മോന്‍സണ്‍ മാവുങ്കല്‍ വീണ്ടും റിമാന്‍ഡില്‍; തട്ടിപ്പുമായി ബന്ധപ്പെട്ട്  കൂടുതല്‍ വിവരങ്ങള്‍ പുറത്ത് 

 
monson-mavunkal

സാമ്പത്തിക തട്ടിപ്പു കേസില്‍ മോന്‍സണ്‍ മാവുങ്കല്‍ അറസ്റ്റിലായതിന് പിന്നാലെ ദിനം പ്രതി കൂടുതല്‍ തട്ടിപ്പ് കഥകള്‍ പുറത്ത് വരുകയാണ്. രണ്ട് സിനിമാനടിമാരുടെ വിവാഹച്ചെലവുകളും മോണ്‍സണ്‍ വഹിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഇവ കൂടാതെ  പല ഉന്നതരുടേയും പിറന്നാള്‍ ആഘോഷങ്ങളും കൊച്ചിയിലെ പല പഞ്ചനക്ഷത്ര ഹോട്ടലുകളിലായി മോന്‍സന്‍ സ്വന്തം ചെലവില്‍ സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടികളില്‍ സിനിമാതാരങ്ങളും പൊലീസ് ഉന്നതരും എത്തിയിരുന്നതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. തട്ടിപ്പ് പണത്തില്‍ ഏറെയും മോണ്‍സണ്‍ ചെലവാക്കിയത് ആഡംബരങ്ങള്‍ക്കായണെന്നാണ് വിവരം.

ലക്ഷക്കണക്കിന് രൂപയാണ് ആഘോഷ പരിപാടികള്‍ക്കായി മോണ്‍സന്‍ ചെലവാക്കിയതെന്നാണ് വിവരം. വജ്രവ്യാപാരി, വന്‍ സുരക്ഷയുള്ള വിവിഐപി എന്നിങ്ങനെയാണ് പല ഹോട്ടലുകളിലും മോണ്‍സനെ ഒപ്പമുള്ളവര്‍ അവതരിപ്പിച്ചിരുന്നത്. പ്രമുഖരുമായെല്ലാം ബന്ധം പുലര്‍ത്തുന്നതിനായിരുന്നു ഇത്തരം ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിരുന്നതായാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.

ഇതിനിടെ മോന്‍സന്‍ മാവുങ്കലുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന പ്രവാസി വനിത അനിത പുല്ലയിലിന്റെ പേരും മാധ്യമങ്ങളില്‍ നിറഞ്ഞു. വാര്‍ത്തകള്‍ പലതും പ്രചരിച്ചതോടെ വിശദീകരണവുമായി അനിത രംഗത്തെത്തുകയും ചെയ്തു. മോണ്‍സണ്‍ തട്ടിപ്പ്കാരനെന്ന് തനിക്കറിയില്ലായിരുന്നുവെന്നും അയാളുമായി സൗഹൃദം സ്ഥാപിച്ചത് അതറിയാതെയാണെന്നുമാണ് അനിത പുല്ലയിലിന്റെ പ്രതികരണം. തൃശൂര്‍ മാള സ്വദേശിയായ അനിത ഇറ്റാലിയന്‍ സ്വദേശിയെ വിവാഹം കഴിച്ച് കഴിഞ്ഞ 23 വര്‍ഷമായി അവിടെയാണു താമസിക്കുന്നത്. പ്രവാസി മലയാളി ഫെഡറേഷന്‍ (പിഎംഎഫ്) ഗ്ലോബല്‍ വനിത കോഓര്‍ഡിനേറ്ററും ലോക കേരള സഭാ അംഗവുമാണ്. മറ്റുള്ളവരെ പറ്റിച്ചതു പോലെ താനും മോന്‍സന്റെ തട്ടിപ്പിനിരയായെന്നും പിന്നീട് കാര്യങ്ങള്‍ മനസ്സിലായപ്പോള്‍ അകന്നുവെന്നും അനിത പറയുന്നു.

മോന്‍സന്റെ സുഹൃത്തായത് കൊണ്ട് തന്നെ അനിതയുടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധമാണ് വിവാദമായത്. എന്നാല്‍ പ്രവാസി മലയാളികളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താനായാണ് താന്‍ മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ, എഡിജിപി മനോജ് ഏബ്രഹാം ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായെല്ലാം ഇടപ്പെട്ടതെന്നാണ് ഇവര്‍ പ്രതികരിച്ചത്. 

അതേസമയം, മോൻസൺ മാവുങ്കലിന് സെക്സ് റാക്കറ്റ് നടത്തിപ്പെന്നും ആരോപണം. ചെന്നൈയിലെ വസതിയിലടക്കം വിദ്യാർത്ഥിനികളെ എത്തിച്ചായിരുന്നു ഇതെന്ന് ശ്രീവത്സം ഗ്രൂപ്പ് മാനേജർ ഷാജി ചേറായി ആരോപിച്ചു. ബിസിനസുകാരെയടക്കം ഹണി ട്രാപ്പിലൂടെ മോൻസൺ ചതിക്കുഴിയിൽ വീഴ്ത്തിയെന്ന വിവരങ്ങൾ പുറത്ത് വരുന്നതിനിടയിലാണ് ഗുരുതര ആരോപണവുമായി ശ്രീവത്സം ഗ്രൂപ്പ് മാനേജർ ഷാജി രംഗത്തുവന്നത്.

കേസില്‍ മോന്‍സണ്‍ മാവുങ്കലിനെതിരെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്. 10 കോടിയിലേറെ രൂപ മോന്‍സണ് കൈമാറിയിട്ടുണ്ടെന്നാണ് പരാതിക്കാര്‍ പറയുന്നത്. എന്നാല്‍ നേരിട്ട് കൈപ്പറ്റിയ പണത്തെക്കുറിച്ച് മോന്‍സണ്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറായിട്ടില്ല. മോന്‍സണ് കേരളത്തില്‍ നിക്ഷേപം കുറവാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്ത് ഇയാള്‍ക്ക് നിക്ഷേപമുണ്ടോ എന്ന് ക്രൈം ബ്രാഞ്ച് പരിശോധിച്ചുവരികയാണ്. അതിനിടെ, മോന്‍സന്റെ പുരാവസ്തു മ്യൂസിയത്തിലെ ശില്‍പ്പങ്ങളും വിഗ്രഹങ്ങളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു.  ശിൽപി സുരേഷിന്റെ പരാതിയിലാണ് നടപടി. വിശ്വരൂപം അടക്കമുള്ള ശിൽപങ്ങളാണ് പിടിച്ചെടുത്തത്. ശില്‍പ്പി സുരേഷ് മോന്‍സന് നിര്‍മ്മിച്ച് നല്‍കിയ എട്ട് ശില്‍പ്പങ്ങളും വിഗ്രഹങ്ങളും റെയ്ഡില്‍ കണ്ടെത്തി. പുലര്‍ച്ചയോടെയാണ് ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയത്.

അതേസമയം മോന്‍സണെ ഒരാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. മോന്‍സനെ രണ്ടുതവണ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ശില്‍പ്പിയെ വഞ്ചിച്ച് പണം നല്‍കാത്തതിന്റെ കേസില്‍ തിരുവനന്തപുരം ക്രൈംബ്രാഞ്ച് മോന്‍സനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.