കേരളത്തില്‍ വീണ്ടും നിപ; കോഴിക്കോട് മരിച്ച കുട്ടിക്ക് രോഗം സ്ഥിരീകരിച്ചു, ജാഗ്രത

 
veena

രോഗത്തിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല

കേരളത്തില്‍ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കോഴിക്കോട് ഞായറാഴ്ച മരിച്ച 12 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ശനിയാഴ്ച രാത്രി വൈകിയാണ് പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫലം ലഭിച്ചത്. ഉടന്‍ തന്നെ ആരോഗ്യ വകുപ്പ് യോഗം ചേര്‍ന്നു. കുട്ടിയുടെ മൂന്ന് സാമ്പിളുകളും പോസിറ്റീവാണ്. അതേസമയം, കുട്ടിയുമായി അടുത്ത് ഇടപെട്ട ആര്‍ക്കും രോഗലക്ഷണമില്ലെന്നും മന്ത്രി പറഞ്ഞു. 

കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും അയല്‍വാസികളും ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തേക്കുള്ള റോഡുകള്‍ പോലീസ് അടച്ചിട്ടുണ്ട്. നിരീക്ഷണത്തിലുള്ള ആര്‍ക്കും ഇതുവരെ രോഗലക്ഷണങ്ങള്‍ പ്രകടമായിട്ടില്ല. അതേസമയം, രോഗത്തിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. 

ശനിയാഴ്ച രാത്രിതന്നെ ആരോഗ്യവകുപ്പ് ഉന്നതതലയോഗം ചേര്‍ന്ന് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി. കോഴിക്കോട്ടെ മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, എ.കെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍ എന്നിവരും ആരോഗ്യ വിദഗ്ധരും പങ്കെടുത്തു. കുട്ടിയുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കിയിട്ടുണ്ട്. കോഴിക്കോടിനു പുറമെ മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും ജാഗ്രത വേണം. ആശങ്ക വേണ്ടതില്ല.

മാവൂര്‍ മുന്നൂര്‍ സ്വദേശിയായ 12 വയസുകാരനാണ് ഇന്ന് പുലര്‍ച്ചെയോടെ മരിച്ചത്. തുടക്കം സാധാരണ പനിയായിരുന്നു. കുട്ടിയെ ആദ്യം ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഭേദമാകാതിരുന്നതോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അവിടെ കുറച്ച് സമയം തുടര്‍ന്നു. ഇവിടെ നിന്നാണ് ഒന്നാം തീയതിയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഇവിടെ എത്തിക്കുമ്പോള്‍ 104 ഡിഗ്രി പനിയുണ്ടായിരുന്നു. മസ്തിഷ്‌കജ്വരവും ഛര്‍ദ്ദിയും ഉണ്ടായിരുന്നു. കുട്ടി ആറ് ദിവസം അബോധാവസ്ഥയില്‍ വെന്റിലേറ്ററിലായിരുന്നു. ഡോക്ടര്‍മാക്ക് സംശയം തോന്നിയാണ് സാമ്പിളുകള്‍ പരിശോധനയക്കയച്ചത്. ശനിയാഴ്ച രാത്രിയോടെയാണ് ഫലം ലഭിച്ചത്.