നിപ: രോഗ ഉറവിടം കണ്ടെത്തുക പ്രധാനം; സമ്പര്‍ക്കമുള്ളവരെ കണ്ടെത്താന്‍ വീടുകള്‍ തോറും സര്‍വേ

 
Nipah Virus

നിരീക്ഷണത്തിലുള്ളവര്‍ക്കായി ഇന്ന് നിപ ട്രൂനാറ്റ് പരിശോധന

കോഴിക്കോട് വൈറസ് ബാധിച്ച് മരിച്ച കുട്ടിയുടെ രോഗ ഉറവിടം റമ്പൂട്ടാനാണെന്ന് കേന്ദ്ര സംഘത്തിന്റെ പ്രാഥമിക നിഗമനം. കുട്ടി പറമ്പില്‍നിന്ന് റമ്പൂട്ടാന്‍ കഴിച്ചിരുന്നതായി ബന്ധുക്കള്‍ അറിയിച്ചിരുന്നു. ഇക്കാര്യം കണക്കിലെടുത്താണ് സംഘത്തിന്റെ വിലയിരുത്തല്‍. നിപ വ്യാപനം തീവ്രമാകാനിടയില്ലെന്നും കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിനാല്‍ രോഗനിയന്ത്രണം സാധ്യമാണെന്നും സംഘം വിലയിരുത്തുന്നു. ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. അതേസമയം, ഇക്കാര്യത്തില്‍ കൂടുതല്‍ സ്ഥിരീകരണം ആവശ്യമാണ്. മൃഗ സംരക്ഷണ വകുപ്പ് പ്രത്യേകം പരിശോധന നടത്തുമെന്നാണ് മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചിരിക്കുന്നത്.  
 
ഇന്ന് മൃഗ സംരക്ഷണ വകുപ്പ് അധികൃതര്‍ മരിച്ച കുട്ടിയുടെ വീട്ടിലെത്തും. നേരത്തെ അസുഖം ബാധിച്ച ആടിനെ പരിശോധിക്കുകയും സാമ്പിള്‍ ശേഖരിക്കുകയും ചെയ്യും. പ്രദേശത്ത് വവ്വാലുകളുടെ സാന്നിധ്യമുണ്ടോ എന്ന കാര്യവും പരിശോധിക്കും. സാന്നിധ്യം കണ്ടെത്തിയാല്‍ ഇവ ഏത് വിഭാഗത്തില്‍ പെടുന്നു എന്നും കണ്ടെത്തേണ്ടതുണ്ട്. തുടര്‍ന്നായിരിക്കും വവ്വാലിന്റെ സ്രവ സാമ്പിള്‍ പരിശോധിക്കേണ്ടതുണ്ടോ എന്നതുള്‍പ്പെടെ കാര്യങ്ങള്‍ തീരുമാനിക്കുക. 

വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനും സമ്പര്‍ക്കപ്പട്ടിക കൃത്യമായി ശേഖരിക്കാനുമാണ് പ്രത്യേക പരിഗണന നല്‍കുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. വീടുകള്‍ തോറും സര്‍വെ നടത്തി സമ്പര്‍ക്കമുള്ളവരെ കണ്ടെത്തും. ഇതിനായി ആശാവര്‍ക്കര്‍മാരെ നിയോഗിച്ചിട്ടുണ്ട്. മരിച്ച കുട്ടിക്ക് തന്നെയാണോ ആദ്യം വൈറസ് ബാധിച്ചത് കുട്ടിക്ക് എവിടെനിന്നാണ് രോഗം കിട്ടിയത് എന്നതുള്‍പ്പെടെ വിവരങ്ങള്‍ കണ്ടെത്തുക സുപ്രധാനമാണ്. ഇതിനാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. 

അതേസമയം, നിരീക്ഷണത്തിലുള്ളവര്‍ക്കായി ഇന്ന് മെഡിക്കല്‍ കോളേജില്‍ നിപ ട്രൂനാറ്റ് പരിശോധന നടത്തും. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നെത്തുന്ന സംഘം ഇതിനായി പ്രത്യേക ലാബ് സജ്ജീകരിക്കും. പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടെത്തിയാല്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കണ്‍ഫേര്‍മേറ്റീവ് പരിശോധന നടത്തി 12 മണിക്കൂറിനുള്ളില്‍ ഫലം ലഭ്യമാക്കാന്‍ കഴിയും. അടിയന്തര സാഹചര്യം ഏകോപിപ്പിക്കുന്നതിനായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. പരിചയ സമ്പന്നരായ ആരോഗ്യപ്രവര്‍ത്തകരെയാണ് കമ്മറ്റികളില്‍ ഉള്‍പ്പെടുത്തുക.