മോന്‍സണ്‍ മാവുങ്കലിന് ഉന്നതബന്ധങ്ങള്‍? പിന്നില്‍ കറുത്ത ശക്തികള്‍, ആരോപണങ്ങളെ പ്രതിരോധിച്ച് കെ. സുധാകരന്‍ 

 
k sudhakaran

പുരാവസ്തു മ്യൂസിയം തുടങ്ങാമെന്നും അതില്‍ പങ്കാളിയാക്കാമെന്നും പറഞ്ഞ് തട്ടിപ്പ് നടത്തി അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട കേസില്‍ പരാതിക്കാരുടെതുള്‍പ്പെടെ ആരോപണങ്ങള്‍ കൂടുതല്‍ സങ്കീര്‍ണതയിലേക്ക് എത്തുകയാണ്.  ഉന്നത രാഷ്ട്രീയ ബന്ധങ്ങളും  ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും മോന്‍സണ് അടുത്ത ബന്ധങ്ങളുണ്ടെന്നും ഈ അടുപ്പമാണ് കോടികളുടെ സാമ്പത്തിക തട്ടിപ്പിന്  മറയാക്കിയതെന്നുമുള്ള ആരോപണങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. മോന്‍സണ്‍ മാവുങ്കലിനായി  ഇടപെട്ടിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുമ്പോള്‍  ആരോപണങ്ങളെ പ്രതിരോധിച്ച്   കെ.സുധാകരന്‍ രംഗത്ത് വന്നു. 

ഇന്നലെയാണ് പുരാവസ്തു വില്‍പനയുമായി ബന്ധപ്പെട്ട് 10 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ചേര്‍ത്തല സ്വദേശിയായ മോന്‍സണിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശികളായ യാക്കൂബ് പുരയില്‍, അനൂപ്, ഷമീര്‍ തുടങ്ങി ആറ് പേരില്‍ നിന്നായി 10 കോടി രൂപ തട്ടിയെടുത്തതായാണ് പരാതി.

ലോകത്തെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയം തുടങ്ങാമെന്നും അതില്‍ പങ്കാളിയാക്കാമെന്നും പറഞ്ഞാണ് മോന്‍സണ്‍ തട്ടിപ്പ് നടത്തിയതെന്നാണ് ഇരകളുടെ പരാതി. പുരാവസ്തുക്കള്‍ വിറ്റുകിട്ടിയ പണം വിദേശത്തുനിന്നും ഇന്ത്യയിലേക്കു കൊണ്ടുവരാന്‍ ഫെമ നിയമപ്രകാരം തടസ്സങ്ങളുണ്ട്. അതു നീക്കിക്കിട്ടാനാണ് മോന്‍സണ്‍ പണം വാങ്ങിയത്. പണം നല്‍കിയിട്ടും വിട്ടുകിട്ടാതായപ്പോഴാണ് ഇവര്‍ പരാതിയുമായി രംഗത്തു വന്നതും കൂടുതല്‍ തുക നല്‍കാന്‍ ആവില്ലെന്ന് അറിയിച്ചതും.

തട്ടിപ്പ് കേസിലെ ആരോപണങ്ങള്‍ നിഷേധിച്ച് കെപിസിസി. പ്രസിഡന്റ് കെ.സുധാകരന്‍

കെ.സുധാകരന്‍ എംപിയുടെ സാന്നിധ്യത്തിലാണ് മോന്‍സന്‍ മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയതെന്നാണ് പരാതിക്കാര്‍ ക്രൈംബ്രാഞ്ചിനെ രേഖാമൂലം അറിയിച്ചത്.. 2018 നവംബര്‍ 22 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് മോന്‍സന്റെ കലൂരിലുളള വീട്ടില്‍വെച്ച് കെ സുധാകരന്റെ സാന്നിധ്യത്തില്‍ 25 ലക്ഷം രൂപ കൈമാറിയെന്നാണ് പരാതിക്കാര്‍  അറിയിച്ചത്. എന്നാല്‍ തനിക്കെതിരെയുള്ള ഈ ആരോപണം നിഷേധിച്ച് രംഗത്ത് വന്നിരിക്കുകയാണ് സുധാകരന്‍. 

വിദേശത്ത് നിന്നെത്തിയ കോടികള്‍ കയ്യില്‍ കിട്ടാന്‍ ദില്ലിയിലെ ഗുപ്ത അസോസിയേറ്റ്‌സിന് അടിയന്തരമായി 25 ലക്ഷം രൂപ വേണമെന്ന് മോന്‍സന്‍ മാവുങ്കല്‍ ആവശ്യപ്പെട്ടു. സുധാകരന്റെ ഇടപെടലില്‍ പാര്‍ലമെന്റിലെ പബ്‌ളിക് ഫിനാന്‍സ് കമ്മിറ്റിയെക്കൊണ്ട് ഒപ്പിടുവിച്ച് പണംവിടുവിക്കുമെന്നും സംശയമുണ്ടെങ്കില്‍ തന്റെ വീട്ടിലേക്ക് വന്നാല്‍ മതിയെന്നും മോന്‍സന്‍  അറിയിച്ചു. നവംബര്‍ 22ന് കലൂരിലെ വീട്ടില്‍വെച്ച് സുധാകരന്റെ സാന്നിധ്യത്തില്‍ ദില്ലിലിലെ കാര്യങ്ങള്‍ സംസാരിച്ചെന്നും ഇതിന് തുടര്‍ച്ചയായി 25 ലക്ഷ രൂപ കൈമാറിയെന്നുമാണ് പരാതിയിലുളളത്. 

എന്നാല്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ചാണ് കെ.സുധാകരന്‍ രംഗത്ത് വന്നത്. 2018ലാണ് സംഭവമെങ്കില്‍ വേറെ ഏതോ കെ.സുധാകരന്‍ എംപിയാണെന്നാണ് തോന്നുന്നത്. 2018ല്‍ ഞാന്‍ എംപിയല്ലല്ലോ? 2019ല്‍ വേറെ ഏതെങ്കിലും കെ.സുധാകരന്‍ എംപിയുണ്ടോയെന്ന് എനിക്കറിയില്ല. പാലമെന്റ് ഏത് കമ്മറ്റിയിലാണ് ഞാന്‍ അംഗമായിരുന്നത് ? ഫിനാന്‍സ് കമ്മറ്റി എന്നാണ് പറയുന്നത്. ഏത് ഫിനാന്‍സ് കമ്മറ്റി ? ഞാന്‍ ജീവിതത്തില്‍ ഇതുവരെ ഒരു കമ്മറ്റില്‍ അംഗമായി ഇരുന്നിട്ടില്ല. എംപി ആയിരുന്ന കാലത്തും ആയിട്ടില്ല. എംപി അല്ലാത്തപ്പോള്‍ സ്വാഭാവികമായും അങ്ങനെ ഒരു കമ്മറ്റിയില്‍ വരില്ലല്ലോ? എല്ലാം ബാലിശമായ ആരോപണങ്ങളാണ്. 

22ന് ഉച്ചക്കാണ് പരാതിക്കാരനുമായി സംസാരിച്ചതെന്നാണ് പരയുന്നത്. സഹപ്രവര്‍ത്തകന്‍ ഷാനവാസ് മരിച്ചത് 21നാണ്. 22നാണ് ഖബറടക്കം. അത് കഴിയുമ്പോള്‍ തന്നെ മൂന്ന് മണിയായി. അതിന് ശേഷം അനുശോചന യോഗവും ചേര്‍ന്നാണ് ഷാനവാസിന്റെ മരണവിട്ടില്‍ നിന്ന് പോകുന്നത്. അപ്പോള്‍ രണ്ട് മണിക്ക് ചര്‍ച്ച നടത്തിയ സുധാകരനെ കണ്ടെത്തണം. ഈ പറയുന്ന തീയതിയില്‍ ഞാനാണ് സുധാകരനെങ്കില്‍ ഞാനന്ന് ഷാനവാസിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുകയാണ്. ഇതൊരു കെട്ടിച്ചമച്ച കഥയാണെന്നും അദ്ദേഹം ആരോപിച്ചു. 

കെ.സുധാകരന്‍ എം.പി നിരവധി തവണ മോന്‍സന്റെ വീട്ടില്‍ വന്നു നില്‍ക്കാറുണ്ടെന്നും പത്ത് ദിവസം ഇയാളുടെ വീട്ടില്‍ സുധാകരന്‍ താമസിച്ചതായും പരാതിക്കാര്‍ പറഞ്ഞിരുന്നു. കോസ്മറ്റോളജിസ്റ്റായ മോന്‍സിന്റെ ചികിത്സയില്‍ ആയിരുന്നു  സുധാകരനെന്നും പരാതിയില്‍ പറയുന്നുണ്ട്. എന്നാല്‍ ഡോക്ടര്‍ മോന്‍സണുമായി ബന്ധമുണ്ടെന്നും അദ്ദേഹത്തെ ഒരു ഡോക്ടര്‍ എന്ന നിലക്കാണ് കാണാന്‍ പോയതെന്നും അഞ്ചോ ആറോ തവണ വീട്ടില്‍ പോയിട്ടുണ്ട്, കണ്ടിട്ടുണ്ട്, സംസാരിച്ചിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നപ്പോഴാണ് അദ്ദേഹത്തിന്റെ വീട്ടിലെ പുരാവസ്തുക്കള്‍ കണ്ടത്. ഒരു വലിയ ശേഖരം അദ്ദേഹത്തിന്റെ വീട്ടിലുണ്ട്. കോടികള്‍ വിലയുള്ളത് എന്നാണ് അദ്ദേഹം പരിചയപ്പെടുത്തിയത്. അദ്ദേഹത്തെ കാണാന്‍ പോയി എന്നതിനപ്പുറത്ത് ഈ പറയുന്ന കക്ഷികളുമായി യാതൊരു ബന്ധവുമില്ല. തന്നോട് സംസാരിച്ചു എന്ന് പറയുന്ന വ്യക്തി കറുത്തിട്ടോ വെളുത്തിട്ടോ എന്ന് പോലും അറിയില്ലെന്നും മോന്‍സണിന്റെ വിട്ടില്‍വെച്ച് ഇത്തരം ചര്‍ച്ച ഒരു കാലത്തും നടത്തിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. അതേസമയം ആരോപണത്തിന് പിന്നില്‍ ഒരു കറുത്ത ശക്തിയുണ്ടെന്ന് വ്യക്തമാണ്. ഇതിന് പിന്നിലെ കറുത്ത ശക്തി മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസുമാണെന്ന് ശങ്കിച്ചാല്‍ കുറ്റംപറയാന്‍ പറ്റുമോ എന്നും സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. 

ഐജി ലക്ഷ്മണിന് കാരണം കാണിക്കല്‍ നോട്ടീസ്

ഇതിനിടെ മോന്‍സന്‍ മാവുങ്കലിനോട് അടുപ്പമുണ്ടെന്ന ആക്ഷേപം നേരിട്ട ഐജി ലക്ഷ്മണിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
എഡിജിപി മനോജ് എബ്രഹാമാണ് ഐജി ലക്ഷ്മണിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. മോന്‍സന്‍ മാവുങ്കലിനെതിരെ ഉയര്‍ന്ന സുപ്രധാനമായ ഒരു ആരോപണത്തിലെ അന്വേഷണം തടഞ്ഞു എന്നായിരുന്നു ആക്ഷേപം. മോന്‍സന്‍ മാവുങ്കലിനെതിരെ ആറ് കോടിയുടെ തട്ടിപ്പ് ആരോപണം ഉയര്‍ത്തി ബിസിനസ് ഗ്രൂപ്പ് നല്‍കിയ പരാതിയിലെ അന്വേഷണം ആലപ്പുഴ ക്രൈംബ്രാഞ്ചിന് കൈമാറിയത് റദ്ദാക്കാന്‍ ആവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്തെ എഐജിയ്ക്കായി ഐജി ലക്ഷ്മണ മെയില്‍ അയച്ചു എന്ന ആക്ഷേപത്തിലാണ് വിശദീകരണം തേടിയത്.

അതേസമയം മോന്‍സണിനൊപ്പം  കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, ഡി ഐ ജി സുരേന്ദ്രന്‍, മുന്‍ ഡി ജി പി ലോക്‌നാഥ് ബെഹ്‌റ, എഡിജിപി മനോജ് എബ്രഹാം, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, നടന്‍ മോഹന്‍ലാല്‍, കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റ് എന്നിവര്‍ നില്‍ക്കുന്ന
 ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്.