നിപ വൈറസ്: മരിച്ച കുട്ടി റമ്പൂട്ടാന്‍ കഴിച്ചിരുന്നു; കേന്ദ്രസംഘം സാമ്പിളുകള്‍ ശേഖരിച്ചു

 
Nipah Virus

വൈറസ് ബാധ വവ്വാലുകളില്‍ നിന്ന് ഏറ്റതാണോ പരിശോധിക്കും

സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘമെത്തി. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ സംഘമാണ് സംസ്ഥാനത്തെത്തിയത്. കോഴിക്കോട് നിപ വൈറസ് ബാധിച്ച് മരിച്ച പന്ത്രണ്ടുകാരന്റെ വീട് സംഘം സന്ദര്‍ശിച്ചു. കുട്ടിക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. അതേസമയം, കുട്ടി പറമ്പില്‍നിന്ന് റമ്പൂട്ടാന്‍ പഴം കഴിച്ചിരുന്നതായാണ് ബന്ധുക്കള്‍ നല്‍കിയ വിവരം. ഇതേത്തുടര്‍ന്ന് പ്രദേശവും റമ്പൂട്ടാന്‍ പഴത്തിന്റെ സാമ്പിളുകളും കേന്ദ്രസംഘം ശേഖരിച്ചു. ഇത് വവ്വാലുകള്‍ എത്തിയ ഇടമാണോ എന്ന് പരിശോധിക്കും. വൈറസ് ബാധ വവ്വാലുകളില്‍ നിന്ന് ഏറ്റതാണോ എന്ന് തിരിച്ചറിയുകയാണ് ലക്ഷ്യം. 

മരിച്ച കുട്ടിയുടെ വീടിന്റെ മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി ചാത്തമംഗലം പഞ്ചായത്തിലെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവ് കണ്ടെയിന്റ്മെന്റ് സോണാക്കി. സമീപ പ്രദേശങ്ങളിലും കോഴിക്കോട് ജില്ലയിലും മലപ്പുറം കണ്ണൂര്‍ ജില്ലകളിലും ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാവരോടും കര്‍ശനമായ ജാഗ്രത പുലര്‍ത്തണമെന്നും സമാനലക്ഷണം ഉണ്ടെങ്കില്‍ എത്രയുംപെട്ടെന്ന് ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ മുന്നൂര്‍ സ്വദേശിയായ കുട്ടിയാണ് നിപ ബാധിച്ച് മരിച്ചത്. മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞ കുട്ടിക്ക്, ഇന്നലെ രാത്രിയാണ് നിപ സ്ഥിരീകരിച്ചത്. കുട്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ നടന്നു. പ്രോട്ടോക്കോള്‍ പാലിച്ച് ആരോഗ്യ പ്രവര്‍ത്തകരും ഏതാനും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.