'എന്റെ മോള്‍ക്ക് ഇനിയും നീതി കിട്ടിയിട്ടില്ല'; നിസ്സഹായതയോടെ ഒരു പിതാവ് വിലപിക്കുന്നു

രണ്ടുവര്‍ഷം തികയുമ്പോഴും ചെന്നൈ ഐ ഐ ടി വിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫിന്റെ മരണത്തെക്കുറിച്ചുള്ള സി ബിഐ അന്വേഷണം എങ്ങുമെത്തിയില്ല
 
fathima latheef
അന്വേഷണം ത്വരിതപ്പെടുത്തുന്നതിനുവേണ്ടി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ കാണാന്‍ തയ്യാറെടുക്കുകയാണ് ഫാത്തിമയുടെ കുടുംബം

'എന്റെ മോള്‍ക്ക് നീതി കിട്ടാന്‍ ഇനിയെന്ത് ചെയ്യണമെന്നറിയാതെ അലയുന്ന നിസ്സഹായനായൊരു പിതാവാണ് ഞാന്‍' മനസിലെ നിരാശയും വേദനയും മുഴുവനുമുണ്ട് അബ്ദുള്‍ ലത്തീഫിന്റെ വാക്കുകളില്‍. 2019 നവംബര്‍ ഒമ്പതാം തീയതി രാത്രി മദ്രാസ് ഐ ഐ ടി യിലെ സരയൂ ഹോസ്റ്റലിലെ മുറിയില്‍ വച്ച് ജീവിതം അവസാനിപ്പിക്കേണ്ടി വന്ന പതിനെട്ടുകാരി ഫാത്തിമയുടെ പിതാവാണ് അബ്ദുള്‍ ലത്തീഫ്. ഫാത്തിമയുടെ മരണത്തിന് രണ്ടാണ്ട് തികയുമ്പോഴും തന്റെ പ്രിയപ്പെട്ട മോളുടെ മരണത്തിന് കാരണക്കാരായവരെന്ന് ആരോപിക്കപ്പെടുന്നവര്‍ സ്വതന്ത്രരായി നടക്കുകയാണെന്നാണ് അബ്ദുള്‍ ലത്തീഫ് പറയുന്നത്. 'സിബിഐ ഏറ്റെടുത്തിട്ടും എങ്ങുമെങ്ങുമെത്താതെ നീളുകയാണ് അന്വേഷണം. മോള് നഷ്ടപ്പെട്ടതിന്റെ വേദന മറി കടക്കാന്‍ ഞങ്ങള്‍ക്കാര്‍ക്കും ഇനിയുമായിട്ടില്ല. അതിനെക്കാള്‍ ഉള്ളുപൊള്ളിക്കുന്നത് എന്റെ മോള്‍ക്ക് നീതി നേടിക്കൊടുക്കാന്‍ എനിക്കിതുവരെ കഴിയുന്നില്ലല്ലോ എന്ന കുറ്റബോധമാണ്‌'; അബ്ദുള്‍ ലത്തീഫ് അഴിമുഖത്തോട് തന്റെ നിരാശ പങ്കുവയ്ക്കുന്നു.

ചെന്നൈ ഐ ഐ ടിയില്‍ ഒന്നാം വര്‍ഷ ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിനിയായിരുന്ന കൊല്ലം രണ്ടാംകുറ്റിയില്‍ പ്രിയദര്‍ശിനി നഗറിലെ ഫാത്തിമ അധ്യാപകരില്‍ നിന്നും നേരിട്ട മാനസിക പീഡനത്തെ തുടര്‍ന്നായിരുന്നു ആത്മഹത്യ ചെയ്തത്. തന്റെ മരണത്തിന് കാരണം അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭന്‍ ആണെന്ന് മൊബൈല്‍ ഫോണില്‍ ഫാത്തിമ കുറിച്ചിരുന്നു. അസ്വഭാവിക മരണത്തിന് കേസെടുത്ത് ഫാത്തിമയുടെ ആത്മഹത്യയില്‍ ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത് കോട്ടൂര്‍പുരം പൊലീസ് സ്റ്റേഷനിലായിരുന്നു. കോട്ടൂര്‍ പൊലീസ് ഗുരുതരമായ അനാസ്ഥ അന്വേഷണത്തില്‍ കാണിക്കുന്നുവെന്ന് ഫാത്തിമയുടെ കുടുംബാംഗങ്ങളുടെയും കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികളുടെ പരാതിയെ തുടര്‍ന്ന് തമിഴ്‌നാട് സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിനെ അന്വേഷണം ഏല്‍പ്പിച്ചു. ഡി ഐ ജി ഈശ്വരമൂര്‍ത്തിയ്ക്കായിരുന്നു അന്വേഷണ ചുമതല. എന്നാല്‍ കുറ്റാരോപിതരായവര്‍ക്കെതിരേ നടപടികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കുടുംബം നേരില്‍ കണ്ട് പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ കേസ് അന്വേഷണം സിബിഐയെ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ ഫാത്തിമ മരിച്ചിട്ട് രണ്ട് വര്‍ഷം തികയുമ്പോഴും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടാകാത്ത സാഹചര്യത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ നേരില്‍ കണ്ട് പരാതി ബോധിപ്പിക്കാനൊരുങ്ങുകയാണ് അബ്ദുള്‍ ലത്തീഫും കുടുംബവും.

' തമിഴ്‌നാട് മുഖ്യമന്ത്രിയെ കാണാന്‍ അനുമതി കിട്ടിയതായിരുന്നു. ഇന്ന്(ബുധനാഴ്ച്ച) മുഖ്യമന്ത്രിയെ കാണാനായിരുന്നു ആദ്യം അനുമതി കിട്ടിയത്. എന്നാല്‍ ചെന്നൈയില്‍ ഇപ്പോള്‍ മോശം കാലാവസ്ഥയായതിനാല്‍ പോകാന്‍ കഴിയാത്ത സാഹചര്യമാണ്. അതുകൊണ്ട് കുറച്ച് ദിവസങ്ങള്‍ക്കൂടി കഴിഞ്ഞ് മുഖ്യമന്ത്രിയെ കാണാനുള്ള അനുമതി തേടിയിരിക്കുകയാണ്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ സാറിനെ കഴിഞ്ഞ ദിവസം നേരില്‍ കണ്ടിരുന്നു. എല്ലാവിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രിക്ക് അദ്ദേഹം കത്തയക്കാമെന്നും അറിയിച്ചുണ്ട്. അന്വേഷണം ത്വരിതഗതിയിലാക്കാന്‍ പ്രധാനമന്ത്രിക്കും കത്ത് അയക്കാമെന്നും അദ്ദേഹം വാക്ക് നല്‍കിയിട്ടുണ്ട്.' അബ്ദുള്‍ ലത്തീഫ് പറയുന്നു.

മൊഴിയെടുക്കാനായി വ്യാഴാഴ്ച്ച ചെന്നൈ യൂണിറ്റിലെത്താന്‍ സിബിഐ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അബ്ദുള്‍ ലത്തീഫ് പറയുന്നു. എന്നാല്‍ അവിടുത്തെ കാലാവസ്ഥ മോശമായതിനാല്‍ മറ്റൊരു ദിവസത്തേക്ക് ആ യാത്രയും മാറ്റിവയ്‌ക്കേണ്ടി വരുമെന്നാണ് ലത്തീഫ് പറയുന്നത്. മാസങ്ങള്‍ക്ക് മുമ്പ് തെളിവെടുപ്പിനായി സിബിഐ ഉദ്യോഗസ്ഥര്‍ കൊല്ലത്ത് എത്തിയിരുന്നു. സിബിഐ അന്വേഷണം ഏറ്റെടുത്തപ്പോള്‍ പ്രതീക്ഷയുണ്ടായിരുന്നുവെന്നും എന്നാല്‍ അന്വേഷണം ഒരിടത്തുമെത്താതെ നീളുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറയുന്നു. എല്ലാവരുടെയും മുന്നില്‍ കണ്ണീരോടെ ചെന്ന് നിന്ന് സങ്കടങ്ങളും പരാതികളും പറയാനല്ലാതെ എന്തു ചെയ്യാനാകുമെന്നാണ് വിഷമത്തോടെ അബ്ദുള്‍ ലത്തീഫ് ചോദിക്കുന്നത്.

ഫാത്തിമ എന്ന ജീനിയസ്

ഫാത്തിമ ലത്തീഫിനെ അറിയുന്ന എല്ലാവര്‍ക്കും പറയാനുള്ളത് ഒന്നു തന്നെയാണ്. അവളൊരു അത്ഭുതമായിരുന്നു. കൂട്ടുകാരും സഹപാഠികളും അധ്യാപകരും കുടുംബസുഹൃത്തുക്കളുമെല്ലാം അത് തന്നെയാണ് പറയുന്നത്. മദ്രാസ് ഐഐടി അഖിലേന്ത്യ തലത്തില്‍ നടത്തിയ എന്‍ട്രസ് പരീക്ഷയില്‍ ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സില്‍ ഒന്നാം റാങ്കായിരുന്നു ഫാത്തിമയ്ക്ക്. ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന റാങ്ക് നേടി ഐ എ എസ് സ്വന്തമാക്കുകയായിരുന്നു ഫാത്തിമയുടെ ലക്ഷ്യം. സിവില്‍ സര്‍വീസ് എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയായിരുന്നു മദ്രാസ് ഐഐടിയില്‍ ചേര്‍ന്നതിലൂടെ ഫാത്തിമ തുടങ്ങിവച്ചതും. ധാരാളം വായിക്കുമായിരുന്ന ഫാത്തിമയ്ക്ക് പുസ്തകങ്ങളോട് മാത്രമായിരുന്നു അഭിനിവേശം.' ഇംഗ്ലീഷ് സാഹിത്യകാരന്മാരുടെയും ലോകപ്രശസ്ത എഴുത്തുകാരുടെയും എല്ലാം പുസ്തകങ്ങള്‍ അവളുടെ കൈവശമുണ്ടായിരുന്നു. ലോകത്തിന്റെ ചരിത്രവും സംസ്‌കാരവുമെല്ലാം അവള്‍ വായിച്ചു മനസിലാക്കിയിരുന്നു. ഇഎംഎസ്സിന്റെയും എംഎന്‍ വിജയന്റെയുമെല്ലാം പുസ്തകങ്ങളും അവള്‍ക്ക് പ്രിയപ്പെട്ടതായിരുന്നു. മലയാളം വായിക്കാന്‍ ബുദ്ധിമുട്ട് ആയിരുന്നതുകൊണ്ട് പലതും ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയെടുത്തും അവള്‍ വായിച്ചു മനസിലാക്കിയിരുന്നു. രാഷ്ട്രീയ സംബന്ധമായ വായനയുമുണ്ടായിരുന്നു' രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ്, ഫാത്തിമയുടെ മരണശേഷം വീട്ടിലെത്തി കണ്ടപ്പോള്‍ അബ്ദുള്‍ ലത്തീഫ് അഴിമുഖത്തോട് പറഞ്ഞ വാക്കുകളാണിത്. ഇംഗ്ലീഷ് ഭാഷയില്‍ ഫാത്തിമയ്ക്കുണ്ടായിരുന്ന പദസഞ്ചയം അധ്യാപകരെ പോലും അത്ഭുതപ്പെടുത്തിയിരുന്നുവെന്നും ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറി ഫാത്തിമയ്ക്ക് കാണാപാഠമായിരുന്നുവെന്നുമാണ് കൊല്ലം ക്രിസ്തുരാജ സ്‌കൂളില്‍ ഫാത്തിമയുടെ ഇംഗ്ലീഷ് അധ്യാപകനായിരുന്ന മിള്‍ട്ടന്‍ പറയുന്നത്. 'ലോകം ശ്രദ്ധിക്കുമായിരുന്ന ഒരു സ്‌കോളര്‍, അതല്ലെങ്കില്‍ ഒരു എഴുത്തുകാരി; ഫാത്തിമ, ഒരു കുടുംബത്തിന്റെ മാത്രം നഷ്ടമല്ല, ഈ നാടിന്റെ നഷ്ടമാണ്' എന്നുകൂടി ആ അധ്യപകന്‍ തന്റെ അനുഭവത്തിലൂടെ സാക്ഷ്യപ്പെടുത്തിയിരുന്നു. 1200 മാര്‍ക്കില്‍ 1188 നേടിയാണ് ഫാത്തിമ ഹയര്‍സെക്കന്‍ഡറി വിജയിക്കുന്നത്. പത്താം ക്ലാസ് വരെ സിബിഎസ്ഇ സിലബസില്‍ പഠിച്ചിട്ടായിരുന്നു കേരള സിലബസ് പഠിക്കണമെന്ന ആഗ്രഹത്തില്‍ ക്രിസ്തുരാജയില്‍ ഹയര്‍ സെക്കന്‍ഡറിക്ക് ഫാത്തിമ ചേരുന്നത്. 1998 ല്‍ ക്രിസ്തുരാജയില്‍ ഹയര്‍ സെക്കന്‍ഡറി ആരംഭിച്ച ശേഷം ഗ്രേസ് മാര്‍ക്ക് കൂടാതെ ഇത്രയും ഉയര്‍ന്ന മാര്‍ക്ക് നേടി വിജയിക്കുന്ന ആദ്യത്തെ വിദ്യാര്‍ത്ഥിയായിരുന്നു ഫാത്തിമ.