മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140.35 അടി; ഇന്ന് തുറന്നേക്കും, ഇടുക്കിയില്‍ 2399.10 അടി

 
mullaperiyar

വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിച്ചതിന് പിന്നാലെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ  ജലനിരപ്പ് ഉയരുന്നതിനാല്‍ ഷട്ടറുകൾ ഇന്ന് തുറന്നേക്കും. അണക്കെട്ടിലെ ജലനിരപ്പ് 140.35 അടി ആയി ഉയര്‍ന്നിട്ടുണ്ട്. 141 അടിവരെയാണ് ഡാമില്‍ സംഭരിക്കാന്‍ കഴിയുന്ന അനുവദനീയമായ ജലനിരപ്പ്. ഈ അളവില്‍ ജലനിരപ്പ് എത്തുന്നതിന് മുമ്പ് തന്നെ തമിഴ്‌നാട് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനാണ് സാധ്യത.

അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി ആദ്യ ജാഗ്രതാ നിർദേശം ഞായറാഴ്ച നൽകിയിരുന്നു. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 2,250 ഘനയടിയായി ഉയർത്തിയിരുന്നു. എങ്കിലും രാത്രിയോടെ നീരൊഴുക്ക് ശക്തമായതാണ് ജലനിരപ്പ് ഉയരാനിടയാക്കിയത്. മുല്ലപ്പെരിയാർ തുറക്കുന്നത് കണക്കിലെടുത്ത് ഇടുക്കി അണക്കെട്ടിന്റെ ഒരു ഷട്ടർ തുറന്നിരുന്നു. കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കുന്നതിൽ ഇന്ന് തീരുമാനം ഉണ്ടാകും. നിലവിൽ ഇടുക്കി ഡാമിന്റെ ഒരു ഷട്ടർ 40 സെന്റീമീറ്ററാണ് തുറന്നിരിക്കുന്നത്. സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ വെള്ളമാണ് ഇതിലൂടെ ഒഴുക്കിവിടുന്നത്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് നിലവില്‍ 2399.10 അടിയാണ്. ഇനിയും വൃഷ്ടിപ്രദേശത്ത് ഇതേരീതിയില്‍ നീരൊഴുക്ക് തുടരുകയാണെങ്കില്‍ രണ്ടു ഷട്ടറുകളും ഉയര്‍ത്തേണ്ടി വരുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്.