മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; ഇടുക്കി അണക്കെട്ടില്‍ റെഡ് അലെര്‍ട്ട് 

 
Mullaperiyar-opened

രണ്ട് ഷട്ടറുകളില്‍ നിന്നായി സെക്കന്‍ഡില്‍ 267 ഘനയടി വെള്ളം വീതമാണ് ഒഴുക്കിവിടുന്നത്

മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. 3, 4 സ്പില്‍വേ ഷട്ടറുകള്‍ 35 സെ.മീ. വീതമാണ് ഉയര്‍ത്തിയത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് വര്‍ധിച്ച് അണക്കെട്ടിലെ ജലനിരപ്പ് 138 അടി പിന്നിട്ടതോടെയാണ് തമിഴ്നാട് രണ്ട് ഷട്ടറുകള്‍ തുറന്നത്. മഴ ശക്തമായാല്‍ ഇടുക്കി അണക്കെട്ടും വൈകിട്ടോടെ തുറന്നേക്കും. അതിനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് 2398.32 അടി എത്തിയതോടെ റെഡ് അലെര്‍ട്ട് നല്‍കിയിട്ടുണ്ട്. 

രാവിലെ ഏഴിന് ആദ്യ സൈറനും 7.15ന് രണ്ടാം സൈറനും 7.24ന് മൂന്നാം സൈറനും മുഴക്കിയശേഷം 7.29ന് മൂന്നാം നമ്പര്‍ ഷട്ടറും 7.30ന് നാലാം നമ്പര്‍ ഷട്ടറും ഉയര്‍ത്തി. രണ്ടു ഷട്ടറുകളില്‍ നിന്നായി സെക്കന്‍ഡില്‍ 267 ഘനയടി വെള്ളം വീതം 534 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്. സെക്കന്‍ഡില്‍ 15,117 ലീറ്റര്‍ ജലമാണ് പെരിയറിലൂടെ ഒഴുകുന്നത്. മന്ത്രിമാരായ റോഷി അഗസ്റ്റിനും കെ. രാജനും രാവിലെ തന്നെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ എത്തിയിരുന്നു.

പരമാവധി സംഭരണശേഷി 136 അടിയില്‍നിന്ന് 142ലേക്ക് ഉയര്‍ത്തിയശേഷം മുല്ലപ്പെരിയാര്‍ അണക്കെട്ട് മൂന്നാം തവണയാണ് തുറക്കുന്നത്. 2014 മെയിലാണ് ജലനിരപ്പ് 142 അടിയിലേക്ക് ഉയര്‍ത്താന്‍ അനുമതി നല്‍കിയത്. അതേവര്‍ഷം ഡിസംബറില്‍ ജലനിരപ്പ് 140 അടിയെത്തി. എന്നാല്‍, വൈഗ ഡാമിലേക്ക് കൂടുതല്‍ വെള്ളമൊഴുക്കി തമിഴ്‌നാട് ജലനിരപ്പ് നിയന്ത്രിച്ചു. 2015 ഡിസംബര്‍ ഏഴിന് ജലനിരപ്പ് 142 അടിയിലേക്കെത്തിയതോടെ അഞ്ച് സ്പില്‍വേ ഷട്ടറുകളിലൂടെ വെള്ളം പുറത്തേക്കൊഴുക്കി. 2018 ആഗസ്റ്റിലാണ് രണ്ടാമതായി അണക്കെട്ട് തുറന്നത്. ഒമ്പതുദിവസംകൊണ്ട് 6.5 ടി.എം.സി. വെള്ളം ഒഴുകിയെത്തി. ഇതോടെ, ഇടുക്കി ജില്ലാഭരണകൂടത്തിനുപോലും മുന്നറിയിപ്പ് നല്‍കാതെ ആഗസ്റ്റ് 15ന് പുലര്‍ച്ചെ തമിഴ്‌നാടിന് വെള്ളമൊഴുക്കേണ്ടിവന്നു. ഇത് പെരിയാര്‍ തീരങ്ങളെ വെള്ളത്തിലാക്കി. ആഗസ്റ്റ് 23ന് ജലനിരപ്പ് 139.99 അടിയായി കുറഞ്ഞതോടെ ഷട്ടറുകള്‍ അടച്ചു. 

അതേസമയം, ഇത്തവണ അധികൃതര്‍ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട്. പെരിയാര്‍ നദിയില്‍ ജലനിരപ്പ് തീരെ കുറവായതിനാല്‍ അണക്കെട്ടില്‍നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കിയാല്‍പോലും ഭയപ്പെടേണ്ട സാഹചര്യമില്ല. അണക്കെട്ട് തുറക്കുന്നതിനു മുന്നോടിയായി 350 കുടുംബങ്ങളിലെ 1079 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റിയിട്ടുണ്ട്. അണക്കെട്ട് തുറന്നാല്‍ ആദ്യം വെള്ളമെത്തുന്നത് ജനവാസമേഖലയായ വള്ളക്കടവിലാണ്. തുടര്‍ന്ന് വണ്ടിപ്പെരിയാര്‍, ചപ്പാത്ത്, ഉപ്പുതറ വഴി ഇടുക്കി ഡാമില്‍ എത്തും. മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളം എത്തിയാല്‍ ഇടുക്കി ഡാമില്‍ 0.25 അടി മാത്രമേ ജലനിരപ്പ് ഉയരൂ. പക്ഷേ, നിലവിലെ റൂള്‍ കര്‍വ് 2398.31 ആയതിനാല്‍ ഇടുക്കി ഡാമും തുറക്കാനാണ് സാധ്യത.