നിപ: അഞ്ച് പരിശോധനാഫലം കൂടി നെഗറ്റീവ്; ഇന്ന് വവ്വാലുകളെ പിടിച്ച് നിരീക്ഷിക്കും

 
Nipah Virus

ഇതുവരെ 73 പേരുടെ സാമ്പിളുകളാണ് നെഗറ്റീവായത്

നിപ സമ്പര്‍ക്ക പട്ടികയിലുള്ള അഞ്ച് പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ എടുത്ത സാമ്പിളുകളുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. നാല് സാമ്പിളുകള്‍ എന്‍ഐവി പൂനെയിലും ഒരെണ്ണം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്. ഇതോടെ 73 പേരുടെ സാമ്പിളുകളാണ് നെഗറ്റീവായതെന്നും മന്ത്രി പറഞ്ഞു.

നിപ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധനകള്‍ തുടരുകയാണ്. മൃഗ സംരക്ഷണ വകുപ്പിനൊപ്പം പൂനെ എന്‍ഐവിയില്‍ നിന്നുളള വിദഗ്ധ സംഘവും പരിശോധനകള്‍ക്കുണ്ട്. മുന്നൂരിന് പരിസരത്തെ വവ്വാലുകളെയാണ് വലവിരിച്ച് പിടിച്ചാണ് നിരീക്ഷിക്കുക. നിപ ബാധിച്ചു മരിച്ച കുട്ടിയുടെ വീട്ടുപറമ്പിലും വവ്വാലുകളുടെ ആവാസസ്ഥലത്തും സംഘം കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു. ചേന്ദമംഗലത്തും കൊടിയത്തൂരിലും എത്തിയ സംഘം വവ്വാലുകള്‍ പറക്കുന്ന പാതയും സമ്പര്‍ക്കസാധ്യതയും വിലയിരുത്തി. കുട്ടിയുടെ വീട്ടുപറമ്പിലെ അടയ്ക്കകള്‍ വവ്വാലുകള്‍ കടിച്ചത് വ്യക്തമായതിനാല്‍ അതില്‍നിന്നാണോ വൈറസ് വ്യാപനമുണ്ടായതെന്ന പരിശോധന വേണമെന്നും സംഘം അഭിപ്രായപ്പെട്ടിട്ടുണ്ട്.

തുടര്‍ച്ചയായ നാലാം ദിവസവും പരിശോധനാ ഫലം നെഗറ്റീവായതോടെ നിപ ഭീതി അകലുകയാണെങ്കിലും ജില്ലയില്‍ ജാഗ്രത തുടരുകയാണ്. ചാത്തമംഗലത്ത് വീടുകള്‍ കേന്ദ്രീകരിച്ചുളള സര്‍വേയില്‍ ഇതുവരെ അസ്വാഭാവിക മരണം കണ്ടെത്താനായിട്ടില്ല. എങ്കിലും ചാത്തമംഗലത്തും സമീപ പ്രദേശങ്ങളിലും അതീവ ജാഗ്രത തുടരുകയാണ്.