നിപ: ആശ്വാസ വാര്‍ത്ത; എട്ട് സാമ്പിളുകളും നെഗറ്റീവ്

 
Nipah Virus

സമ്പര്‍ക്കപ്പട്ടികയില്‍ 251 പേരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്

നിപ ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന എട്ടുപേരുടെ സ്രവ സാമ്പിള്‍ പരിശോധനാഫലം നെഗറ്റീവ്. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ മാതാപിതാക്കള്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുടെ സാമ്പിളുകളാണ് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിച്ചത്. ആശ്വാസകരമായ വാര്‍ത്തയാണെന്നും എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 

എട്ടു പേരുടെ മൂന്ന് വീതം സാമ്പിളുകളാണ് വൈറോളജി ലാബിലേക്ക് അയച്ചത്. ഇതെല്ലാം നെഗറ്റീവാണ്. വളരെ അടുത്ത സമ്പര്‍ക്കമുള്ളവര്‍ക്ക് നെഗറ്റീവാണെന്നുള്ളത് ആ ഘട്ടത്തില്‍ ആശ്വാസകരമാണെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. സമ്പര്‍ക്കപ്പട്ടികയില്‍ 251 പേരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവരില്‍ 129 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 38 പേര്‍ ഐസൊലേഷന്‍ വാര്‍ഡിലാണ്. ഹൈ റിസ്‌കിലുള്ള 54 പേരാണുള്ളത്.

മൃഗസംരക്ഷണ വകുപ്പ് സംഘം പ്രദേശത്തുനിന്ന് റമ്പൂട്ടാന്‍ പഴങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. വവ്വാലുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടിയുടെ വീട്ടിലുള്ള ആടിന്റെ ശ്രവങ്ങളും ശേഖരിച്ചു. കാട്ടുപന്നിയുടെ സ്രവവും ശേഖരിക്കും. അതിനിടെ, വിദഗ്ധപരിശോധയ്ക്ക് ഭോപ്പാലില്‍നിന്നുള്ള എന്‍ഐവി സംഘം ബുധനാഴ്ച എത്തും. അതേസമയം, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് മുഴുവനായും മുക്കം മുനിസിപ്പാലിറ്റി, കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ ചാത്തമംഗലം പഞ്ചായത്തിനോട് ചേര്‍ന്നുകിടക്കുന്ന മൂന്നു കിലോമീറ്ററിലുള്ള വാര്‍ഡുകളിലും കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.