നെല്ല് സംഭരണത്തിൽ സർവത്ര അനിശ്ചിതത്വം, വൈകിയാൽ വൻകിട കോർപ്പറേറ്റുകൾക്ക് കുറഞ്ഞ വിലയ്ക്ക് വിൽക്കേണ്ടി വരുമെന്ന ഭീതിയിൽ കർഷകർ

 
നെല്ല് സംഭരണത്തിൽ സർവത്ര അനിശ്ചിതത്വം, വൈകിയാൽ വൻകിട കോർപ്പറേറ്റുകൾക്ക് കുറഞ്ഞ വിലയ്ക്ക് വിൽക്കേണ്ടി വരുമെന്ന ഭീതിയിൽ കർഷകർ

നെല്ല് സംഭരണത്തില്‍ ആശയക്കുഴപ്പങ്ങള്‍ തുടരുന്നു. ആശങ്കയൊഴിയാതെ കര്‍ഷകര്‍. സ്വകാര്യ മില്ലുകളുമായി ഉടക്കി നില്‍ക്കുന്ന സര്‍ക്കാര്‍ സഹകരണ സംഘങ്ങള്‍ വഴി നെല്ല് സംഭരിക്കാന്‍ ധാരണയായിരുന്നു. എന്നാല്‍ സംഭരണത്തിനുള്ള സംവിധാനങ്ങളില്ലാത്തതിനാല്‍ സഹകരണ സംഘങ്ങള്‍ ഭൂരിഭാഗവും നെല്ല് സംഭരണത്തില്‍ പങ്കാളികളാവുന്നില്ല. പാലക്കാട് 90 ശതമാനത്തിലധികം കൊയ്ത്ത് കഴിഞ്ഞപ്പോള്‍ പത്ത് ശതമാനത്തില്‍ താഴെ മാത്രമാണ് ഇതേവരെ സംഭരിച്ചിട്ടുള്ളത്. സാമ്പത്തിക പ്രതിസന്ധിയിലായ കര്‍ഷകര്‍ കിട്ടിയ വിലയ്ക്ക് നെല്ല് തൂക്കി വില്‍ക്കുന്നു. അതേസമയം സ്വകാര്യ മില്ലുകള്‍ മൂന്ന് മാസത്തേക്ക് സര്‍ക്കാരുമായി സഹകരിക്കാമെന്ന് ഉറപ്പ് നല്‍കിയതായും ഇന്ന് മുതല്‍ മില്ലുകള്‍ സംഭരണം ആരംഭിക്കുമെന്നും മന്ത്രി. എന്നാല്‍ സംഭരണം സംബന്ധിച്ച് പുതിയ തീരുമാനങ്ങളൊന്നും തങ്ങളെ അറിയിച്ചിട്ടില്ലെന്ന് സഹകരണ സംഘങ്ങള്‍.

നെല്ല് സംഭരണം വൈകുന്നതിനാല്‍ കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാവുന്നത്. സ്വകാര്യ മില്ലുടമകള്‍ സംഭരണത്തില്‍ സഹകരിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. തുടര്‍ന്ന് സെപ്തംബര്‍ മുതല്‍ കൊയ്ത്ത് തുടങ്ങിയ പാലക്കാട് ജില്ലയില്‍ സംഭരണം ആരംഭിക്കാനായിരുന്നില്ല. ഈ പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാനത്ത് സഹകരണ സംഘങ്ങള്‍ വഴി നെല്ല് സംഭരിക്കാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു. 28 രൂപ അഞ്ച് പൈസ നിരക്കില്‍ ഒരു കിലോ നെല്ല് സംഭരിക്കാനാണ് തീരുമാനിച്ചത്. പാലക്കാട്, ആലപ്പുഴ, തൃശൂര്‍, കോട്ടയം ജില്ലകളില്‍ ഇത്തരത്തില്‍ സഹകരണ സംഘങ്ങള്‍ വഴി നേരിട്ട് നെല്ല് സംഭരണം നടത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. നെല്ല് സംഭരിക്കുമ്പോള്‍ തന്നെ കര്‍ഷകര്‍ക്ക് അതിന്റെ വില നല്‍കാനും തീരുമാനമായിരുന്നു. ഇതനുസരിച്ച് പാലക്കാട് ജില്ലയില്‍ മുപ്പതിലധികം സഹകരണ സംഘങ്ങള്‍ നെല്ല് സംഭരിക്കാന്‍ തയ്യാറായി വന്നിട്ടുണ്ടെന്നും 23 സംഘങ്ങള്‍ സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ടെന്നും മന്ത്രി പി തിലോത്തമന്‍ അറിയിച്ചിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച സംഭരണം ആരംഭിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. എന്നാല്‍ തീരുമാനം ഉണ്ടായതല്ലാതെ സംഭരണം കാര്യമായി നടക്കുന്നില്ലെന്ന് പാലക്കാട്ടെ കര്‍ഷകര്‍ പറയുന്നു. ചുരുക്കം ചില സഹകരണ സംഘങ്ങള്‍ നെല്ല് സംഭരിക്കുന്നുണ്ടെങ്കിലും സംഭരണത്തില്‍ വലിയ പുരോഗതി ഉണ്ടായിട്ടില്ല. ഏജന്റുമാര്‍ വഴിയും അല്ലാതെയും വലിയ നഷ്ടം സഹിച്ചും നെല്ല് വിറ്റൊഴിക്കുകയാണ് കര്‍ഷകര്‍. ഒരു കിലോയ്ക്ക് 13 രൂപ മുല്‍ 17 രൂപ വരെ തുകയ്ക്കാണ് കര്‍ഷകര്‍ പുറത്ത് നെല്ല് വില്‍ക്കുന്നത്. കര്‍ഷകനായ നിജാമുദ്ദീന്‍ കൊല്ലംകോട് പറയുന്നു, "സര്‍ക്കാര്‍ അത്തരത്തില്‍ ഒരു തീരുമാനമെടുത്തു. സഹകരണ സംഘങ്ങളുമായി കരാര്‍ വച്ചു എന്ന് പറയുന്നതല്ലാതെ ഇവിടെ സംഭരണമൊന്നും നടക്കുന്നില്ല. പത്തും പന്ത്രണ്ടും രൂപ നഷ്ടം സഹിച്ചും കര്‍ഷകര്‍ നെല്ല് വില്‍ക്കുകയാണ്. മഴ മാറാതെ നില്‍ക്കുന്നത് കര്‍ഷകര്‍ക്ക് വലിയ പ്രതിസന്ധിയാണ്. നെല്ല് നനഞ്ഞ് പോവാതിരിക്കാന്‍ ടാര്‍പോള വലിച്ചിട്ടും കിടപ്പ് മുറിയില്‍ വരെ കുത്തി നിറച്ചും ആണ് ഇവിടുത്തെ കര്‍ഷകര്‍ ഓരോരുത്തരും നെല്ല് കൂട്ടിയിട്ടിരിക്കുന്നത്. ചെറുകിട കര്‍ഷകരാണ് കൂടുതലും. സ്വന്തം വീട്ടില്‍ നെല്ല് നിറച്ച് പുറത്ത് കിടന്നുറങ്ങേണ്ട അവസ്ഥയാണ് കര്‍ഷകര്‍ക്കും കുടുംബങ്ങള്‍ക്കും. ലക്ഷക്കണക്കിന് രൂപയുടെ വൈക്കോല്‍ നനഞ്ഞ് പോയി. ദുരിതം പറഞ്ഞാല്‍ തീരില്ല"

2018ലെ പ്രളയത്തില്‍ സംഭരിച്ച നെല്ല് നശിച്ച് പോയതില്‍ നഷ്ടപരിഹാരത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് സ്വകാര്യ മില്ലുടകളും സര്‍ക്കാരും തമ്മില്‍ നിലനില്‍ക്കുന്നത്. നശിച്ച് പോയ നെല്ലിന്റെ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണമെന്നാണ് മില്ലുടമകളുടെ ആവശ്യം. 127 കോടി രൂപയുടെ നെല്ല് 2018ലെ പ്രളയത്തില്‍ നാശം വന്നതായാണ് സപ്ലൈകോയുടെ കണക്ക്. ഇതില്‍ ഇന്‍ഷൂറന്‍സ് തുകയായും നെല്ല് വിറ്റയിനത്തിലും 67 കോടി രൂപ മില്ലുടമകള്‍ക്ക് ലഭിച്ചു. ബാക്കി തുക നല്‍കേണ്ട ബാധ്യത ഇല്ലെന്നാണ് സര്‍ക്കാരിന്റെ വാദം. പ്രകൃതി ദുരന്തം വന്ന് സംഭരിച്ച നെല്ല് നശിക്കുന്നതില്‍ മില്ലുകള്‍ക്കാണ് ഉത്തരവാദിത്തം എന്നാണ് മില്ലുകളുമായി സപ്ലൈകോ വച്ച കരാറില്‍ പറയുന്നതെന്ന് മന്ത്രി പി തിലോത്തമന്‍ വ്യക്തമാക്കി. ഇത് സംഭരണം തുടങ്ങിയ കാലം മുതലുള്ള കരാറാണ്. അതിനാല്‍ അന്നത്തെ സിഎംഡി പ്രോസസ്സിങ് ചാര്‍ജ് തടഞ്ഞുവച്ചു. ഇതിനെതിരെ മില്ലുടമകള്‍ കോടതിയെ സമീപിച്ചു. കോടതി വിധി പറയാനായി കേസ് മാറ്റി വച്ചിരിക്കുന്നതിനാല്‍ വിധി വന്നതിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം എന്നാണ് സര്‍ക്കാര്‍ നിലപാട്. നഷ്ടപരിഹാരം വേണമെന്ന ആവശ്യം പരിഗണിക്കാത്തതിനാല്‍ സംഭരണത്തില്‍ നിന്ന് മില്ലുകള്‍ പിന്‍മാറിയതോടെയാണ് പ്രതിസന്ധിയ്ക്ക് തുടക്കമായത്. എന്നാല്‍ സംഭരണത്തിനായി സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ നടത്താതെ കൊയ്ത്ത് തുടങ്ങിയതിന് ശേഷം ചര്‍ച്ച ചെയ്യുന്നതിലാണ് കര്‍ഷകര്‍ക്ക് പ്രതിഷേധം. എരിമയൂരിലെ കര്‍ഷകനായ മണികണ്ഠന്‍ പറയുന്നു, "കൊയ്ത്ത് ഇക്കാലയളവില്‍ നടക്കും എന്ന സര്‍ക്കാരിനറിയാം. എന്നാല്‍ നേരത്തെ തന്നെ ഇക്കാര്യത്തില്‍ മില്ലുടമകളോടുള്‍പ്പെടെ ചര്‍ച്ച ചെയ്ത് കാര്യങ്ങള്‍ തീരുമാനിക്കേണ്ടതും മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍ കൊയ്ത്ത് തുടങ്ങിയതിന് ശേഷം മാത്രമാണ് സംഭരണത്തിലെ വിഷയങ്ങള്‍ സര്‍ക്കാര്‍ ആലോചിക്കുന്നതും ചര്‍ച്ച ചെയ്യുന്നതും. നാല് മാസം മുന്നെ വിതച്ച വിത്തുകള്‍ ഈ സമയത്ത് കൊയ്യണമെന്ന് അറിയാത്തതല്ല കേരളത്തിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും. പലിശയും കൂട്ടുപലിശയും ആയി വായ്പകളില്‍ നട്ടം തിരിയുന്നവരാണ് കര്‍ഷകര്‍. ബാങ്ക് വായ്പ, സ്വര്‍ണ പണയം, ബ്ലേഡിന് കടമെടുത്തത് തുടങ്ങി ബാധ്യതകള്‍ക്ക് മുകളില്‍ ജീവിക്കുന്നവര്‍ക്ക് ഈ പൈസ കിട്ടിയിട്ട് വേണം അതൊക്കെ അടച്ച് തീര്‍ക്കാന്‍. വിദ്യാഭ്യാസം, ആശുപത്രി അങ്ങനെ ചെലവുകള്‍ ഞങ്ങള്‍ക്കുമുണ്ട്. കോവിഡ് ആയതുകൊണ്ട് പൈസ കടം തരാന്‍ പോലും ആരുമില്ല. ഇപ്പോ തന്നെ കുറേ നെല്ല് നനഞ്ഞ് പോയി. ഇനി സംഭരിക്കുമ്പോള്‍ ക്വാളിറ്റി കുറവെന്ന് പറഞ്ഞ് അപ്പോഴും കുറയ്ക്കും വില. സര്‍ക്കാര്‍ കര്‍ഷകരോട് ചെയ്യുന്നത് മോശമായ പ്രവര്‍ത്തനമാണ്".

അതേസമയം സര്‍ക്കാര്‍ നിര്‍ദ്ദേശം വന്നതല്ലാതെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സഹകരണ സംഘങ്ങളില്‍ ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്. നെല്ല് സംഭരിച്ച് വയ്ക്കാന്‍ സ്ഥലമില്ല, സംഭരിച്ചാല്‍ അത് എടുക്കാന്‍ മില്ലുകളില്ല. തുച്ഛമായ ഹാന്‍ഡ്‌ലിങ് ചാര്‍ജില്‍ എങ്ങനെ നെല്ല് സംഭരിക്കുമെന്ന ആശങ്ക അങ്ങനെ സഹകരണ സംഘങ്ങളും പ്രതിസന്ധിയിലായിരിക്കുകയാണ്. സര്‍ക്കാര്‍ തീരുമാനം വന്നെങ്കിലും പല സഹകരണ സംഘങ്ങളും സംഭരണത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ്. കുഴല്‍മന്ദം സഹകരണ സംഘം ഭാരവാഹി കെ ശ്രീനിവാസന്‍ പറയുന്നു, "സര്‍ക്കാരിന് സാധിക്കാത്തത് സഹകരണ സംഘങ്ങള്‍ക്ക് കഴിയുമെന്ന് പറയാന്‍ കഴിയില്ല. നെല്ല് സംഭരിച്ചാല്‍ അത് സ്റ്റോര്‍ ചെയ്യാനുള്ള സൗകര്യം പാലക്കാട് ജില്ലയിലെ ഒരു സഹകരണ സംഘത്തിനും ഇല്ല. സംഭരിച്ചാല്‍ തന്നെയും അത് കുത്തിയെടുത്ത് തരുന്നതിന് മില്ലുകളുടെ സഹകരണം വേണം. ഹാന്‍ഡ്‌ലിങ് ചാര്‍ജ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത് 73 രൂപയാണ്. ചുമട്ട് കൂലി, ഗോഡൗണ് വാടക, വണ്ടി വാടക തുടങ്ങി എല്ലാത്തിനും ആ പണം തികയില്ല. മുമ്പ് പാലക്കാട് സഹകരണ സംഘങ്ങള്‍ നെല്ല് സംഭരിച്ചിരുന്നു. എന്നാല്‍ അന്ന് നെല്ല് സംഭരിക്കുന്നതിനുള്ള സംവിധാനങ്ങളും സഹകരണ സംഘങ്ങളുടെ കീഴില്‍ ചെറുകിട മില്ലുകളും ഉണ്ടായിരുന്നു. ഇപ്പോള്‍ അതൊന്നും ഇല്ല. നിര്‍ബന്ധിച്ച് ചില സഹകരണ സംഘങ്ങളില്‍ സംഭരണം ഉദ്ഘാടനം ചെയ്യിപ്പിച്ചതല്ലാതെ ഒന്നും നടന്നിട്ടില്ല. സംഭരിക്കുന്ന നെല്ലിന് ക്വാളിറ്റിയില്ലെന്ന് സപ്ലൈകോ പറഞ്ഞാല്‍ അതിന്റെ നഷ്ടവും സഹകരണ സംഘങ്ങള്‍ സഹിക്കേണ്ടി വരും. അതിനാല്‍ പരമാവധി എല്ലാവരും സംഭരണത്തിലേക്ക് ഇറങ്ങാതെ നില്‍ക്കുകയാണ്".

എന്നാല്‍ പാലക്കാട് പ്രിസേര്‍വിങ് ചാര്‍ജായി 73 രൂപ ഉറപ്പിച്ചു എന്നും സഹകരണ സംഘങ്ങള്‍ അതിനോട് സഹകരിക്കാമെന്ന് ഉറപ്പ് നല്‍കിയതായും മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. ആലപ്പുഴയില്‍ 250 രൂപയാണ് ഹാന്‍ഡ്‌ലിങ് ചാര്‍ജ് ആവശ്യപ്പെട്ടിരിക്കുന്നത്. അവിടെ തീരുമാനം ഒന്നും ആയിട്ടില്ല. എന്നാല്‍ പാലക്കാട് പല സഹകരണ സംഘങ്ങളും സംഭരണം തുടങ്ങി. സ്വകാര്യ മില്ലുടമകളുടെ സംഘടനയോട് സഹകരിക്കാത്ത എട്ട് മില്ലുകളും നെല്ല് സംഭരിക്കുന്നുണ്ട്. എന്നാല്‍ 52 മില്ലുകള്‍ ഒന്നിച്ച് നെല്ല് സംഭരിക്കുന്നത് പോലെ വേഗതയില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കില്ല. സ്വകാര്യ മില്ലുടമകളുമായി വീണ്ടും ചര്‍ച്ച നടത്തി. മൂന്ന് മാസത്തേക്ക് അവര്‍ സര്‍ക്കാരിനോട് സഹകരിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ശനിയാഴ്ച മുതല്‍ മുഴുവന്‍ മില്ലുകളും സംഭരണത്തിനുണ്ടാവുമെന്നും മന്ത്രി അറിയിച്ചു. സംഭരണം മുഴുവനായും സഹകരണ സംഘങ്ങളെ ഏല്‍പ്പിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ മില്ലുകള്‍ നെല്ല് സംഭരിക്കുന്ന കാര്യം തങ്ങള്‍ അറിഞ്ഞിട്ടില്ലെന്ന് കര്‍ഷകരും കര്‍ഷക സംഘടനകളും സഹകരണ സംഘം പ്രതിനിധികളും പറയുന്നു. നിലവില്‍ ശരാശരി 12 രൂപ വരെ നഷ്ടത്തിലാണ് കര്‍ഷകര്‍ ഓപ്പണ്‍ മാര്‍ക്കറ്റില്‍ നെല്ല് വില്‍ക്കുന്നത്.

ആശങ്കയില്‍ കുട്ടനാടും

കുട്ടനാട് വിതയുടെ സമയമാണ്. മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളിലാണ് കൊയ്ത്ത്. സഹകരണ സംഘങ്ങള്‍ വഴി നെല്ല് സംഭരിക്കുമെന്ന തീരുമാനം കര്‍ഷകരെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്. 2000ല്‍ കുട്ടനാട്ടിലുണ്ടായ സംഭരണവും അനുബന്ധ വിഷയങ്ങളുമാണ് സപ്ലൈകോ വഴിയുള്ള നെല്ല് സംഭരണം എന്ന തീരുമാനത്തിലേക്ക് എത്തിച്ചത്. എന്നാല്‍ വീണ്ടും സഹകരണ സംഘങ്ങള്‍ വഴിയുള്ള നെല്ല് സംഭരണം വന്നാല്‍ കര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കും അത് ഒരു തരത്തിലും ഗുണപ്പെടില്ല എന്നാണ് കുട്ടനാട്ടിലെ കര്‍ഷകര്‍ പറയുന്നത്. 2000ല്‍ സംഭവിച്ചത് കര്‍ഷകര്‍ പറയുന്നതിങ്ങനെ: "ഒരു കാലഘട്ടം മുഴുവന്‍ നെല്ല് സംഭരിച്ചിരുന്നത് സഹകരണ സംഘങ്ങളായിരുന്നു. സംഭരിക്കുന്ന നെല്ല് സൊസൈറ്റികള്‍ ഗോഡൗണുകളില്‍ സൂക്ഷിച്ച് നെല്ലിന്റെ ആവശ്യകത ഏറുമ്പോള്‍ നല്ല മാര്‍ജിനില്‍ വില്‍ക്കുക എന്ന മാര്‍ക്കറ്റിങ് തന്ത്രമാണ് പയറ്റിയിരുന്നത്. എന്നാല്‍ മില്ല് ലോബി ശക്തമായതോടെ ഈ തന്ത്രം അത്രകണ്ട് വിജയിക്കാതെയായി. കുട്ടനാട്ടിലെ സഹകരണ സംഘങ്ങളില്‍ നിന്ന് നെല്ലെടുക്കാതെ മില്ലുകള്‍ തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് നെല്ലെടുത്ത് പ്രോസസ് ചെയ്യാന്‍ തുടങ്ങി. അതോടെ സഹകരണ സംഘങ്ങള്‍ സംഭരിച്ച നെല്ല് ഗോഡൗണുകളില്‍ കെട്ടിക്കിടന്നു. 2019-2020 വര്‍ഷങ്ങളില്‍ ഉണ്ടായത് പോലുള്ള പ്രളയസമാനമായ വെള്ളപ്പൊക്കം 2000ത്തില്‍ കുട്ടനാട്ടില്‍ ഉണ്ടായി. ആ സമയത്ത് കുട്ടനാട്ടില്‍ സൂക്ഷിച്ചിരുന്ന നെല്ലെല്ലാം നശിച്ചു. വലിയ തുക ലഭ്യമാക്കാം എന്ന് വാഗ്ദാനം ചെയ്ത് അക്കാലയളവില്‍ സ്വകാര്യ സംഘങ്ങളും രംഗത്തുണ്ടായിരുന്നു. ഇവരുടെയെല്ലാം നഷ്ടത്തിന്റെ ബാധ്യത കര്‍ഷകര്‍ സഹിക്കേണ്ടതായി വന്നു. സംഭരിച്ച നെല്ലിന്റെ പണം കര്‍ഷകന് കിട്ടിയില്ല. അന്ന് കുട്ടനാട് വികസന സമിതിയുടെ നേതൃത്വത്തില്‍ ശവപ്പെട്ടിയില്‍ നെല്ലെടുത്ത് കര്‍ഷകര്‍ ജാഥ നടത്തി. ഇത് പരക്കെ ചര്‍ച്ചയായി. തുടര്‍ന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെടുകയും സപ്ലൈകോ വഴി നെല്ല് സംഭരിക്കാനുള്ള തീരുമാനം ഉണ്ടാവുകയും ചെയ്തു. പിന്നീട് വി എസ് സര്‍ക്കാരിന്റെ കാലത്ത് മൂന്ന് തവണയായി കര്‍ഷകര്‍ക്കുള്ള സബ്‌സിഡിയും വര്‍ധിപ്പിച്ചതോടെ നഷ്ടമില്ലാതെ നെല്ല് വില്‍ക്കാം എന്ന ആത്മവിശ്വാസം കര്‍ഷകര്‍ക്കുണ്ടായി".

എന്നാല്‍ കഴിഞ്ഞ 20 വര്‍ഷത്തിലധികമായി കര്‍ഷകര്‍ക്ക് ഗുണപ്പെട്ടിരുന്ന ഒരു സംവിധാനത്തെ തകര്‍ക്കുന്നത് കൂടിയാണ് പുതിയ നീക്കം എന്ന് കര്‍ഷകര്‍ പരാതി പറയുന്നു. കര്‍ഷകനായ ചാച്ചപ്പന്‍ നീണ്ടുശേരി തന്റെ ആശങ്കകള്‍ പങ്കു വയ്ക്കുന്നു; "കൊയ്ത്ത് കഴിയുന്ന കാലയളവിലുള്ള വേനല്‍ മഴയും കാലവര്‍ഷവും പുഞ്ച കൊയ്ത്തിനെ കാര്യമായി ബാധിക്കും. നെല്ല് ഉണക്കാനുള്ള സംവിധാനം ഇല്ലാത്തതിനാല്‍ 120 ദിവസത്തെ പാകമായ നെല്ല് 125ഉും 126ഉും ദിവസങ്ങള്‍ കഴിഞ്ഞായിരിക്കും കര്‍ഷകന്‍ കൊയ്യുന്നത്. ഈര്‍പ്പം അടിച്ച് നെല്ലിന്റെ ക്വാളിറ്റി കുറഞ്ഞതായി കാണിച്ച് മില്ലുകള്‍ ഒരു ക്വിന്റലില്‍ നിന്ന് 10ഉും 12ഉും കിലോ വെട്ടിക്കുറക്കും. അത് ചൂഷണമാണ്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ സംവിധാനം ഉള്ളത് കൊണ്ടാണ് കര്‍ഷകന്‍ നിലനിന്ന് പോവുന്നത് എന്നുള്ളത് കൊണ്ട് ഇതിനെ ചൂഷണമായി കണക്കാക്കാതെ മാനസികമായി പൊരുത്തപ്പെട്ട് പോവാനാണ് കര്‍ഷകര്‍ ശ്രമിക്കുന്നത്. വെള്ളം കയറാതെ സംഭരിക്കാന്‍ കുട്ടനാട്ടില്‍ ഒരിടവും ഇല്ല. മുമ്പായിരുന്നെങ്കില്‍ ഇത് വിഷയമല്ല. പത്തായങ്ങളോ, ശേഖരിക്കാന്‍ സംവിധാനങ്ങളോ കര്‍ഷകര്‍ക്ക് തന്നെയുണ്ടാവും. കൊയ്‌തെടുത്ത നെല്ല് ഉണക്കാന്‍ കളങ്ങളുണ്ടായിരുന്നു. ഇന്നതൊന്നും ഇല്ല. ആകെയുള്ളത് സഹകരണ സംഘങ്ങളുടെ വളം ഇറക്കി വക്കുന്ന ഗോഡൗണുകളാണ്. സഹകരണ സംഘങ്ങള്‍ വഴി സംഭരണം നടത്തിയാല്‍ 10 ശതമാനം പോലും നെല്ല് സംരക്ഷിക്കാനാവാതെ പോവും."

ഈ സാഹചര്യത്തില്‍ കൃഷിയിറക്കാന്‍ ഉള്‍ഭയം ഉണ്ടെന്ന് കുട്ടനാട്ടിലെ കര്‍ഷകര്‍ പറയുന്നു. സഹകരണ സംഘങ്ങള്‍ക്ക് സംഭരിക്കാന്‍ ഇടമില്ല എന്ന വിഷയാണ് പ്രധാനമായും ഉയര്‍ത്തുന്നത്. വെള്ളം കയറി സംഭരിച്ച നെല്ല് നശിച്ചാല്‍ അതിന്റെ ബാധ്യത സംഘങ്ങള്‍ പേറേണ്ടി വരും എന്നതിനാല്‍ സഹകരണ സംഘങ്ങള്‍ സര്‍ക്കാര്‍ തീരുമാനത്തോട് വിയോജിക്കുന്നു. കുട്ടനാട് കൈനടി കോ ഓപ്പറേറ്റീവ് സൊസൈറ്റി വൈസ് പ്രസിഡന്റ് ടിറ്റോ എബ്രഹാം കൈനടി പറയുന്നു, "പള്ളിയുടെ പാരിഷ് ഹാളിലാണ് ഞങ്ങള്‍ മുമ്പ് നെല്ല് സംഭരിച്ചിരുന്നത്. എലി കയറി അടി തുരന്ന് കെട്ടിടം മണ്ണില്‍ താഴ്ന്നു. നെല്ലെടുക്കാന്‍ ഞങ്ങള്‍ ചെല്ലുമ്പോഴാണ് ഇത് കാണുന്നത്. നെല്ല് നഷ്ടം വന്നു. ഇക്കാരണം ബോധ്യപ്പെടുത്തിയിട്ടും നെല്ല് നഷ്ടം വന്നതില്‍ ബാങ്കിലെ ഒമ്പത് ബോര്‍ഡ് അംഗങ്ങള്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് തീരുമാനം വന്നത്. വെള്ളപ്പൊക്കത്തില്‍ നെല്ല് നഷ്ടം വന്നാലും ഇതു തന്നെയാണ് സമീപനം. കര്‍ഷകരില്‍ നിന്ന നെല്ല് സംഭരിക്കണം, വാഹനം, ചുമട്ട് കൂലി ഉള്‍പ്പെടെ എല്ലാം നല്‍കി അവസാനം വെള്ളപ്പൊക്കം വന്ന് നെല്ല് പോയാല്‍ അതിന്റെയും ബാധ്യത സഹകരണ സംഘങ്ങള്‍ തന്നെ ഏറ്റെടുക്കണം. ആ സാഹചര്യത്തില്‍ കുട്ടനാട്ടിലെ ഒരു സഹകരണ സംഘത്തിനും നെല്ല് സംഭരിക്കാനുള്ള സംവിധാനം ഇല്ല. ആര്‍ക്കും യോജിപ്പും ഇല്ല. നെല്ല് സംഭരണത്തിലെ നഷ്ടം സൊസൈറ്റിയെ തന്നെ ഇല്ലാതാക്കി കളയും. ഒരു മഴ നനഞ്ഞാല്‍ അടിനെല്ല് പൂത്ത് പോവും. രണ്ട് ലെയര്‍ നെല്ല് എടുക്കാനാവില്ല. എന്നാല്‍ കര്‍ഷകരുടെ പണം നല്‍കുകയും വേണം. ആ നഷ്ടം ആര് വഹിക്കും എന്ന് സര്‍ക്കാര്‍ പറയണം."

മൂന്ന് മാസത്തേക്ക് മില്ലുകള്‍ സഹകരിക്കും എന്ന് തീരുമാനമായെങ്കിലും അത് കഴിഞ്ഞ് വരുന്ന കുട്ടനാട്ടിലെ കൊയ്ത്ത് കാലത്തെ സംഭരണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. സംസ്ഥാനത്തെ സംഭരണ ശൃംഖല ഇല്ലാതായാല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന ബില്ലുകളുടെ ദൂഷ്യഫലം കേരളം അനുഭവിക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. നെല്ല് സംഭരണം വേണ്ട സമയത്ത് നടക്കാതിരുന്നാല്‍ ഓപ്പണ്‍ മാര്‍ക്കറ്റിലേക്ക് നഷ്ടത്തില്‍ നെല്ല് വില്‍ക്കാന്‍ തയ്യാറാവുന്ന കര്‍ഷകര്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ വന്ന് നെല്ല് സംഭരിച്ചാല്‍ നഷ്ടം സഹിച്ചും നല്‍കേണ്ടതായി വരുമെന്നും അവര്‍ പറയുന്നു.