കോവിഡനന്തര ലോകം വ്യത്യസ്തമാകുമോയെന്നത് ഇപ്പോള്‍ നാം ചെയ്യുന്ന കാര്യങ്ങളെ ആശ്രയിച്ചിരിക്കും: കേരള ഡയലോഗ്സില്‍ നോം ചോംസ്കി

 
കോവിഡനന്തര ലോകം വ്യത്യസ്തമാകുമോയെന്നത് ഇപ്പോള്‍ നാം ചെയ്യുന്ന കാര്യങ്ങളെ ആശ്രയിച്ചിരിക്കും: കേരള ഡയലോഗ്സില്‍ നോം ചോംസ്കി

ജനങ്ങള്‍ ഇപ്പോള്‍ എന്തു ചെയ്യുന്നു എന്നതിനെ ആധാരമാക്കിയാകും മഹാമാരിക്കു ശേഷമുള്ള ലോകം എങ്ങനെയാകുക എന്ന് തീരുമാനിക്കപ്പെടുകയെന്ന് വിഖ്യാത ചിന്തകന്‍ നോം ചോംസ്കി പറഞ്ഞു. കേരള സര്‍ക്കാര്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കോവിഡനന്തര ലോകത്തെക്കുറിച്ച് സംസാരിക്കുന്നത് ഉചിതമാണ്, അഥവാ ലോകം കോവിഡിനു ശേഷം അത്രകണ്ട് പരിണമിക്കുമെന്ന് കരുതാമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ചോംസ്കി.

നിയോ ലിബറല്‍ ദുരന്തങ്ങളുടെ സ്രഷ്ടാക്കളായ ഭരണകൂടങ്ങള്‍ ശക്തമായി നിലവിലുണ്ട്. ട്രംപിന്റെ വിനാശകാരിയായ നീക്കങ്ങളില്‍ നിന്ന് ഗുണം പറ്റുന്നവരുണ്ട്. അവര്‍ നിരന്തരമായും വിശ്രമമില്ലാതെയും പ്രവര്‍ത്തിക്കുകയാണ്. കോവിഡനന്തര ലോകം അതിനെ സൃഷ്ടിച്ച ലോകത്തില്‍ നിന്നും വ്യത്യസ്തമാകരുതെന്ന വാശിയോടെ അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്.

കൂടുതല്‍ നിരീക്ഷണ സംവിധാനങ്ങള്‍ സൃഷ്ടിച്ചും കൂടുതല്‍ ഏകാധിപത്യപരമായ നയങ്ങള്‍ നടപ്പാക്കിയും, കോവിഡിനു ശേഷമുള്ള ലോകം തങ്ങള്‍ ഭരിക്കുന്ന ലോകത്തില്‍ നിന്നും വ്യത്യസ്തമാകരുതെന്ന ആഗ്രഹത്തോടെ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. ഇതിനെതിരായ ഒഴുക്കുകളും ലോകത്തിലുണ്ട്. അവയ്ക്ക് വേണ്ടത്ര ശക്തിയാര്‍ജിക്കാനായാല്‍ കാര്യങ്ങളില്‍ നിര്‍ണായകമായ മാറ്റങ്ങളുണ്ടാക്കാന്‍ കഴിയും. കുറച്ചു നാളുകള്‍ക്കു മുമ്പാണ് പ്രോഗ്രസീവ് ഇന്റര്‍നാഷണലിന്റെ പ്രഖ്യാപനമുണ്ടായത്. അത് സാന്‍ഡേഴ്സ് നടത്തിയ മുന്നേറ്റത്തെ ആധാരമാക്കിയുള്ളതായിരുന്നു. യൂറോപ്പിലെ ഡെമോക്രസി ഇന്‍ യൂറോപ്പ് മൂവ്മെന്റ് അത്തരത്തിലുള്ള മറ്റൊരു ശ്രമമാണ്. ഐസ്‌ലാന്‍ഡിന്റെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇവര്‍ ആദ്യത്തെ യോഗം കൂടാന്‍ പോകുകയാണ്. ലോകത്തെ മാറ്റിത്തീര്‍ക്കുന്നതിനുള്ള വിചാരങ്ങള്‍ അവര്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഈ സംഘര്‍ഷം എങ്ങനെ അവസാനിക്കുമെന്ന് നമുക്കൊരിക്കലും പ്രവചിക്കാനാകില്ലെന്നും തന്റെ സംഭാഷണത്തിന്റെ തുടക്കത്തില്‍ ചോംസ്കി അഭിപ്രായപ്പെട്ടു. ചര്‍ച്ച തുടരുകയാണ്.

നമ്മുടെ പരിഗണനകളില്‍ മാറ്റം വന്നിരിക്കുന്നതായി പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പുതിയ പ്രതിസന്ധികളെ നേരിടാന്‍ പുതിയ ജ്ഞാന പദ്ധതികള്‍ രൂപപ്പെട്ടു വരേണ്ടതുണ്ട്. ഇതിനായി വലിയ ചര്‍ച്ചകള്‍ ഉയര്‍ന്നു വരുന്നുണ്ട്. കേരളം ഇതിലൊരു വഴിവെട്ടുന്ന ജോലിയിലേര്‍പ്പെടും. ഭരണകൂടവും ജനങ്ങളും തമ്മിലുള്ള ബന്ധം ശക്തമാകേണ്ട സാഹചര്യമാണ് മഹാമാരി കൊണ്ടു വന്നിരിക്കുന്നത്. വികേന്ദ്രീകൃത ഭരണസംവിധാനത്തിന്റെ പ്രാധാന്യം ഈ മഹാമാരി നമ്മെ ബോധ്യപ്പെടുത്തിക്കഴിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശാക്തീകരിക്കപ്പെട്ട തദ്ദേശഭരണ സംവിധാനങ്ങള്‍ക്കു കീഴില്‍ ജനങ്ങള്‍ അണിനിരക്കുക എന്നതാണ് കോവിഡിനെ നേരിടാന്‍ ഏറ്റവും കാര്യക്ഷമമായ സംവിധാനമെന്ന് പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. സാമ്പത്തിക അസമത്വം മഹാമാരികളെ നേരിടുന്നതിന് വലിയ വിഘാതമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.