'ചെന്നിത്തലയുടെ പൊതുപ്രവര്‍ത്തനത്തിന് ആരുടെയെങ്കിലും മറവേണമെന്ന് വിശ്വസിക്കുന്നില്ല'

 
congress

ഉമ്മന്‍ചാണ്ടിയെ മറയാക്കി രമേശ് ചെന്നിത്തല പുറകില്‍ നിന്ന് കളിക്കുകയാണെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ന്റെ പ്രസ്താവനയില്‍  പ്രതികരിച്ച് ഉമ്മന്‍ചാണ്ടി. ചെന്നിത്തലക്ക് പൊതു പ്രവര്‍ത്തനം നടത്താന്‍ തന്റെ മറ ആവശ്യമില്ലെന്നായിരുന്നു ഉമ്മന്‍ചാണ്ടി പറഞ്ഞത്. 

'രമേശ് ചെന്നിത്തല ദേശീയ തലത്തിലും കേരളത്തിലും പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ്. അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തനത്തിന് ആരുടെയെങ്കിലും മറവേണമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എന്റെ മറ ആവശ്യമില്ലെന്ന് എനിക്ക് നല്ല പോലെ അറിയാം', ഉമ്മന്‍ചാണ്ടി പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിസിസി അധ്യക്ഷന്‍മാരെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ നേതാക്കള്‍ പരസ്യപ്രതികരണം നടത്തുന്നത് ഓരോരുത്തരുടെ അഭിപ്രായങ്ങളാണെന്നും അതിനെ കുറിച്ചൊന്നും താന്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

തീകെടുത്താന്‍ ശ്രമിക്കുമ്പോള്‍ പന്തം കുത്തി ആളിക്കത്തിക്കരുതെന്നും ഉമ്മന്‍ചാണ്ടിയെ മറയാക്കി പുറകില്‍നിന്ന് കളിക്കരുതെന്നും
രമേശ് ചെന്നിത്തലയ്ക്കെതിരേ കടുത്ത വിമര്‍ശനവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയില്‍ പകയുടെ കാര്യമില്ല, പാര്‍ട്ടി ക്ഷീണത്തിലായ നിലവിലെ സാഹചര്യം മനസിലാക്കി പ്രവര്‍ത്തിക്കണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.