'ഹരിത'യുടെ പരാതിയില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് അറസ്റ്റില്‍

 
MSF PK Navas

പൊലീസ് ആവശ്യപ്പെട്ട പ്രകാരം നവാസ് സ്റ്റേഷനില്‍ എത്തിയത്

'ഹരിത'യുടെ പരാതിയില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് അറസ്റ്റില്‍. പരാതിയില്‍ മൊഴിയെടുക്കുന്നതിനായി നവാസിനെ പൊലീസ് വിളിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 

കോഴിക്കോട് ചെമ്മങ്ങാട് സ്റ്റേഷനില്‍ ഉച്ചയ്ക്ക് ഒന്നരയോടെയാണ് പൊലീസ് ആവശ്യപ്പെട്ട പ്രകാരം നവാസ് എത്തിയത്. മൊഴി നല്‍കാനും വിശദാംശങ്ങള്‍ നല്‍കാനുമാണ് തന്നെ വിളിപ്പിച്ചതെന്നായിരുന്നു ചോദ്യം ചെയ്യലിന് കയറുംമുമ്പ് നവാസ് പറഞ്ഞത്. മൊഴി രേഖപ്പെടുത്തിയതിനു പിന്നാലെ നവാസിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സ്റ്റേഷനില്‍നിന്ന് ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് നവാസിനുമേല്‍ ചുമത്തിയിരിക്കുന്നത്. ജാമ്യത്തിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞതായാണ് വിവരം. 

ജൂണ്‍ 22ന് കോഴിക്കോട് എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെ പി.കെ നവാസും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി. അബ്ദുല്‍ വഹാബും നടത്തിയ ലൈംഗിക അധിക്ഷേപം ചൂണ്ടിക്കാട്ടിയാണ് വനിതാ വിഭാഗമായ 'ഹരിത'യുടെ നേതാക്കള്‍ പരാതി നല്‍കിയത്. കമ്മിറ്റി യോഗത്തിന്റെ മിനിറ്റ്‌സ് ഹാജരാക്കാന്‍ പൊലീസ് നിര്‍ദേശിച്ചിരുന്നു. അതിനു പിന്നാലെയാണ് നവാസിന്റെ അറസ്റ്റ്.