ബാങ്ക് രേഖകള്‍ കൃത്രിമം; കൂടുതല്‍ കേസുകള്‍, മോന്‍സണ്‍ മാവുങ്കലിന്റെ കസ്റ്റഡി നീട്ടി

 
monson-mavunkal

പുരാവസ്തു തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കല്‍ ഹാജരാക്കിയിരുന്ന ബാങ്ക് രേഖകള്‍ കൃത്രിമമാണെന്ന് ബാങ്കുകള്‍ സ്ഥിരീകരിച്ചതായി ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു. കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന ആവശ്യം കോടതി അംഗീകരിച്ചതോടെ മോന്‍സണ്‍ മൂന്നു ദിവസം കൂടി ക്രൈംബ്രാഞ്ച്  കസ്റ്റഡിയില്‍ തുടരും.

മോന്‍സനെതിരെ നാലു കേസുകള്‍ റജിസ്റ്റര്‍ ചെയ്‌തെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് ഷെമീര്‍, യാക്കൂബ് എന്നിവരുടെ പരാതികള്‍, ഭൂമി തട്ടിപ്പിനെക്കുറിച്ച് പാലാ സ്വദേശി രാജീവിന്റെ പരാതി, ചാനല്‍ ചെയര്‍മാന്‍ ചമഞ്ഞതിനെക്കുറിച്ച് 'സംസ്‌കാര ടിവി' ഉടമകളുടെ പരാതി എന്നിവയുടെ അടിസ്ഥാനത്തിലാണ് നാലു കേസുകള്‍. നിലവിലുണ്ടായിരുന്ന സാമ്പത്തിക തട്ടിപ്പു കേസില്‍, ഫെമ ഇടപാടുമായി ബന്ധപ്പെട്ട് മോണ്‍സണ്‍ ഹാജരാക്കിയിരുന്ന മുഴുവന്‍ രേഖകളും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

അയേസമയം തന്റെ കൈയില്‍ ഇപ്പോള്‍ നയാപൈസയില്ലെന്നാണ് മോന്‍സണ്‍ ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ പറഞ്ഞത്. കൈയിലുണ്ടായിരുന്ന പണമെല്ലാം ധൂര്‍ത്തടിച്ചു, അക്കൗണ്ടില്‍ 200 രൂപ മാത്രമാണ് ഉള്ളത്,  പരാതിക്കാരില്‍ നിന്ന് പത്ത് കോടി വാങ്ങിയിട്ടില്ലെന്നും മോന്‍സന്‍ പറഞ്ഞു. പാസ്‌പോര്‍ട്ട് പോലുമില്ലാതെയാണ് മോന്‍സന്‍ പ്രവാസി സംഘടനയുടെ രക്ഷാധികാരിയായതെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 

തട്ടിപ്പ് പണമുപയോഗിച്ച് പലയിടത്തു നിന്ന് പുരാവസ്തുക്കള്‍ വാങ്ങി. തട്ടിപ്പ് പണംകൊണ്ട് പള്ളിപ്പെരുന്നാള്‍ നടത്തി, ഇതിനായി ഒന്നരക്കോടി ചെലവായി,' മോന്‍സന്‍ പറഞ്ഞു. തനിക്ക് പാസ്പോര്‍ട്ടില്ലെന്നും ഇന്ത്യയ്ക്ക് പുറത്തേക്ക് സഞ്ചരിച്ചിട്ടില്ലെന്നും മോന്‍സന്‍ പറയുന്നു. വീട്ടുവാടകയായി മാസം 50000 രൂപയും കറന്റ് ബില്ല് ശരാശരി പ്രതിമാസം 30000 രൂപയും ചെലവാക്കി. സ്വകാര്യ സുരക്ഷയ്ക്കുള്‍പ്പെടെ ശരാശരി മാസച്ചെലവ് ഇരുപത്തിയഞ്ച് ലക്ഷം വരുമെന്നും തട്ടിപ്പുപണംകൊണ്ട് കാറുകള്‍ വാങ്ങിക്കൂട്ടിയെന്നും  പണം തന്നവര്‍ക്ക് പ്രതിഫലമായി കാറുകള്‍ നല്‍കിയിട്ടുണ്ടെന്നും മോന്‍സണ്‍  ചോദ്യം ചെയ്യലില്‍ പറഞ്ഞതായുള്ള റിപോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 

അതേസമയം മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട്  ചാനലുകളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് കെപിസിസി വക്താക്കള്‍ക്ക്  കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശം നല്‍കിതയാണ് വിവരം. കെപിസിസി അധ്യക്ഷന്‍ കെ സുധാകാരനെ മാത്രം ചര്‍ച്ചകള്‍ ലക്ഷ്യം വെക്കുന്നുവെന്നും അതിനാല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് വിശദീകരണം. മോണ്‍സണ്‍ മാവുങ്കല്‍ വിവാദത്തില്‍ കെ സുധാകരനെതിരെയും ആരോപണമുയര്‍ന്നിരുന്നു. ഇടപാടില്‍ പങ്കുണ്ടെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം. എന്നാല്‍ ഇത് തള്ളിയ സുധാകരന്‍, തനിക്ക് മോന്‍സനെ പരിചയമുണ്ടെങ്കിലും പരാതിക്കാര്‍ ഉന്നയിക്കുന്ന ഇടപാടുകളിലോ മറ്റ് കാര്യങ്ങളിലോ പങ്കില്ലെന്നാണ് പറഞ്ഞത്.