നീറ്റ് പരീക്ഷാ വിവാദം: അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശം നല്കി കേന്ദ്രം, അറിയേണ്ടതെല്ലാം

കൊല്ലത്ത് നീറ്റ് പരീക്ഷക്ക് അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ ആയൂരിലെ മാര്‍ത്തോമ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പരീക്ഷ കേന്ദ്രത്തിനെതിരെ പരാതിയുമായി കൂടുതല്‍ പെണ്‍കുട്ടികള്‍ രംഗത്തെത്തിയിരിക്കുകയാണ്. പരീക്ഷ കഴിഞ്ഞും കോളേജില്‍ വച്ചു അടിവസ്ത്രം ഇടേണ്ടെന്ന് അധികൃതര്‍ പറഞ്ഞുവെന്നുമാണ് വിദ്യാര്‍ഥിനികള്‍ പറഞ്ഞത്.

സംഭവത്തില്‍ പരീക്ഷയുടെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഏജന്‍സിയിലെ ജീവനക്കാര്‍ക്കെതിരെ കേസെടുത്തിരിക്കുകയാണ്. സ്ത്രീത്വത്തെ അപമാനിക്കല്‍, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഏജന്‍സി ജീവനക്കാരെ ചോദ്യം ചെയ്ത് വരികയാണെന്നാണ് പൊലീസ് അറിയിച്ചത്.
പരീക്ഷ നടത്തി മുന്‍പരിചയമില്ലാത്തവരാണ് കുട്ടികളെ പരിശോധിച്ചതെന്നാണ് പൊലീസ് അറിയിച്ചത്. പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത് 10 പേരായിരുന്നുവെന്നും അറിയിച്ചു. പരീക്ഷാ ഏജന്‍സിക്ക് ചുമതല കൈമാറി കിട്ടുകയായിരുന്നു. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി പരിശോധന ചുമതല ഏല്‍പ്പിച്ചത് തിരുവനന്തപുരത്തെ സ്റ്റാര്‍ കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തിനായിരുന്നു. ഈ സ്ഥാപനം കരുനാഗപ്പള്ളി സ്വദേശിക്കും ഇദ്ദേഹം സുഹൃത്തിനും ചുമതല ഏല്‍പ്പിക്കുകയായിരുന്നു.
അതേസമയം സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് കോളജ് അധികൃതര്‍ പറഞ്ഞു. പരീക്ഷ നടത്തിപ്പിന്റെ ഉത്തരവാദിത്വം തങ്ങള്‍ക്കല്ലെന്നും കോളജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. കുട്ടികളെ അപമാനിച്ചതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. പരീക്ഷ നടത്തുന്ന നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയെ അതൃപ്തി അറിയിക്കുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്. ബിന്ദു പറഞ്ഞു.
സംഭവം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും കേന്ദ്രവിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കുമെന്നും എന്‍ കെ പ്രേമചന്ദ്രന് എം പി വ്യക്തമാക്കി. വിവാദത്തില്‍ ലോക്സഭയില്‍ എന്‍.കെ. പ്രേമചന്ദ്രന്, കെ. മുരളീധരന്, ഹൈബി ഈഡന് എന്നിവര്‍ അടിയന്തര പ്രമേയ നോട്ടീസ് നല്കി. എന്നാല്‍ നീറ്റ് പരീക്ഷയില്‍ കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ച സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. പരീക്ഷാ സമയത്തോ, അതിന് ശേഷമോ അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് പരീക്ഷാ കേന്ദ്രം സൂപ്രണ്ടും എന്‍ടിഎ നിരീക്ഷകനും കോര്‍ഡിനേറ്ററും രേഖാമൂലം എന്‍ടിഎക്ക് കത്ത് നല്കി. എന്‍ടിഎ ഡ്രസ് കോഡ് ഇത്തരം പരിശോധന അനുവദിക്കുന്നില്ലെന്നും എന്‍ടിഎ വ്യക്തമാക്കി. ആരോപണം തെറ്റായ ഉദ്ദേശത്തോടെയെന്നാണ് കൊല്ലം സിറ്റി കോര്‍ഡിനേറ്റര്‍ എന്‍ടിഎക്ക് നല്കിയ മറുപടിയില്‍ പറയുന്നത്.
അന്വേഷണത്തിന് നിര്‍ദേശം നല്കി കേന്ദ്രം
വിദ്യാര്‍ഥിനികളെ പരിശോധനയുടെ പേരില്‍ അപമാനിച്ച സംഭവത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് അന്വേഷണത്തിന് നിര്‍ദേശം നല്കി. വിദ്യാഭ്യാസ അഡീഷനല്‍ സെക്രട്ടറിയോട് മന്ത്രി അടിയന്തരമായി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു ധര്‍മേന്ദ്ര പ്രധാന് കത്തയച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് മന്ത്രിയുടെ നടപടി.