അത്ര പരിഷ്കാരം വേണ്ട; പി.സി ചാക്കോയ്‌ക്കെതിരെ എൻസിപിയിൽ പടയൊരുക്കം   

 
pc chacko

കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് പി.സി ചാക്കോ എൻസിപിയിൽ എത്തിയത്. മുമ്പും കോൺഗ്രസിനോട് ഇടഞ്ഞ് എൻസിപിയിലേക്ക് പോകുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്ത ചരിത്രമുണ്ട് ചാക്കോയ്ക്ക്. എന്നാൽ, ഇക്കുറി ഉറച്ച തീരുമാനത്തോടെയാണ് കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചിരിക്കുന്നത്. പാർട്ടി ദേശീയ, സംസ്ഥാന നേതൃത്വത്തിനെതിരായ വിമർശനങ്ങളും ആരോപണങ്ങളും അക്കമിട്ട് നിരത്തിയശേഷമാണ് ചാക്കോ പുറത്തുവന്നത്. പ്രതീക്ഷിച്ചതുപോലെ, എൻസിപി ചാക്കോയെ ക്ഷണിക്കുകയും അദ്ദേഹം ആ ക്ഷണം സ്വീകരിക്കുകയും ചെയ്തു. കോൺഗ്രസിൽ മനംമടുത്ത് കഴിയുന്നവരെ ഒപ്പം കൂട്ടാൻ ചാക്കോയുടെ വരവ് ഗുണം ചെയ്യുമെന്ന് വിലയിരുത്തിയ എൻസിപി സംസ്ഥാന നേതൃത്വം അദ്ദേഹത്തിന് അധ്യക്ഷപദവും നൽകി. അതിനു ഗുണവുമുണ്ടായി. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും എന്ന രീതിയിൽ പ്രകടമായ ചില മാറ്റങ്ങൾ എൻസിപിയിൽ സംഭവിച്ചു. രാഷ്ട്രീയ ഇടപെടലുകൾക്കും സംഘടനാ പ്രവർത്തനങ്ങൾക്കും അച്ചടക്കം ബാധകമായി. എന്നാൽ, അത്ര കണിശത വേണ്ടെന്നാണ് ഒരു വിഭാഗത്തിൻ്റെ അഭിപ്രായം. കാലങ്ങളായി തങ്ങൾ അനുഭവിച്ചിരുന്ന ചില സ്വാതന്ത്ര്യവും ഇടപെടലുകളുമൊക്കെ നിയന്ത്രിക്കപ്പെട്ടതോടെ, ചാക്കോയ്ക്കെതിരെയും അസ്വാരസ്യങ്ങൾ ഉയരുയും അത് രൂക്ഷമാകുന്നതായുമാണ് ലഭ്യമായ വിവരം.

മന്ത്രി എ.കെ ശശീന്ദ്രൻ ഉൾപ്പെട്ട ഫോൺ വിളി വിവാദമാണ് ചാക്കോ വന്നതിനുശേഷം എൻസിപിയിൽ സംഭവിച്ച പ്രധാന സംഭവം. ചാക്കോയുടെ അച്ചടക്ക നടപടികളും കാർക്കശ്യവുമാണ് സംഭവം കൂടുതൽ പൊതുചർച്ചയ്ക്കും വിവാദങ്ങൾക്കും കാരണമായതെന്ന അഭിപ്രായം പാർട്ടിക്കുള്ളിൽ ചിലരെങ്കിലും പങ്കുവെക്കുന്നുണ്ട്. പ്രശ്നത്തിന് പരിഹാരമായതോടെ പാർട്ടിക്ക് ആശ്വാസമായെങ്കിലും ഇത്തരം സംഭവങ്ങളെ പൊതു സമൂഹത്തിൻ്റെ വിമർശനങ്ങൾക്കായി വിട്ടുകൊടുക്കേണ്ടതില്ലെന്നാണ് ഒരു പക്ഷത്തിൻ്റെ അഭിപ്രായം.

നിർജീവമായിരുന്ന പാർട്ടി ഘടകങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളും ചാക്കോയുടെ ഭാഗത്തു നിന്നുണ്ടായി. 140 മണ്ഡലങ്ങളിൽ ഓഫീസുകൾ തുറക്കുന്നത് അവസാന ഘട്ടത്തിലാണ്. അതിൻ്റെ ഭാഗമായി പല ജില്ലകളിലും വർഷങ്ങളോളമായി കാര്യക്ഷമമായി പ്രവർത്തിക്കാത്ത ജില്ലാ നേതാക്കളെ ഉൾപ്പെടെ മാറ്റുകയും ചെയ്തു. ഇതും പലർക്കും അത്ര പിടിച്ചിട്ടില്ല. പരോക്ഷമായ വിമർശനങ്ങൾ ചാക്കോയ്ക്കെതിരെ ഉയർന്നിരുന്നു. എന്നാൽ, വെബ്സൈറ്റ്, യു ട്യൂബ് ചാനൽ ഉൾപ്പെടെ സോഷ്യൽ മീഡിയ കൂടുതൽ സജീവമാക്കി പാർട്ടിയെ ജനങ്ങളിലേക്ക് കൂടുതലായി എത്തിക്കുന്നത് ഉൾപ്പെടെ ശ്രമങ്ങൾക്കാണ് ചാക്കോ ശ്രദ്ധ നൽകിയത്. 

കോൺഗ്രസിൽ നിന്നുൾപ്പെടെ ചിലരെ പാർട്ടിയിലെത്തിക്കാനും ചാക്കോയ്ക്ക് കഴിഞ്ഞിരുന്നു. അതിനിടെയാണ്, പിഎസ് സി മെമ്പർ സ്ഥാനത്തിനായി ചാക്കോയുടെ കൂടെ കോൺഗ്രസ് വിട്ടുവന്ന, എൻസിപി അംഗം പോലുമല്ലാത്ത ഒരാൾ  കൈക്കൂലി വാഗ്ദാനം ചെയ്തതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഓഫീസിൽ നിന്നിറക്കി വിടപ്പെട്ട ഈ നേതാവും ചാക്കോയ്ക്കെതിരെ തിരിഞ്ഞിട്ടുണ്ട്. മുൻ കാലങ്ങളിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയവരെയും പലപ്പോഴായി പല കാരണങ്ങളിലായി സസ്പെൻഡ് ചെയ്യപ്പെട്ടവരെയും അകറ്റിനിർത്തുന്ന സമീപനമാണ് ചാക്കോ സ്വീകരിക്കുന്നത്. ക്രിമിനൽ സ്വഭാവമുള്ളവരെ പുറത്താക്കുകയും ചെയ്തിട്ടുണ്ട്. 

മന്ത്രി ശശീന്ദ്രനെതിരായ ഫോൺ വിളി വിവാദത്തിനു പിന്നിൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടവരാണെന്ന് പാർട്ടി അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. അതോടെ, പാർട്ടി നേതാക്കൾക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരാനും ചാക്കോയുടെ നേതൃത്വത്തിൽ തുടക്കം കുറിച്ചു. 

ഗുരുവായൂർ ദേവസ്വത്തിലേക്ക് എല്ലാ പാർട്ടികളും പ്രതിനിധികളെ നൽകിയപ്പോഴും എട്ടു മാസത്തിനു ശേഷമാണ് എൻസിപി ക്കു പ്രതിനിധിയെ തീരുമാനിക്കാനായത്. വിവിധ നേതാക്കൾ തങ്ങളുടെ ഇഷ്ടക്കാരെ തിരുകികയറ്റാനുള്ള ശ്രമങ്ങളാണ് നടന്നിരുന്നത്. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായിട്ടാണ് ചാക്കോ പാർട്ടിയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിച്ചത്. എന്നാൽ, ഇത്തരം പരിഷ്ക്കാരങ്ങളിൽ എതിർപ്പുള്ളവരുടെ സംഘമാണ് ചാക്കോയ്ക്കെതിരെ തിരിഞ്ഞിരിക്കുന്നത്. ഇത്തരക്കാർ മന്ത്രി ശശീന്ദ്രനൊപ്പമാണ് നിലയുറപ്പിച്ചിരിക്കുന്നത്. അസ്വാരസ്യങ്ങൾ തുടരുന്നത് വിഭാഗീയതയുടെ ആഴം കൂട്ടിയേക്കുമെന്ന ആശങ്കകളും നിലനിൽക്കുന്നുണ്ട്. അവയെ പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായി, പാർട്ടി കമ്മിറ്റി ഓഫീസുകളുടെ ഉദ്ഘാടനങ്ങളിൽ ചാക്കോയെയും ശശീന്ദ്രനെയും ഒന്നിപ്പിച്ച് പങ്കെടുപ്പിക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.