'മതംമാറ്റം കൂടുതല്‍ നടത്തുന്നത് ക്രിസ്ത്യന്‍ മിഷണറിമാര്‍'; സത്യം പറയുമ്പോള്‍ വര്‍ഗീയവാദി ആക്കുമെന്ന് വെള്ളാപ്പള്ളി

 
vellappally

പാലാ ബിഷപ്പിനെ തള്ളി എസ്.എന്‍.‍ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്‍. നര്‍ക്കോട്ടിക് ജിഹാദ് എന്തെന്ന് അറിയില്ല.  ഒരു സമുദായത്തെ അവഹേളിക്കുന്നത് ശരിയല്ല. ലവ് ജിഹാദുണ്ടെങ്കില്‍ പോകുന്നത് ഒരു പെണ്ണ് മാത്രമാണ്.  പക്ഷേ മതംമാറ്റക്കാര്‍ ലക്ഷ്യമിടുന്നത് ഒരു കുടുംബത്തെ മുഴുവനാണ് കത്തോലിക്ക വൈദികന്‍ ഈഴവസമുദായത്തിനെതിരെ നടത്തിയ പ്രസ്താവന അപക്വമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

മുസ്ലീങ്ങളെക്കാൾ കൂടുതൽ ക്രിസ്ത്യാനികളാണ് മതംമാറ്റിക്കുന്നത്. എന്നാല്‍ എല്ലാ ക്രിസ്ത്യന്‍ വിഭാഗങ്ങളും ഇത് പ്രോത്സാഹിപ്പിക്കുന്നില്ല. സത്യം തുറന്നു പറയുമ്പോൾ വർഗീയവാദി ആക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.  "ക്രിസ്ത്യൻ സമുദായവും മതം മാറ്റുന്നുണ്ട്. ഒന്ന് ഇങ്ങോട്ട് വന്നാൽ 100 എണ്ണം ക്രിസ്ത്യൻ സമുദായത്തിലേക്ക് പോകുന്നുണ്ട്.ക്രിസ്ത്യൻ മിഷനറിമാരാണ് ഏറ്റവും കൂടുതൽ മതം മാറ്റിയത്.ഇല്ലായ്മയെ ചൂഷണം ചെയ്താണ് മത പരിവർത്തനം. " - അദ്ദേഹം പറഞ്ഞു.

'ഇടുക്കി ജില്ലയില്‍ കീരിത്തോട് എസ്എന്‍ഡിപി ശാഖാ സെക്രട്ടറിയുടം മകള്‍ ഇസ്രയേലില്‍ ജോലിക്ക് പോയപ്പോള്‍ ക്രിസ്ത്യാനിയെ പ്രേമിച്ച് കല്യാണം കഴിച്ചു. പലസ്തീന്റെ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയെ നാട്ടിലെത്തിച്ചപ്പോള്‍ സംസ്‌കരിച്ചത് പള്ളിയിലാണ്. ഇസ്രയേല്‍ കൊടുത്ത സാമ്പത്തിക സഹായങ്ങള്‍ സൗമ്യയുടെ മാതാപിതാക്കള്‍ക്ക് കൊടുത്തില്ല.'- വെള്ളാപ്പള്ളി ആരോപിച്ചു. ദീപികയുടെ തലപ്പത്തിരുന്ന് ഫാദർ റോയി കണ്ണൻചിറ പറഞ്ഞത് സംസ്ക്കാരത്തിന് നിരക്കാത്തതാണ്. സീനിയറായ വൈദികന്റെ ഭാഗത്ത് നിന്നുമാണ് ഈഴവർക്കെതിരെ പരാമർശം ഉണ്ടായത്. വൈദികപട്ടം കിട്ടുന്നത് ആരെക്കുറിച്ചും എന്തും പറയാനുള്ള ലൈസൻസ് അല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

ക്രിസ്ത്യൻ മിഷനറിമാർ എത്രമാത്രം മതപരിവർത്തനമാണ് രാജ്യത്ത് നടത്തുന്നത്, ന്യൂനപക്ഷം എന്ന് പറഞ്ഞു കൊണ്ട് രാജ്യത്തിന്‍റെ ഖജനാവ് മുഴുവൻ ചോർത്തുകയാണ്. സംഘടിത വോട്ട് ബാങ്കായി നിലകൊണ്ട് അധികാര രാഷ്ട്രീയത്തിൽ പ്രവേശിച്ച് അർഹതപ്പെട്ടതും അതിൽ കൂടുതലും ഈ വിഭാഗക്കാർ വാരി കൊണ്ടു പോവുകയാണ്. മറ്റ് പിന്നാക്ക, പട്ടികജാതി-വർഗ സമുദായത്തിന് എന്ത് നീതി കൊടുത്തെന്ന് പരിശോധിക്കട്ടെ എന്നും വെള്ളാപ്പള്ളി പറഞ്ഞു.

പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിന് പിന്നാലെ ഈഴവ ജിഹാദ് ആരോപിച്ച കത്തോലിക്കാ സഭാ വൈദികന്‍ ഫാ. റോയ് കണ്ണന്‍ചിറയുടെ പരാമര്‍ശം വിവാദമായിരുന്നു. കത്തോലിക്ക പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതിന് ഈഴവ ചെറുപ്പക്കാര്‍ക്ക് പരിശീലനം നല്‍കുന്നു എന്നായിരുന്നു റോയ് കണ്ണന്‍ചിറയുടെ പരാമര്‍ശം. സംഭവം വിവാദമായതിന് പിന്നാലെ വൈദികന്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു.