നിപ: ഉറവിടം കണ്ടെത്താന്‍ തീവ്രശ്രമം; ആടിന്റെ സാമ്പിളെടുത്തു, കാട്ടുപന്നികളുടെ സാമ്പിളുമെടുക്കും

 
Nipah Sample

സമ്പര്‍ക്ക പട്ടികയില്‍ കൂടുതല്‍പേരെ ചേര്‍ത്തു

നിപ വൈറസ് ഉറവിടം കണ്ടെത്താനുള്ള നടപടികള്‍ തുടങ്ങി. രോഗബാധിതനായി കുട്ടി മരിച്ച പ്രദേശത്ത് മൃഗ സംരക്ഷണ വകുപ്പാണ് പരിശോധന നടത്തുന്നത്. വീട്ടിലെ എല്ലാ മൃഗങ്ങളുടേയും സാമ്പിളുകള്‍ പരിശോധിക്കും. ഇതിന്റെ ഭാഗമായി ആടിന്റെ സ്രവം പരിശോധനയ്ക്കെടുത്തു. കുട്ടിക്ക് രോഗം ബാധിക്കുന്നതിനുമുമ്പ് ഇവിടെയുള്ള ആടിന് ദഹനക്കേട് പോലുള്ള അസുഖം വന്നിരുന്നു. കുട്ടി അതിനെ പരിചരിച്ചിരുന്നു. ഇത് രോഗാവസ്ഥയ്ക്ക് കാരണമായോ എന്ന സംശയത്തെത്തുടര്‍ന്നാണ് ആടിന്റെ സ്രവം പരിശോധനയ്ക്കെടുത്തത്.

വവ്വാലുകളില്‍നിന്നും പന്നികളില്‍ നിന്നുമാണ് നിപ വൈറസ് പകരുന്നത്. വവ്വാലുകളുടെ സാന്നിധ്യമുള്ള സ്ഥലത്ത് അവയെ പിടികൂടി പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രദേശത്ത് കാട്ടുപന്നി ശല്യവും രൂക്ഷമായതിനാല്‍ ഇതിനെയും പിടികൂടി പരിശോധിക്കാനാണ് നീക്കം. ഇതിനായി വനം വകുപ്പിന്റെ അനുമതി വാങ്ങാനും മൃഗ സംരക്ഷണ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. 

അതിനിടെ, നിപ സമ്പര്‍ക്ക പട്ടികയില്‍ കൂടുതല്‍പേരെ ചേര്‍ത്തു. 188 ആയിരുന്ന സമ്പര്‍ക്ക പട്ടിക ഇപ്പോള്‍ 251 പേരായി. 32 പേരെയാണ് ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ എട്ടുപേര്‍ക്ക് രോഗലക്ഷണങ്ങളുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഈ എട്ടുപേരുടെ സാമ്പിളും പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. നിരീക്ഷണത്തിലുള്ള, അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരുടെ ട്രൂനാറ്റ് ടെസ്റ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ നടക്കും. ഇതിനായി പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സംവിധാനവും സംഘവും ഇന്ന് കോഴിക്കോടെത്തും.

പ്രദേശത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടിയുടെ വീടിന്റെ പരിസരങ്ങളില്‍ പൊലീസ് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. കടകള്‍ തുറക്കേണ്ടതില്ലെന്നാണ് നിര്‍ദേശം. ഇന്നലെ അടച്ച റോഡുകള്‍ക്കുപുറമെ ഇന്ന് കൂടുതല്‍ റോഡുകള്‍ കൂടി അടക്കും. അതേസമയം, അവശ്യവസ്തുക്കള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള നടപടികള്‍ ഏര്‍പ്പെടുത്തുന്നുണ്ട്.