നിപ മരണം: സമ്പര്‍ക്കപ്പട്ടികയില്‍ 158 പേര്‍; രണ്ടുപേര്‍ക്ക് രോഗലക്ഷണം, റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കും

 
Nipah Virus

ഒരു ഘട്ടത്തിലും കുട്ടിക്ക് കോവിഡ് പോസിറ്റീവായിരുന്നില്ല

കോഴിക്കോട് നിപ വൈറസ് ബാധിച്ച് മരിച്ച 12കാരനുമായി സമ്പര്‍ക്കം പുലര്‍ത്തിയത് 158 പേര്‍. ഇവരില്‍ 20 പേര്‍ പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവരാണ്. സമ്പര്‍ക്ക പട്ടികയിലുള്ള രണ്ടുപേര്‍ക്ക് മാത്രമാണ് രോഗ ലക്ഷണങ്ങളുള്ളത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രോഗബാധിതനായി മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് തയ്യാറാക്കി പ്രസിദ്ധീകരിക്കുമെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. 

രാവിലെ കോഴിക്കോട്ടെത്തിയ മന്ത്രി വീണ ജോര്‍ജ് ഗസ്റ്റ് ഹൗസില്‍ യോഗം ചേര്‍ന്ന ശേഷം കളക്ടറേറ്റില്‍ വിവിധ വിഭാഗങ്ങളുടെ അവലോകന യോഗം ചേര്‍ന്നു. കോഴിക്കോട് നിപ കണ്‍ട്രോള്‍ റൂം ആരംഭിച്ചതായി മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മെഡിക്കല്‍ കോളേജിലെ ഒരു വാര്‍ഡ് നിപ വാര്‍ഡ് ആക്കി മാറ്റിയിട്ടുണ്ട്. കുട്ടിയുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്ന നടപടികളിലാണ്. പ്രാഥമിക സമ്പര്‍ക്കത്തിന്റെ പട്ടിക ആയിട്ടുണ്ട്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമവും പുരോഗമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട അവലകോനങ്ങള്‍ നടത്തുകയാണ്. കുട്ടി ചികിത്സയ്ക്കെത്തിയ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരോട് ഐസൊലേഷനില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടി യാത്ര ചെയ്ത വാഹനങ്ങളടക്കം ഉള്‍പ്പെടുത്തിയുള്ള റൂട്ട് മാപ്പ് തയ്യാറാക്കി പ്രസിദ്ധീകരിക്കും. കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് ഐസൊലേഷനില്‍ പ്രവേശിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഒരു ഘട്ടത്തിലും കുട്ടിക്ക് കോവിഡ് പോസിറ്റീവായിരുന്നില്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. 

ചാത്തമംഗലം ചൂലൂരിലും പരിസരത്തും വിവിധ മെഡിക്കല്‍ സംഘങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നലെ രാത്രി വൈകിയാണ് മരണപ്പെട്ട കുട്ടിയുടെ പരിശോധന ഫലം പുറത്തു വന്നത്. അപ്പോള്‍ത്തന്നെ വേണ്ട എല്ലാ കരുതലും എടുത്തിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.