മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138 അടി പിന്നിട്ടു; ഷട്ടറുകള്‍ നാളെ തുറക്കും

 
mullapperiyar dam

സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുന്ന നടപടികള്‍ ആരംഭിച്ചു

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138 അടി പിന്നിട്ടു. നിലവില്‍ 138.05 അടിയാണ് ജലനിരപ്പ്. വെള്ളിയാഴ്ച രാവിലെ ഏഴിന് സ്പില്‍വേ ഷട്ടറുകള്‍ തുറക്കും. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ ഇന്ന് അണക്കെട്ടിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും. അണക്കെട്ടിലെ ജലനിരപ്പ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഇരു സംസ്ഥാനങ്ങളുടെയും ജനങ്ങളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നും തമിഴ്‌നാട് സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്. 

അണക്കെട്ട് തുറക്കുന്നതിനു മുന്നോടിയായി, സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുന്ന നടപടികള്‍ ആരംഭിച്ചു. മാറ്റിപ്പാര്‍പ്പിക്കേണ്ടവരുടെ പട്ടിക ജില്ലാ ഭരണകൂടം നേരത്തെതന്നെ തയ്യാറാക്കിയിരുന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നുണ്ട്. സെക്കന്‍ഡില്‍ 9300 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. 2300 ഘനയടി വെള്ളം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്. വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാല്‍ ജലനിരപ്പ് ഉയരാനും സാധ്യതയുണ്ട്. ജലനിരപ്പ് 138 അടി എത്തിയപ്പോള്‍ രണ്ടാം മുന്നറിയിപ്പ് നല്‍കി. നിലവിലെ അപ്പര്‍ റൂള്‍ കര്‍വ് എന്നത് 137.75 അടിയാണ്. അത് ഇന്നലെ വൈകിട്ടോടെ പിന്നിട്ടിരുന്നു. ഒക്ടോബര്‍ 30 വരെ സംഭരിക്കാവുന്ന പരമാവധി ജലത്തിന്റെ അളവാണ് 137.75 അടി. അണക്കെട്ട് തുറന്നാല്‍ വെള്ളം ആദ്യമെത്തുക വള്ളക്കടവിലാണ്. തുടര്‍ന്ന് വണ്ടിപ്പെരിയാര്‍, മാമല അയ്യപ്പന്‍കോവില്‍ വഴി ഇടുക്കി അണക്കെട്ടിലേക്കാണ് എത്തുക.

അതേസമയം, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇരു സംസ്ഥാനങ്ങളുടെയും ജനങ്ങളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ കത്തിന് മറുപടിയായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അണക്കെട്ടിലെ ജലനിരപ്പ് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. തമിഴ്നാട്ടിലെ ഉദ്യോഗസ്ഥര്‍ കേരളത്തിലെ സംഘവുമായി നിരന്തര സമ്പര്‍ക്കത്തിലാണ്. കേരളം കത്തില്‍ ആവശ്യപ്പെട്ട പ്രകാരം ഇതിനകം വൈഗ അണക്കെട്ടിലെ ടണലിലൂടെ പരമാവധി വെള്ളം വലിച്ചെടുക്കുകയാണ്. നിലവില്‍ 2,300 ക്യുസെക്സ് വെള്ളമാണ് ടണലിലൂടെ വൈഗയിലേക്ക് വലിച്ചെടുക്കുന്നത് എന്നും സ്റ്റാലിന്‍ പറഞ്ഞു.

മഴ ശക്തമാകുന്നതോടെ റിസര്‍വോയര്‍ ലെവല്‍ 142 അടിയായി ഉയര്‍ന്നേക്കാമെന്നതിനാല്‍ ഡാമില്‍നിന്ന് പരമാവധി വെള്ളം വലിച്ചെടുക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് അഭ്യര്‍ഥിച്ച് പിണറായി വിജയന്‍ നേരത്തെ സ്റ്റാലിന് കത്തയച്ചിരുന്നു. വിഷയത്തില്‍ സമയോചിതമായ ഇടപെടലും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സ്ഥിതിഗതികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ജലനിരപ്പ് നിരീക്ഷിക്കാനും അതനുസരിച്ച് പുറത്തേക്ക് ഒഴുക്ക് നിയന്ത്രിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു. കൂടാതെ ജലത്തിന്റെ സ്ഥാനം, റിലീസ് എന്നിവയെക്കുറിച്ചുള്ള ആവശ്യമായ എല്ലാ വിവരങ്ങളും മുന്‍കൂട്ടി പങ്കിടാന്‍ പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്. അതുവഴി വെള്ളം തുറന്നുവിടുന്നതിനുമുമ്പ് ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ കേരള സര്‍ക്കാരിന് ആരംഭിക്കാന്‍ കഴിയുമെന്നും കത്തില്‍ സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.