ജലനിരപ്പ് 141 അടിയായി; മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു

 
Mullaperiyar-opened

ജലനിരപ്പുയര്‍ന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. മൂന്നും നാലും ഷട്ടറുകള്‍ ഉയര്‍ത്തി. സെക്കന്‍ഡില്‍ 22,000 ലീറ്റര്‍ ജലമാണ് പുറത്തേക്കൊഴുകുന്നത്. 772 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുകിയെത്തുക. അണക്കെട്ടിലെ ജലനിരപ്പ് 141 അടിയിലേക്ക് എത്തിയിരുന്നു. രാവിലെ എട്ടുമണിയോടെയാണ് ഷട്ടറുകള്‍ തുറന്നത്. 

വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ചെറുതോണി അണക്കെട്ട് ഷട്ടറും തുറക്കും. പത്തുമണിയോടെയാകും ഇത്. ഒരു ഷട്ടറാകും തുറക്കുക. ഇന്നലെ രാത്രി കല്ലാര്‍ അണക്കെട്ടും തുറന്നിരുന്നു.

ഇടുക്കി അണക്കെട്ട് രാവിലെ പത്തിന് തുറക്കും. ചെറുതോണിയിലെ ഒരുഷട്ടര്‍ 40 സെന്റീമീറ്ററാണ് ഉയര്‍ത്തുക. സെക്കന്‍ഡില്‍ നാല്‍പ്പതിനായിരം ലീറ്റര്‍ വെളളം ഒഴുക്കിവിടും. 2399.40 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. പെരിയാര്‍ തീരത്തും ചെറുതോണിയിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ മഴ മാറിനില്‍ക്കുകയാണെങ്കിലും ഹൈറേഞ്ച് ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്നലെ രാത്രി ശക്തമായ മഴയാണ് ലഭിച്ചത്. രാത്രി 12 മണിവരെയും തുടര്‍ച്ചയായി മഴ പെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മുല്ലപ്പെരിയാറിലെയും ഇടുക്കിയിലെയും ജലനിരപ്പ് വര്‍ധിച്ചത്.