'കേരളത്തിൽ ലൗ ജിഹാദും നാര്‍കോട്ടിക് ജിഹാദും'; കത്തോലിക്ക കുടുംബങ്ങള്‍ കരുതിയിരിക്കണമെന്ന് പാലാ രൂപതാ ബിഷപ്
 

 
d

കേരളത്തിൽ ലവ് ജിഹാദിനൊപ്പം നർക്കോട്ടിക് ജിഹാദുമുണ്ടെന്ന ​ഗുരുതര ആരോപണവുമായി പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. നർകോട്ടിക്, ലവ് ജിഹാദുകൾക്ക് കത്തോലിക്ക യുവാക്കളെയും പെൺകുട്ടികളെയും ഇരയാക്കുന്നുവെന്നും ഇതിനെതിരെ കത്തോലിക്ക കുടുംബങ്ങൾ കരുതിയിരിക്കണമെന്നുമാണ്  ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ വചന സന്ദേശത്തിൽ പറയുന്നത്.

ലവ് ജിഹാദുകൾക്ക് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആയുധം ഉപയോഗിക്കാനാകാത്ത സ്ഥലങ്ങളില്‍ ഇത്തരം മാര്‍ഗങ്ങളാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. കത്തോലിക്കാ യുവാക്കളെയും ഹൈന്ദവ യുവാക്കളെയും ലക്ഷ്യംവെച്ചുകൊണ്ട് മയക്കുമരുന്നിലും മറ്റ് ലഹരിക്കും അടിമയാക്കുന്നതിനുവേണ്ടി പ്രത്യേക സംഘങ്ങള്‍ കേരളത്തില്‍ പലയിടത്തായി പ്രവര്‍ത്തിക്കുന്നുണ്ട്. ആയുധം ഉപയോഗിച്ച് യുദ്ധംചെയ്യാനാവാത്ത സ്ഥലങ്ങളില്‍ ഇത്തരത്തിലുള്ള കുതന്ത്രങ്ങളിലൂടെ മറ്റു മതങ്ങളെ നശിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇക്കൂട്ടര്‍ക്കുള്ളതെന്നും യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയില്‍ ബിഷപ് പറയുന്നു.

മറ്റൊരു കാലത്തും നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള പ്രശ്‌നങ്ങളും പ്രതിസന്ധികളും കൂടിവരികയാണ്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടതും ശ്രദ്ധിക്കേണ്ടതുമായ രണ്ടു കാര്യങ്ങളാണ് ലൗ ജിഹാദും നര്‍ക്കോട്ടിക് ജിഹാദും. കേരളം തീവ്രവാദികളുടെ റിക്രൂട്ടിങ് കേന്ദ്രമായി മാറുന്നതായും തീവ്രവാദികളുടെ സ്ലീപ്പിങ് സെല്ലുകള്‍ ഇവിടെ ഉണ്ടെന്നും  മുന്‍ ഡിജിപി ലോകനാഥ് ബെഹ്‌റ പറഞ്ഞിട്ടുണ്ട്, അദ്ദേഹം പറയുന്നു.

ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണെന്നും ഇത്തരക്കാർക്ക് നിക്ഷിപ്ത താത്പര്യം ഉണ്ട്. ഇതര മതസ്ഥരായ യുവതികൾ ഐ.എസ് ക്യാമ്പിൽ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാൽ ഇക്കാര്യങ്ങൾ മനസിലാകും. വര്‍ഗീയതയും വിദ്വേഷവും വെറുപ്പും മതസ്പര്‍ദ്ധയും അസഹിഷ്ണുതയും വളര്‍ത്താന്‍ ശ്രമിക്കുന്ന ജിഹാദി തീവ്രവാദികള്‍ ലോകമെമ്പാടും ഉണ്ട്. ഇതിനെതിരെ കത്തോലിക്ക കുടുംബങ്ങൾ കരുതിയിരിക്കണമെന്നും ബിഷപ്പ് മുന്നറിയിപ്പ് നൽകുന്നു.