മോന്‍സണ്‍ ഒക്ടോബര്‍ ഏഴ് വരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍; ആനക്കൊമ്പു കാണുമ്പോള്‍ പൊലീസ് അന്വേഷിക്കണ്ടേയെന്ന് കോടതി 


 

 
monson

സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിനെ മൂന്ന് ദിവസത്തേക്ക് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റ് പാട്ടത്തിന് നൽകാമെന്ന് വാഗ്ദാനം നൽകി പണം തട്ടിയെന്ന പാലാ സ്വദേശി രാജീവിന്റെ പരാതിയിലുള്ള അന്വേഷണത്തിനാണ് മോൻസണിനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയത്. വിശദമായി ചോദ്യംചെയ്യണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം അംഗീകരിച്ചാണ് കോടതി കസ്റ്റഡി അനുവദിച്ചത്. 

മോന്‍സണ്‍ മാവുങ്കലിന്റെ സാമ്പത്തിക ഇടപാടുകള്‍ ദുരൂഹമാണ്  സ്വന്തം അക്കൗണ്ട് വഴിയല്ല മോൻസൺ ഇടപാടുകൾ നടത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ആര് വഴിയാണ് ഇടപാടുകൾ നടത്തിയത് എന്നതിൽ വ്യക്തത വരുത്തേണ്ടതുണ്ട്. അതിനായി മോൻസണെ വിശദമായി ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. 

അതേസമയം മോൻസണുമായി ബന്ധപ്പെട്ട വിഷയത്തിൽ പൊലീസിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. ഇതിനിടെ, മോന്‍സന് പൊലീസ് സുരക്ഷ കിട്ടിയത് എങ്ങനെയെന്ന് കോടതി ചോദിച്ചു. പൊലീസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. മോൻസണെതിരെ പരാതി നൽകിയതിനെ തുടർന്നു പൊലീസ് പീഡിപ്പിക്കുകയാണ് എന്നു കാണിച്ച് ഇയാളുടെ മുൻ ഡ്രൈവർ നൽകിയ പരാതി പരിഗണിക്കുമ്പോഴാണ് കോടതി പൊലീസിനെ വിമര്‍ശിച്ചത്‌. . തട്ടിപ്പുകാർക്ക് പൊലീസ് സംരക്ഷണം നൽകുമ്പോൾ ഇവരുടെ വിശ്വാസ്യത വർധിക്കുന്നതിനും തട്ടിപ്പുകൾ സുഗമമായി നടത്താൻ ഇതു സഹായിക്കുമെന്നായിരുന്നു.  മോന്‍സണ്‍ പറയുന്നത് ആരും വിശ്വസിച്ചുപോകുമെന്നും എല്ലാ റാങ്കിലും ഉള്‍പ്പെട്ട ഉദ്യോഗസ്ഥരും മോന്‍സണിന്റെ കെണിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. മോൻസണുമായി അടുപ്പമുള്ള പൊലീസ് ഉദ്യോഗസ്ഥർ ഇപ്പോഴും സർവീസിലുണ്ട്. ആനക്കൊമ്പ് കാണുമ്പോൾ അതിനെ കുറിച്ച് പൊലീസ് അന്വേഷിക്കണ്ടേ എന്നും കോടതി ചോദിച്ചു. ഇത് സംബന്ധിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് 26 നകം സമര്‍പ്പിക്കണമെന്നും കോടതി അറിയിച്ചു.

ക്രൈംബ്രാഞ്ചിന്റെ എറണാകുളം യൂണിറ്റ് രണ്ട് കേസുകളാണ് മോന്‍സണെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ കേസുകളിലെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കിയശേഷം ക്രൈംബ്രാഞ്ചിന്റെ തിരുവനന്തപുരം യൂണിറ്റും പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും. വിവിധ സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ആകെ അഞ്ച് കേസുകളാണ് മോന്‍സണെതിരേ നിലവിലുള്ളത്.