങ്ങളും സഹായങ്ങളും സംഘം നല്‍കും.
ഡല്‍ഹിയിലെ നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോളിലെ (എന്‍സിഡിസി) ജോയിന്റ് ഡയറക്ടര്‍ ഡോ. സാങ്കേത് കുല്‍ക്കര്‍ണി, ഡല്‍ഹിയിലെ ഡോ. ആര്‍എംഎല്‍ ഹോസ്പിറ്റലിലെ മൈക്രോബയോളജി വകുപ്പിലെ അസോസിയേറ്റ് പ്രഫസര്‍ ഡോ. അരവിന്ദ് കുമാര്‍ അച്ഛ്റ, ഡെര്‍മറ്റോളജിസ്റ്റ് ഡോ. അഖിലേഷ് തോലേ, കേരളത്തിലെ ആരോഗ്യ കുടുംബക്ഷേമ കോഴിക്കോട് മേഖലാ അഡ്വസര്‍ ഡോ. പി രവീന്ദ്രന് എന്നിവര്‍ക്ക് പുറമേ ആരോഗ്യമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും അടങ്ങുന്നതാണ് കേന്ദ്രസംഘം. സംഘം സംസ്ഥാന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് രോഗത്തെ നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
എന്താണ് മങ്കിപോക്സ്
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്സ് അഥവാ വാനരവസൂരി. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നതാണിത്, രോഗ തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി മങ്കി പോക്സ് ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി കുരങ്ങുകളില്‍ രോഗം സ്ഥിരീകരിച്ചത്. 1970ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ 9 വയസുള്ള ആണ്‍കുട്ടിയിലാണ് മനുഷ്യരില്‍ മങ്കി പോക്സ് ആദ്യമായി കണ്ടെത്തിയത്.
രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങള്‍ എന്നിവ വഴി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് മങ്കി പോക്സ് പകരാം. അണ്ണാന്, എലികള്‍, വിവിധ ഇനം കുരങ്ങുകള്‍ എന്നിവയുള്‍പ്പെടെ നിരവധി മൃഗങ്ങളില്‍ മങ്കി പോക്സ് വൈറസ് അണുബാധയുടെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്.
രോഗിയുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കാണ് ഇത് പകരുന്നത്. ഫിസിക്കല്‍ കോണ്ടാക്ട്, മാസ്ക് വെയ്ക്കാതെ അടുത്ത പെരുമാറിയാല്‍ തുടങ്ങിയ രീതികള്‍ വഴിയാണ് രോഗം പകരുന്നത്. സമ്പര്‍ക്കമുണ്ടായാല്‍ 21 ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ കാണാനാകും
രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ക്ഷതങ്ങള്‍, ശരീര സ്രവങ്ങള്‍, ശ്വസന തുള്ളികള്‍, കിടക്ക പോലുള്ള വസ്തുക്കള്‍ എന്നിവയുമായുള്ള അടുത്ത സമ്പര്‍ക്കം, രോഗം ബാധിച്ചയാളുമായുള്ള ലൈംഗിക ബന്ധം എന്നിവയിലൂടെ മങ്കി പോക്സ് വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.
പ്ലാസന്റ വഴി അമ്മയില്‍ നിന്ന് കുഞ്ഞിലേക്കോ അല്ലെങ്കില്‍ ജനനസമയത്തോ, അതിനുശേഷമോ കുഞ്ഞുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയും രോഗസംക്രമണം സംഭവിക്കാം. ലോകമെമ്പാടും വസൂരിക്കുള്ള വാക്സിനേഷന് നിര്‍ത്തലാക്കിയതിനാല്‍ പൊതുജനങ്ങളില്‍ വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയുന്നത് മങ്കി പോക്സിനെക്കെതിരെയുള്ള പ്രതിരോധശേഷി കുറയ്ക്കുന്നതിനും കാരണമായേക്കാം.
പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. പനി വന്ന് 13 ദിവസത്തിനുള്ളില്‍ ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്‍ജങ്ക്റ്റിവ, കോര്‍ണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു
വൈറല്‍ രോഗമായതിനാല്‍ മങ്കി പോക്സിന് പ്രത്യേക ചികിത്സ ലഭ്യമല്ല. രോഗലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിനും, രോഗം മൂലമുണ്ടാകുന്ന സങ്കീര്‍ണതകള്‍ കൈകാര്യം ചെയ്യുന്നതിനും, ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ തടയുന്നതിനും മങ്കി പോക്സിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. മങ്കി പോക്സിന് വാക്സിനേഷന് നിലവിലുണ്ട്.