ഡ്രസ് കോഡ് അടിച്ചേല്‍പ്പിക്കേണ്ട, അധ്യാപകര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിച്ച് ജോലി ചെയ്യാം;  സര്‍ക്കാര്‍


 

അധ്യാപകര്‍ക്ക് പ്രത്യേക ഡ്രസ് കോഡ് അടിച്ചേല്‍പ്പിക്കരുതെന്ന് മാനേജ്‌മെന്റുകളോട് ഉന്നത വിദ്യാഭ്യാസ വകുപ്പ്
 
teachers
2014 ല്‍ ഇതേ കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള സര്‍ക്കുലര്‍ സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകര്‍ക്ക് ഏതെങ്കിലും പ്രത്യേക ഡ്രസ് കോഡ് അടിച്ചേല്‍പ്പിക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവ്. 2014 ല്‍ ഇതേ കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള സര്‍ക്കുലര്‍ സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നുവെങ്കിലും ചില മാനേജ്‌മെന്റുകള്‍ അധ്യാപകരുടെ വസ്ത്രധാരണത്തില്‍ നിര്‍ബന്ധം പിടിക്കുന്നുവെന്ന പരാതിയിലാണ് വീണ്ടും ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫ. ആര്‍ ബിന്ദുവാണ് ഇക്കാര്യം അറിയിച്ചത്. ജോലി വേണമെങ്കില്‍ എല്ലാ ദിവസവും സാരി ധരിച്ച് വരണമെന്ന മാനേജ്‌മെന്റ് നിര്‍ബന്ധത്തിനെതിരേ കൊടുങ്ങല്ലൂരിലുള്ള ഒരു അധ്യാപിക നല്‍കിയ പരാതിയിലാണ് അധ്യാപകരുടെ വസ്ത്രധാരണം സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് ഒരിക്കല്‍ കൂടി വ്യക്തമാക്കി കൊണ്ടുള്ള ഉത്തരവ് ഇറക്കുന്നതെന്നാണ് മന്ത്രി ആര്‍ ബിന്ദു വ്യക്തമാക്കിയത്.

അധ്യാപികമാര്‍ സാരി ധരിച്ച് ജോലി ചെയ്യണം എന്ന വിധത്തിലുള്ള യാതൊരു നിയമവും നിലവില്‍ ഇല്ലെന്നിരിക്കെ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ചില നിബന്ധനകളും നിര്‍ബന്ധങ്ങളും അടിച്ചേല്‍പ്പിക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ് ഉത്തരവില്‍ പറയുന്നത്. ഏതെങ്കിലും തരത്തിലുള്ള ഡ്രസ് കോഡ് അരുതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും ഡ്രസ് കോഡ് സംബന്ധിച്ച് കാലാനുസൃതമല്ലാത്ത പിടിവാശികള്‍ ചില മേധാവികളും മാനേജുമെന്റുകളും അടിച്ചേല്‍പ്പിക്കുകയാണെന്ന് അധ്യാപകര്‍ പരാതി പെടുന്നു. ഈ സാഹചര്യത്തില്‍ തൊഴില്‍ ചെയ്യാന്‍ സൗകര്യപ്രദമായതും മാന്യമായതുമായ ഏതു വസ്ത്രം ധരിച്ചും അധ്യാപകര്‍ക്ക് സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കാവുന്നതാണെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് സെക്രട്ടറി ഇറക്കിയ ഉത്തരവില്‍ പറയുന്നത്.

കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെല്ലാം തന്നെ അധ്യാപകര്‍ക്ക് ഇഷ്ടമുള്ളതും സൗകര്യപ്രദവുമായ വസ്ത്രം ധരിക്കാനുള്ള എല്ലാ അവകാശവുമുണ്ടെന്നും സാരി അടിച്ചേല്‍പ്പിക്കുന്ന രീതി കേരളത്തിന്റെ പുരോഗമന ചിന്താഗതിക്ക് ഉതകുന്നതല്ലെന്നുമാണ് പുതിയ ഉത്തരവ് പങ്കുവച്ചുകൊണ്ട് മന്ത്രി ആര്‍ ബിന്ദു തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചത്. ഒരു അധ്യാപികയ്ക്ക് നൂറായിരം കര്‍ത്തവ്യങ്ങള്‍ വഹിക്കേണ്ടതായുണ്ട്. പക്ഷേ അസ്ഥാനത്തുള്ള കാലഹരണപ്പെട്ട ആശയങ്ങളെ മുറുക്കിപ്പിടിച്ച് ജീവിക്കേണ്ട ഒരു സാഹചര്യം ഒരിക്കലും ഈ പട്ടികയില്‍ വരില്ലെന്നും മ്ന്ത്രി പറയുന്നു.

മന്ത്രിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

നാലഞ്ചു ദിവസം മുന്‍പ് ഒരു യുവ അദ്ധ്യാപിക ഒരു പരാതി രേഖപ്പെടുത്തി സംസാരിച്ചു. ഒരു മാസം മുമ്പ് കൊടുങ്ങല്ലൂരിലെ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തില്‍ അവര്‍ക്ക് നേരിടേണ്ടിവന്ന ഒരനുഭവം പങ്കു വയ്ക്കാനാണ് വിളിച്ചത്. NET ക്ലിയര്‍ ചെയ്തിട്ടുള്ള, MAയും B.Ed-ഉം ഉള്ള ആ അധ്യാപികയ്ക്ക് ജോലി വേണമെങ്കില്‍, എല്ലാ ദിവസവും സാരി ഉടുത്തേ പറ്റൂ എന്നൊരു നിബന്ധന അധികാരികള്‍ മുന്നോട്ടുവച്ചു എന്നാണ് അറിയാന്‍ കഴിഞ്ഞത്.

ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് പല ആവര്‍ത്തി വ്യക്തമാക്കിയിട്ടുള്ളതാണ്. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒക്കെത്തന്നെ അധ്യാപകര്‍ക്ക് ഇഷ്ടമുള്ള, അവര്‍ക്ക് സൗകര്യപ്രദമായ വസ്ത്രം ധരിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. സാരി അടിച്ചേല്‍പ്പിക്കുന്ന രീതി കേരളത്തിന്റെ പുരോഗമന ചിന്താഗതിക്ക് ഉതകുന്നതല്ല. ഞാനും ഒരു അധ്യാപികയാണ്. കേരള വര്‍മയില്‍ പഠിപ്പിച്ചിരുന്ന സമയത്ത് നിരന്തരം ചുരിദാര്‍ ധരിച്ച് പോകുമായിരുന്നു.

ഒരു അധ്യാപികയ്ക്ക് നൂറായിരം കര്‍ത്തവ്യങ്ങള്‍ വഹിക്കേണ്ടതായുണ്ട്. പക്ഷേ അസ്ഥാനത്തുള്ള കാലഹരണപ്പെട്ട ആശയങ്ങളെ മുറുക്കിപ്പിടിച്ച് ജീവിക്കേണ്ട ഒരു സാഹചര്യം ഒരിക്കലും ഈ പട്ടികയില്‍ വരില്ല.വസ്ത്രധാരണ രീതി ഒരാളുടെ വ്യക്തിപരമായ കാര്യമാണ്. അതില്‍ അകാരണമായി ഇടപെടാന്‍ മറ്റാര്‍ക്കും അവകാശമില്ല.

2014ല്‍ മെയ് 9ന് ഇത് വ്യക്തമാക്കി ഒരു സര്‍ക്കുലര്‍ സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നെങ്കിലും ഇപ്പോഴും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ പ്രവൃത്തി ആവര്‍ത്തിച്ചുവരുന്നതായി അറിയാന്‍ സാധിച്ചതിനാല്‍, വീണ്ടും ഒരു ഉത്തരവ് കൂടി പുറപ്പെടുവിച്ചു.