'നാര്‍കോട്ടിക്കിന് ഒരു മതത്തിന്റെ നിറമുണ്ടെന്ന് കാണരുത്, അതിന്റെ നിറം സാമൂഹ്യവിരുദ്ധതയുടേത്'

 
cm

പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവനയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നാര്‍കോട്ടിക്കിന് ഒരു മതത്തിന്റെ നിറമുണ്ടെന്ന് കാണരുതെന്നും അതിന്റെ നിറം സാമൂഹ്യവിരുദ്ധതയുടേതാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
ഒരു മതവും മയക്കുമരുന്നിനെ പ്രോത്സാഹിപ്പിക്കുന്നില്ല. പാലാ ബിഷപ്പ് ഉദേശിച്ചത് എന്താണെന്ന് വ്യക്തമല്ല. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ ഇത്തരം പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ മതപരമായ വേര്‍തിരിവുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആയുധം കൊണ്ട് കീഴടക്കാന്‍ കഴിയാത്തിടത്ത് ലൗ ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും പോലുള്ളവ സജീവമാണെന്നും കേരളത്തില്‍ ഇതിനായി പ്രത്യേക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുമായിരുന്നു പാലാ ബിഷപ്പ് മാര്‍ ജോസഫ് കള്ളറങ്ങാട്ടിന്റെ വിവാദ പ്രസ്താവന. കത്തോലിക്ക കുടുംബങ്ങള്‍ ഇത്തരം സംഘങ്ങളെ കരുതിയിരിക്കണമെന്നും ബിഷപ്പ് പറഞ്ഞിരുന്നു.

ഉത്തരവാദിത്തപ്പെട്ട സ്ഥനത്ത് ഇരിക്കുന്നവര്‍ ഇത്തരം പ്രശ്‌നം കൈകാര്യം ചെയ്യുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള മതപരമായ വേര്‍തിരിവ് ഉണ്ടാകാതിരിക്കാനും അനാവശ്യമായ ചേരികള്‍ സൃഷ്ടിക്കാതിരിക്കാനും അങ്ങേയറ്റം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 
പാലാ ബിഷപ്പ് ബഹുമാന്യനായ മതപണ്ഡിതന്‍ കൂടിയാണ്. ഏതെങ്കിലും തരത്തിലുള്ള ചേരിതിരിവ് ഉണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിക്കുക എന്നുള്ളത് വളരെ പ്രധാനമാണ്. നാര്‍ക്കോട്ടിക്ക് ജിഹാദ് എന്ന് നമ്മള്‍ ആദ്യമായി കേള്‍ക്കുകയാണ്. നാര്‍ക്കോട്ടിക്കിന്റെ പ്രശ്‌നം, അത് ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം ബാധിക്കുന്ന കാര്യമല്ല എന്നുള്ളതാണ്. അത് സമൂഹത്തെ ആകെ ബാധിക്കുന്നതാണ്.  അതുകൊണ്ട് അതിനെ തടയാന്‍ ആവശ്യമായ നിയമനടപടികള്‍ ശക്തിപ്പെടുത്തുന്നുണ്ട്.

നാര്‍ക്കോട്ടിക്കിന് ഏതെങ്കിലും ഒരു മതത്തിന്റെ നിറം ഉണ്ടെന്ന് കാണരുത്. അതിന്റെ നിറം സാമൂഹ്യ വിരുദ്ധതയുടേതാണ്. ഒരു മതവും മയക്കുമരുന്നിനെ പ്രോത്സാഹിപ്പിക്കുന്നില്ല. സാധാരണഗതിയില്‍ ആ ഒരു നിപാടാണ് നാം എടുക്കേണ്ടത്. അദ്ദേഹം ഇക്കാര്യം പറയുമ്പോള്‍ എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല. പറയാനിടയായ സാഹഹര്യവും മനസിലാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കണ്ണൂര്‍ സര്‍വ്വകലാശാലയുടെ സിലബസില്‍ ആര്‍എസ്എസ് നേതാക്കളുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിലും
മുഖ്യമന്ത്രി പ്രതികരിച്ചു. സ്വാതന്ത്ര സമരത്തിനോട് മുഖം തിരിഞ്ഞു നിന്ന ആശയങ്ങളേയും നേതാക്കളേയും മഹത്വവത്കരിക്കുന്ന നിലപാട് ഇവിടെയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഏത് പിന്തിരിപ്പന്‍ ആശയങ്ങളേയും നമ്മുക്ക് പരിശോധിക്കേണ്ടി വരും എന്നാല്‍ അതിനെ മഹത്വവത്കരിക്കാതിരുന്നാല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു