ഹരിതയ്ക്ക് പുതിയ സംസ്ഥാന കമ്മിറ്റി; ആയിഷ ബാനു പുതിയ പ്രസിഡന്റ്

 
haritha

മുസ്‌ലിം ലീഗ് സംസ്ഥാന നേതൃയോഗത്തിന്റെ തീരുമാനപ്രകാരം ഹരിത സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു. വിവിധ ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റികളുമായി കൂടിയാലോചന നടത്തിയാണ് പുനഃസംഘടിപ്പിച്ചത്. ഒൻപതംഗം പുതിയ സംസ്ഥാന കമ്മിറ്റിയിൽ പി.എച്ച്.ആയിഷ ബാനുവാണ് പ്രസിഡന്റ്.

ആയിഷ ബാനു പഴയ കമ്മിറ്റിയിലെ ട്രഷറര്‍ ആയിരുന്നു. ലൈംഗിക അധിക്ഷേപ പരാതി നല്‍കിയവരുടെ കൂട്ടത്തില്‍ ഇവര്‍ ഉള്‍പ്പെട്ടിരുന്നില്ല. പുതിയ ജന. സെക്രട്ടറി റുമൈസ റഫീഖും എം.എസ്.എഫ്. ഔദ്യോഗിക പക്ഷത്തെയാളാണ്. ചുരുക്കത്തില്‍ പരാതിക്കാരെ പിന്തുണച്ചവരെ വെട്ടിനിരത്തിയാണ് ഹരിതയ്ക്ക് പുതിയ കമ്മിറ്റി വന്നത്. പഴയ കമ്മിറ്റിയിലെ പത്തംഗങ്ങളായിരുന്നു വനിതാ കമ്മിഷനും പിന്നീട് പോലീസിനും പരാതി നല്‍കിയത്. 

വൈസ് പ്രസിഡന്റുമാരായി നജ്‌വ ഹനീന (മലപ്പുറം), ഷാഹിദ റാഷിദ് (കാസര്‍ഗോഡ്), അയ്ഷ മറിയം (പാലക്കാട്) എന്നിവരെയും സെക്രട്ടറിമാരായി അഫ്ഷില (കോഴിക്കോട്), ഫായിസ എസ്. (തിരുവനന്തപുരം), അഖീല ഫര്‍സാന (എറണാകുളം) എന്നിവരെയും  ട്രഷററായി നയന സുരേഷിനെയാണ് പ്രഖ്യാപിച്ചത്.