കുട്ടികളുടെ  സ്കൂള്‍ യാത്രയ്ക്ക് മാര്‍ഗരേഖ; ഒരു സീറ്റില്‍ ഒരാൾ, നിന്ന് യാത്ര പാടില്ല

 
d

നവംബര്‍ ഒന്നിന് സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാനിരിക്കേ, സ്‌കൂള്‍ ബസിലെ യാത്രയുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശം പുറത്തിറക്കി ഗതാഗത വകുപ്പ്. ഒരു സീറ്റില്‍ ഒരു കുട്ടി മാത്രമേ ഇരിക്കാന്‍ പാടുള്ളൂ. ഒക്ടോബര്‍ 20ന് മുമ്പ് സ്‌കൂള്‍ ബസുകളുടെ ഫിറ്റ്‌നസ് ഉറപ്പാക്കണമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു മാധ്യമങ്ങളോട് പറഞ്ഞു.

പനിയോ ചുമയോ മറ്റു രോഗ ലക്ഷണങ്ങളോ ഉള്ള വിദ്യാർഥികള്‍ക്കും യാത്ര അനുവദിക്കില്ല. സ്കൂള്‍ വാഹനങ്ങളില്‍ തെര്‍മല്‍ സ്കാനറും സാനിറ്റൈസറും കരുതണം. ഹാന്‍ഡ് സാനിറ്റൈസര്‍ എല്ലാ വിദ്യാർഥികളും കൊണ്ടുവരണം.

എല്ലാ കുട്ടികളും മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിച്ച് പരസ്പരമുള്ള സ്പര്‍ശനം ഒഴിവാക്കണമെന്നും നിഷ്കര്‍ഷിച്ചിട്ടുണ്ട്. വാഹനത്തില്‍ എസിയും തുണികൊണ്ടുള്ള സീറ്റ് കവറും കര്‍ട്ടനും പാടില്ല. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുവാന്‍ സ്കൂള്‍ അധികൃതര്‍ കുട്ടികളെ പ്രേരിപ്പിക്കണമെന്നും ഓരോ ദിവസവും യാത്ര അവസാനിക്കുമ്പോള്‍ അണുനാശിനിയോ സോപ്പ് ലായനിയോ ഉപയോഗിച്ച് വാഹനങ്ങള്‍ കഴുകേണ്ടതാണെന്നും നിർദേശിച്ചിട്ടിട്ടുണ്ട്.

ഒക്ടോബര്‍ 20നു മുന്‍പ് മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്കൂളുകളില്‍ നേരിട്ടെത്തി വാഹനങ്ങളുടെ യാന്ത്രിക ക്ഷമതാ പരിശോധന, ഫിറ്റ്നസ് പരിശോധന എന്നിവ പൂര്‍ത്തിയാക്കി ട്രയല്‍ റണ്ണിനു ശേഷം മാത്രമേ വിദ്യാർഥികളുടെ യാത്രയ്ക്കായി വാഹനം ഉപയോഗിക്കാവൂ. പരിശോധന പൂര്‍ത്തിയാക്കിയ വാഹനങ്ങള്‍ക്ക് മോട്ടര്‍ വാഹന വകുപ്പ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നല്‍കും. ഈ സര്‍ട്ടിഫിക്കറ്റ് വാഹനത്തില്‍ സൂക്ഷിക്കണം.   സ്‌കൂള്‍ ബസ് ജീവനക്കാര്‍ കോവിഡ് വാക്‌സിന്റെ രണ്ടു ഡോസും സ്വീകരിച്ചവരായിരിക്കണമെന്നും ആന്റണി രാജു പറഞ്ഞു.