മോന്‍സന്റെ പൊലീസ് ബന്ധം ഇന്റലിജന്‍സ് അന്വേഷിക്കും; കൂടുതല്‍ തട്ടിപ്പുകള്‍ പുറത്ത് 

 
monson

ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലുള്ള പുരാവസ്തു വില്‍പന തട്ടിപ്പുക്കാരന്‍ മോന്‍സണ്‍ മാവുങ്കലുമായി ബന്ധമുണ്ടെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം. പൊലീസ് ആസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നതിന് ശേഷമാണ്  ഉദ്യോഗസ്ഥര്‍ക്കെതിരേ ഇന്റലിജന്‍സ് അന്വേഷണത്തിന് ഡിജിപി നിര്‍ദേശം നല്‍കിയത്. മോണ്‍സനുമായി ബന്ധമുണ്ടെന്ന് പറയുന്ന ഐ.ജി. ലക്ഷ്മണ, മുന്‍ ഡി.ഐ.ജി. സുരേന്ദ്രന്‍, എറണാകുളം എ.സി.പി. ലാല്‍ജി തുടങ്ങിയവരാണ് അന്വേഷണപരിധിയിലുള്ളത്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി തീരുമാനിക്കുക.  

മോണ്‍സണ്‍ മാവുങ്കല്‍ തനിക്കെതിരേയുള്ള കേസിന്റെ വിവരങ്ങളറിയാന്‍ ഉന്നത ഉദ്യോഗസ്ഥരെ പലതവണ ബന്ധപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. മോണ്‍സനെതിരായ കേസുകളുടെ വിവരങ്ങളും മറ്റും പോലീസുകാര്‍ തന്നെ ഇയാള്‍ക്ക് ചോര്‍ത്തിനല്‍കുകയായിരുന്നുവെന്നാണ് ആരോപണം.  തനിക്കെതിരേ പരാതികള്‍ ഉയര്‍ന്നുതുടങ്ങിയത് മുതലാണ് ഇയാള്‍ നിരന്തരം പൊലീസുകാരില്‍നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയിരുന്നത്. 

അതേസമയം മോന്‍സണ്‍ മാവുങ്കലിന്റെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. മൂന്ന് ദിവസത്തേക്കാണ് മോന്‍സനെ ക്രൈം ബ്രാഞ്ചിന് കസ്റ്റഡിയില്‍ ലഭിച്ചത്. തൃപ്പൂണിത്തുറ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യല്‍. പുരാവസ്തുത്തട്ടിപ്പ് കേസില്‍ പരാതിക്കാരായ നാലുപേരില്‍ നിന്നും ക്രൈബ്രാഞ്ച് ഇന്ന് മൊഴിയെടുക്കും. എം ടി ഷമീര്‍, യാക്കൂബ് പുറായില്‍, അനൂപ് വി അഹമ്മദ്, സലീം എടത്തില്‍ എന്നിവരാണ് എറണാകുളം ക്രൈബ്രാഞ്ച് ഓഫിസില്‍ ഹാജരായി മൊഴി നല്‍കുക. മോന്‍സന്റെ ബാങ്ക് ഇടപാടുകള്‍ അടക്കം പരിശോധിച്ച ശേഷം തെളിവെടുപ്പ് നടത്താനാണ് തീരുമാനം. 

മോണ്‍സന്‍ മാവുങ്കല്‍ നിരവധി മേഖലകളില്‍ വ്യാപകമായ തട്ടിപ്പ് നടത്തിയെന്ന് ആക്ഷേപം. ടിവി സംസ്‌കാര എന്ന ചാനലിന്റെ പേരിലും, നിക്ഷേപങ്ങള്‍ വാഗ്ദാനം ചെയ്തും. ഭൂമി ഇടപാടിലും ഇയാള്‍ തട്ടിപ്പ് നടത്തിയെന്നാണ് ഏറ്റവും പുതിയ വിവരം. ടി വി സംസ്‌കാരയുടെ ചെയര്‍മാന്‍ എന്നാണ് മോന്‍സണ്‍ അവകാശപ്പെട്ടത്. ചാനലുമായി ബന്ധപ്പെട്ട് നടന്ന 8 കോടിയുടെ തട്ടിപ്പിലും മോന്‍സന് പങ്കുണ്ടെന്നാണ് സംശയം. ചാനലിന്റെ ഉടമസ്ഥന്‍ എന്ന അവകാശപ്പെട്ടായിരുന്നു മോന്‍സണ്‍ ഇടപാടുകള്‍ നടത്തിയത്. താന്‍ ചാനലിന്റെ ചെയര്‍മാനാണെന്ന് അവകാശപ്പെടുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ മോന്‍സന്റെ അവകാശവാദങ്ങള്‍ വ്യാജമെന്ന് കാണിച്ച് ഉടമസ്ഥര്‍ ഡിജിപിക്ക് പരാതി നല്‍കിയിരിക്കുകയാണ്.

ഇതിന് പിന്നാലെയാണ് മോന്‍സണ്‍ 2012ല്‍ കബളിപ്പിക്കാന്‍ ശ്രമിച്ചതായി വ്യവസായി എന്‍ കെ കുര്യന്റെ വെളിപ്പെടുത്തല്‍. കോട്ടയത്തെ മാംഗോ മെഡോസ് പാര്‍ക്കില്‍ മുതല്‍ മുടക്കാന്‍ തയ്യാറാണെന്ന് വാഗ്ദാനം ചെയ്തെന്നാണ് കുര്യന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നത്
സുഹൃത്ത് ഹാഷിം വഴിയാണ് മോന്‍സണ്‍ ബന്ധപ്പെട്ടത് മാംഗോ മെഡോസ് പാര്‍ക്കില്‍ നിക്ഷേപിക്കാമെന്ന് വാഗ്ദാനം നല്‍കി. ഫണ്ട് ലഭ്യമാക്കാന്‍ തടസം ഉണ്ടായെന്ന് പിന്നീട് അറിയിച്ചു. ഇതിന് പിന്നാലെ തടസം നീക്കാന്‍ എട്ട് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും എന്‍ കെ കുര്യന്‍ പറയുന്നു.

മോന്‍സനെതിരെ പരാതിയുമായി ആശാരിയും രംഗത്തെത്തി.പ്രതിമകള്‍ നിര്‍മിച്ചതിന്റെ പണം നല്‍കിയില്ലെന്നാണ് പരാതി. പ്രതിമകള്‍ നിര്‍മ്മിക്കാന്‍ 80 ലക്ഷം രൂപയ്ക്കായിരുന്നു കരാറുണ്ടാക്കിയത്. എന്നാല്‍ 7 ലക്ഷം രൂപമാത്രമായിരുന്ന നല്‍കിയത് എന്നാണ് ആക്ഷേപമെന്ന് മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടിപ്പു സുല്‍ത്താന്റെത് എന്ന് അവകാശപ്പെട്ട് മോന്‍സണ്‍ പ്രമുഖരെ ഉള്‍പ്പെടെ ഇരുത്തി ഫോട്ടോയെടുപ്പിച്ച സിംഹാസനം നിര്‍മ്മിച്ചത് ചേര്‍ത്തതല സ്വദേശിയായ ആശാരിയാണ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കുറഞ്ഞ വിലയ്ക്ക് പഴയ ടെലിവിഷനുകള്‍ എത്തിച്ചു നല്‍കാമെന്ന് വാഗ്ദാനം നല്‍കി ഇടുക്കിയില്‍ നിന്നാണ് മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പുകളുടെ തുടക്കം. എന്നാല്‍ പണം നഷ്ടപ്പെട്ടവര്‍ പരാതി നല്‍കാത്തതിനാല്‍ മോന്‍സന് പിടിവീണില്ല. പിന്നെ വാഹന വില്‍പനയിലൂടെ തട്ടിപ്പ് വിപുലീകരിച്ചു. കുറഞ്ഞ നിരക്കില്‍ കാര്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞായിരുന്നു ഇത്. ഇതിനുപുറമെ ഇടുക്കി രാജാക്കാടുള്ള ജ്വല്ലറി ഉടമക്ക് സ്വര്‍ണം എത്തിച്ചുനല്‍കാമെന്ന് പറഞ്ഞും ലക്ഷങ്ങള്‍ തട്ടിയതായി ആരോപണമുണ്ട്.