നിപ്പ: ഏഴ്  പേരുടെ പരിശോധനഫലം കൂടി നെഗറ്റീവ്,  പരിശോധിച്ച 68 സാംപിളുകളും നെഗറ്റീവ്

 
veena

നിപ്പയില്‍ കേരളത്തിന് കൂടുതല്‍ ആശ്വാസം. രോഗം ബാധിച്ച് മരണമുണ്ടായതിന് ശേഷം പരിശോധിച്ച 68 പേരുടെ സാംപിളുകളും നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഏഴ് പേരുടെ പരിശോധനഫലം കൂടി ഇന്ന് പുറത്തുവന്നു. നിപ വ്യാപനം അറിയാന്‍ വേണ്ടി പ്രദേശത്ത് അസ്വാഭിവകമരണങ്ങളുണ്ടായോ എന്ന് പരിശോധിച്ചു. എന്നാല്‍ അസ്വാഭാവിക പനിയോ ശാരീരിക അവശകതകളോ മൂലം ആരും മരണപ്പെട്ടിട്ടില്ലെന്നാണ് കണ്ടെത്താനായതെന്നും വീണാ ജോര്‍ജ് പറഞ്ഞു.

നിപ ആദ്യം സ്ഥിരീകരിച്ച കുട്ടിയുടെ വീടിന്റെ മൂന്നു കിലോമീറ്റർ പരിധി കണ്ടെയ്ൻമെന്റ് സോണാണ്. കേന്ദ്ര മാർഗനിർദ്ദേശം അനുസരിച്ചാണ് കണ്ടെയ്ൻമെന്റ് സോണാക്കിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഈ പ്രദേശത്തെ മുഴുവൻ വാർഡിലെയും വീടുകളിൽ സർവേ നടത്തിയിരുന്നു. ഇവിടെ അസ്വാഭാവിക മരണമോ പനിയോ കണ്ടെത്തിയിട്ടില്ല. പനി ലക്ഷണങ്ങളോടെ 89 പേരെ കണ്ടെത്തി. ഇവരുടെ സാമ്പിളുകൾ പരിശോധിക്കാൻ രണ്ടു മൊബൈൽ ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. കേന്ദ്രസംഘം സ്ഥലം സന്ദർശിക്കുന്നുണ്ട്.

ചാത്തമംഗലം സ്വദേശിയായ ഏഴാം ക്ലാസുകാരന്‍ നിപ ബാധിച്ച് മരിച്ചത് കഴിഞ്ഞ ഞായറാഴ്ചയാണ്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങിയത് പത്ത് ദിവസം മുന്‍പായിരുന്നു. 274  പേരാണ് മരിച്ച കുട്ടിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇവരില്‍ 121 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.  

സമ്പർക്ക പട്ടികയിലുള്ളവരുടെ കൂടുതൽ സാംപിളുകൾ പരിശോധനയ്ക്കായി ശേഖരിക്കുന്നത് തുടരുകയാണ്. മെഡിക്കൽ കോളജിൽ 64 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനായെടുത്ത സാംപിളുകൾ  ഭോപ്പാലിലേക്ക് അയയ്ക്കും.