കുറ്റകൃത്യ പശ്ചാത്തലമില്ലാത്തതും പ്രായവും പരിഗണിച്ചു; സൂരജിന്റെ തൂക്കുകയര്‍ ഒഴിവായി

 
sooraj

കുറ്റകൃത്യത്തില്‍ മാനസാന്തരം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് കോടതി

രാജ്യത്തെ തന്നെ അത്യപൂര്‍വ കേസുകളിലൊന്നായിരുന്നു ഉത്ര വധക്കേസ്. ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനും സ്വത്ത് കൈക്കലാക്കാനുമായി പ്രതി പാമ്പിനെക്കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. ജീവനുളള ഒരു വസ്തുവിനെ കൊലപാതകത്തിനുളള ആയുധമായി ഉപയോഗിച്ചു എന്നതായിരുന്നു കേസിനെ വേറിട്ടുനിര്‍ത്തിയത്. കൃത്യം നടപ്പാക്കാനായി സമാനതകളില്ലാത്ത കുബുദ്ധിയാണ് പ്രതി തിരഞ്ഞെടുത്തത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. കേസിന്റെ സ്വഭാവം അംഗീകരിച്ചെങ്കിലും പ്രതിയുടെ പ്രായവും കുറ്റകൃത്യ പശ്ചാത്തലം ഇല്ലാത്തതും പരിഗണിച്ചാണ് കോടതി വധശിക്ഷ ഒഴിവാക്കിയത്. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണ് വിധി പ്രസ്താവിച്ചത്. 

പ്രതിക്ക് കുറ്റകൃത്യ പശ്ചാത്തലമില്ലെന്ന വസ്തുതയാണ് കോടതി ചൂണ്ടിക്കാണിച്ചത്. പ്രതിക്ക് 27 വയസ് മാത്രമാണുള്ളത്. കുറ്റകൃത്യത്തില്‍ മാനസാന്തരം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കിയതായി പ്രോസിക്യൂഷന്‍ പറഞ്ഞു. വിവിധ വകുപ്പുകളിലായി 17 വര്‍ഷം തടവിനുശേഷമാണ് ഇരട്ട ജീവപര്യന്തം അനുഭവിക്കേണ്ടത്. 328ാം വകുപ്പ് പ്രകാരം വിഷം നല്‍കി പരിക്കേല്‍പ്പിക്കലിന് പരമാവധി ശിക്ഷയായ പത്ത് വര്‍ഷം തടവ്, 201ാം വകുപ്പ് പ്രകാരം തെളിവുനശിപ്പിക്കലിന് ഏഴ് വര്‍ഷം തടവ്, 302ാം വകുപ്പ് പ്രകാരം ആസൂത്രിത കൊലപാതകത്തിനും 307ാം വകുപ്പ് പ്രകാരം നരഹത്യാശ്രമത്തിനുമാണ് ജീവപര്യന്തം തടവുകള്‍. അഞ്ച് ലക്ഷം രൂപ പിഴയും ഒടുക്കണം. 

സൂരജിന്റെ വധശിക്ഷയാണ് സമൂഹം ആഗ്രഹിക്കുന്നതെന്നായിരുന്നു സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജിന്റെ പ്രതികരണം. നിയമപരമായ ബാധ്യതയാണ് താന്‍ നിറവേറ്റുന്നതെന്നും അദ്ദേഹം പറയുന്നു. വധശിക്ഷയുടെ ശരിതെറ്റുകളെക്കുറിച്ചോ വധശിക്ഷ പരിഷ്‌കൃതമാണോ എന്ന ചിന്തയോ തുടങ്ങി, വ്യക്തിപരമായ യാതൊരു അഭിപ്രായവും ഇതിലില്ല. പൊതുസമൂഹത്തിന്റെ പൊതുവായ ഒരാവശ്യം, അതാണ് പ്രധാനം.ഇതുവരെ ഒരു കേസില്‍ വധശിക്ഷയ്ക്കുവേണ്ടി വാദിച്ചിട്ടില്ല. ആദ്യമായാണ് അങ്ങനെ വാദിക്കുന്നതെന്ന് മോഹന്‍രാജ് ഇന്നലെ കോടതിയിലും പറഞ്ഞിരുന്നു. വിധിപ്രസ്താവം പൂര്‍ണമായും ലഭിച്ചശേഷം സര്‍ക്കാരുമായി ആലോചിച്ചശേഷമാകും അപ്പീല്‍ പോകണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കുക. 

Also Read: പാമ്പിന്റെ ഡിഎന്‍എ പരിശോധനയും പോസ്റ്റുമോര്‍ട്ടവും നടത്തിയ ഏക കേസ്