അഭ്യൂഹങ്ങള്‍ നിറഞ്ഞ കഥാപാത്രമായി 'പത്മസരോവരം'

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട ചില നിര്‍ണായ സംഭവങ്ങള്‍ ഈ വീട്ടില്‍ വച്ചാണ് നടന്നതെന്നാണ് ക്രൈം ബ്രാഞ്ച് സംഘത്തിന്റെ വിലയിരുത്തല്‍
 
dileep-pathmasarovaram


ആലുവ കൊട്ടാരക്കടവിന് സമീപത്തുള്ള പത്മസരോവരം എന്ന വീടിനു മുന്നില്‍ ഒരിക്കല്‍ കൂടി കേരളം ആകാംക്ഷയോടെ കാത്തു നിന്നു. ഒരുകാലം വരെ ആ വീടിനു മുന്നില്‍ വന്നു നിന്നവരെടെയെല്ലാം മനസിലും മുഖത്തും ആവേശവും ആരാധനയുമായിരുന്നെങ്കില്‍,  2016 മുതല്‍ അതിനു മാറ്റം വന്നു. കൃത്യമായി പറഞ്ഞാല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിനുശേഷം. കേസില്‍ ദിലീപ് പ്രതിയായതോടെ ആലുവ പാലസിനു സമീപത്ത് മറ്റൊരു കൊട്ടാരം പോലെ തലയുയര്‍ത്തി നിന്ന പത്മസരോവരം ഏതോ സിനിമാക്കഥയിലെ അഭ്യൂഹങ്ങള്‍ നിറഞ്ഞൊരു കഥാപാത്രമായി മാറി. വ്യാഴാഴ്ച്ച അപ്രതീക്ഷിതമായൊരു നീക്കത്തിലൂടെ ക്രൈം ബ്രാഞ്ച് സംഘം പത്മസരോവരത്തില്‍ റെയ്ഡിന് എത്തിയതോടെയാണ് ഈ താരഗൃഹം വീണ്ടും വാര്‍ത്തകളിലെ പ്രധാന കേന്ദ്രമായി.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട ചില നിര്‍ണായ സംഭവങ്ങള്‍ ഈ വീട്ടില്‍ വച്ചാണ് നടന്നതെന്നാണ് ക്രൈം ബ്രാഞ്ച് സംഘത്തിന്റെ വിലയിരുത്തല്‍. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളാണ് അങ്ങനെയൊരു നിഗമനത്തിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചത്. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ(സുനില്‍ കുമാര്‍) ദിലീപിനൊപ്പം ഈ വീട്ടില്‍ വച്ച് ഒന്നിലേറെ തവണ കണ്ടിട്ടുണ്ടെന്നാണ് ബാലചന്ദ്രകുമാര്‍ പറഞ്ഞത്. അതിലേറെ ഗുരുതരമായ രണ്ട് ആരോപണങ്ങള്‍ പത്മസരോവരം പേറുന്നത്, ഈ വീട്ടില്‍ വച്ച് ദിലീപ് നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടുവെന്നതാണ്. ദിലീപും സഹോദരന്‍ അനൂപും ഇവരുടെ സഹോദരി ഭര്‍ത്താവ് സുരാജും ഒരുമിച്ചിരുന്ന് ദൃശ്യങ്ങള്‍ കാണുന്നതിന് താന്‍ സാക്ഷിയാണെന്നാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. ഈ ദൃശ്യങ്ങളുമായി ഒരു വി ഐ പി എത്തിയതും പത്മസരോവരത്തിലേക്കായിരുന്നു. അതുകൂടാതെയാണ്, ഇപ്പോള്‍ പുതിയ കേസിനും റെയ്ഡിനും വഴിതെളിച്ച മറ്റൊരു വെളിപ്പെടുത്തലിനും പത്മസരോവരം പശ്ചാത്തലമായത്. ജാമ്യത്തില്‍ പുറത്തിറങ്ങിയശേഷം, അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഢാലോചനയ്ക്ക് കളമൊരുങ്ങിയതും പത്മസരോവരത്തിലെ ഹാളില്‍ വച്ചായിരുന്നുവെന്നാണ് ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍. ഈ വെളിപ്പെടുത്തലിന്റെ പുറത്താണ് വ്യാഴാഴ്ച്ച റെയ്ഡ് നടന്നത്.

ദിലീപിന്റെ അറസ്റ്റ്; കലാഭവന്റെ പാരമ്പര്യവും ആബേലച്ചന്റെ ശിരസും ഇപ്പോള്‍ താഴ്ന്നിരിക്കുകയായിരിക്കാം

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തേടിയാണ്, സഹോദരന്‍ അനൂപിന്റെയും നടന്റെ നിര്‍മാണ കമ്പനിയായ ഗ്രാന്റ് പ്രൊഡക്ഷന്റെ ഓഫിസിനും ഒപ്പം പത്മസരോവരത്തിലും റെയ്ഡ് നടന്നത്. പ്രധാനമായും അന്വേഷണ സംഘം തെരഞ്ഞത് ഒരു തോക്ക് ആണെന്നാണ് പുറത്തു വന്നിരിക്കുന്ന വിവരം. ഇക്കാര്യത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്നും സ്ഥിരീകരണം വന്നിട്ടില്ല. ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ ഒരു തോക്കിനെ കുറിച്ച് പറയുന്നുണ്ടെന്ന് ക്രൈം ബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നുണ്ട്. സൈബര്‍ വിദഗ്ദര്‍ ഉള്‍പ്പെടെയുള്ളവര്‍ റെയ്ഡ് സംഘത്തിലുണ്ടായിരുന്നു. അന്വേഷണ സംഘത്തിലുള്ളവര്‍ക്കെതിരേ ഭീഷണി മുഴക്കിയത് പത്മസരോവരത്തില്‍ വച്ചാണെന്നും ഇതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ കൈമാറിയിട്ടുണ്ടെന്നുമാണ് ബാലചന്ദ്രകുമാര്‍ വ്യക്തമാക്കിയിട്ടുള്ളത്. റെയ്ഡ് എഴു മണിക്കൂര്‍ പിന്നിടുന്ന സമയത്ത് പുറത്തു വന്ന വാര്‍ത്തകള്‍ പ്രകാരം പത്മസരോവരത്തില്‍ നിന്നും ഹാര്‍ഡ് ഡിസ്‌കുകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.

'ശരത് അങ്കിള്‍' ആല്ലെങ്കില്‍ ആരാണാ വിഐപി! ബാലചന്ദ്രകുമാര്‍ രഹസ്യമൊഴി നല്‍കിയ സാഹചര്യത്തില്‍ അഭ്യൂഹങ്ങള്‍ അവസാനിക്കുമോ?

പത്മസരോവരത്തിന്റെ ഗേറ്റ് ചാടിക്കടന്നായിരുന്നു ക്രൈം ബ്രാഞ്ച് സംഘം അകത്ത് കടന്നത്. ഈ സമയം ദിലീപോ ഭാര്യ കാവ്യ മാധവനോ വീട്ടില്‍ ഇല്ലായിരുന്നു. പിന്നീട് ദിലീപിന്റെ സഹോദരി വന്നാണ് ഗേറ്റ് തുറന്നു കൊടുത്തത്. ഒരുകാലത്ത് ആരാധകര്‍ തടിച്ചുകൂടിയിരുന്ന വീട് മുറ്റത്ത് നിമിഷ നേരം കൊണ്ട് മാധ്യമങ്ങള്‍ നിറഞ്ഞു. അകത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തയില്ലായിരുന്നുവെങ്കിലും മണിക്കൂറുകളോളം ഈ വീട് തന്നെയായിരുന്നു കേരളത്തിലെ പ്രധാന വാര്‍ത്ത. ദിലീപിന്റെ അറസ്റ്റിനു മുമ്പും പിമ്പും ജാമ്യം കിട്ടി ദിലീപ് പുറത്തു വന്നപ്പോഴുമെല്ലാം ഇതുപോലെ ഈ വീട് വാര്‍ത്തകളുടെ കേന്ദ്രമായി മാറിയിരുന്നു. ഇപ്പോള്‍ ഈ വീടുമായി ബന്ധപ്പെട്ട പ്രധാന ആകാംക്ഷകള്‍, ക്രൈം ബ്രാഞ്ച് സംഘം ദിലീപിനെ ചോദ്യം ചെയ്യാന്‍ വീണ്ടും ഈ വീട്ടിലേക്ക് വരുമോയെന്നതാണ്. വെള്ളിയാഴ്ച്ച നടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. പ്രതികൂല തീരുമാനമാണ് ഹൈക്കോടതിയില്‍ നിന്നുണ്ടാകുന്നതെങ്കില്‍ ഒരിക്കല്‍ കൂടി പൊലീസ് വണ്ട് പത്മസരോവരത്തിലേക്ക് എത്താന്‍ സാധ്യത വളരെ കൂടുതലാണ്.

നടിയെ ആക്രമിച്ച കേസില്‍ തെളിവുകള്‍ തേടി പരിശോധന; ദിലീപിന്റെ ആലുവയിലെ വീട്ടിൽ ക്രൈംബ്രാഞ്ച് 

ആലുവ ദേശത്തുള്ള തറവാട്ട് വീട്ടില്‍ ജനിച്ചു വളര്‍ന്ന ദിലീപ് സിനിമയില്‍ സജീവമായതോടെ പറവൂര്‍ കവലയിലുള്ള വി ഐ പി ലെയ്‌നില്‍ വീട് വാങ്ങി. മഞ്ജു വാര്യര്‍ ദിലീപിന്റെ ഭാര്യയായി എത്തുന്നത് ഈ വീട്ടിലേക്കായിരുന്നു. ഈ വീട്ടില്‍ ഇപ്പോള്‍ ദിലീപിന്റെ സഹോദരന്‍ അനൂപും കുടുംബവുമാണ് താമസിക്കുന്നത്. ഈ വീട്ടിലും ഇന്ന് ക്രൈം ബ്രാഞ്ച് റെയ്ഡ് നടന്നിരുന്നു. അനൂപിനെതിരെയും ഗുരുതര ആരോപണങ്ങളാണ് നിലനില്‍ക്കുന്നത്.

മലയാള സിനിമയിലെ മറ്റൊരു സൂപ്പര്‍ സ്റ്റാറായി ദിലീപ് ഉദയം ചെയ്തതിനുശേഷമാണ് ആലുവ പാലസിന് സമീപത്തായി സ്ഥലം വാങ്ങി പത്മസരോവരം എന്ന വീട് നിര്‍മിക്കുന്നത്. പെരിയാര്‍ തീരത്ത് ശിവരാത്രി ആഘോഷം നടക്കുന്ന മണപ്പുറത്തിന് അഭിമുഖമായാണ് ദിലീപ് പത്മസരോവരം പണിതുയര്‍ത്തിയത്. ആദ്യം നിര്‍മിച്ച വീട് 2015 ല്‍ പൂര്‍ണമായി പൊളിച്ചു കളഞ്ഞശേഷമാണ് ഇപ്പോള്‍ കാണുന്ന വീട് നിര്‍മിച്ചത്. കാവ്യ മാധവനെ വിവാഹം കഴിച്ച് ഈ വീട്ടിലേക്കാണ് ദിലീപ് കൊണ്ടുവന്നത്. വിവാഹ സമയത്ത് വീടിന്റെ നിര്‍മാണം പൂര്‍ത്തിയായിരുന്നില്ല. ജ്യോതിഷത്തില്‍ വലിയ വിശ്വാസിയായ ദിലീപ് ചില ജ്യോതിഷികളുടെ ഉപദേശപ്രകാരമാണ് ഉണ്ടായിരുന്ന വീട് പൊളിച്ച് പുതിയത് നിര്‍മിച്ചത്. പക്ഷേ, കാര്യങ്ങള്‍ വിപരീതമായാണ് ഫലിച്ചത്. ഈ വീട്ടില്‍ താമസമാക്കിയശേഷമാണ് ജയില്‍വാസം അടക്കമുള്ള തിരിച്ചടികള്‍ ദിലീപിന് നേരിടേണ്ടി വന്നത്. ഇപ്പോഴും പ്രശ്‌നങ്ങള്‍ തലമുകളില്‍ തന്നെ നില്‍ക്കുകയുമാണ്.