കുര്‍ബാനക്കിടെ മുസ്ലീം വിരുദ്ധ പരാമർശം; വൈദികനെതിരെ പ്രതിഷേധിച്ച് കന്യാസ്ത്രീകള്‍

 
sister anupama

പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവന വിവാദമായിരിക്കെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്നാരോപിച്ച്‌ വൈദികനെതിരെ പ്രതിഷേധിച്ച് കന്യാസ്ത്രീകള്‍. കുറവിലങ്ങാട് മഠത്തില്‍ നടന്ന കുര്‍ബാനയ്ക്കിടെ വൈദികന്‍ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ്‌  കന്യാസ്ത്രീകള്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയത്. 

മഠത്തിലെ ചാപ്പലിലെ കുര്‍ബാനക്കിടെ വൈദികന്‍ വര്‍ഗീയ പരാമര്‍ശം നടത്തിയെന്നും ഇതിനെ എതിര്‍ത്തുവെന്നും സിസ്റ്റര്‍ അനുപമ മാധ്യമങ്ങളോട് പറഞ്ഞു. കടുത്ത മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങളാണ് വൈദികന്‍ നടത്തിയത്. മുസ്ലീങ്ങളുടെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങരുത്, ഓട്ടോയില്‍ കയറരുത് എന്നൊക്കെയായിരുന്നു പരാമര്‍ശമെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ സമരം നടത്തിയ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളായ അനുപമ, ആല്‍ഫി, നീനാ റോസ്, ജോസഫിന്‍ എന്നിവര്‍ വൈദികനെതിരേ ആരോപണം ഉന്നയിച്ചത്. 

ക്രിസ്ത്യാനികള്‍ക്ക് പലര്‍ക്കും കുട്ടികള്‍ ഉണ്ടാകാതിരിക്കുന്നതുതന്നെ അതിനായി ചില മരുന്നുകള്‍ പ്രയോഗിക്കുന്നതുകൊണ്ടാണെന്ന് അച്ചന്‍ ഇന്നത്തെ പ്രസംഗത്തില്‍ പറഞ്ഞതായി കന്യാസ്ത്രീകള്‍ ആരോപിക്കുന്നു.  മുന്‍പും മുസ്ലിം സമുദായത്തില്‍പ്പെട്ടവരെ അവഹേളിച്ചുകൊണ്ട് ഇതേ വൈദികന്‍ പ്രസംഗിക്കുക പതിവായിരുന്നു. ഈശോ സിനിമയുമായി ബന്ധപ്പെട്ടും ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇന്ന് കുര്‍ബാനയ്ക്കിടയില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടായപ്പോള്‍ തങ്ങള്‍ ഉള്‍പ്പെടെ കന്യാസ്ത്രീകള്‍ പ്രതികരിക്കുകയായിരുന്നുവെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

വര്‍ഗീയമായ പരാമര്‍ശങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്നെ ഇത്തരം  പ്രസംഗം പള്ളിയില്‍ നടത്താന്‍ പറ്റില്ലെന്ന് പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി ചാപ്പലില്‍നിന്ന് കുര്‍ബാന കൂടാതെ ഇറങ്ങിപ്പോയെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു. ഞങ്ങള്‍ മരുന്ന് വാങ്ങിക്കുന്ന ഡോക്ടര്‍മാരില്‍ മുസ്ലീം സമുദായത്തില്‍പ്പെട്ടവരുണ്ട്. സുരക്ഷ നല്‍കുന്ന പൊലീസുകാരില്‍ മുസ്ലീങ്ങളുണ്ട്. അവരില്‍ നിന്ന് മറ്റ് സംസാരങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടായിട്ടില്ല. പിന്നെ ഞങ്ങള്‍ എന്തിനിത് കേട്ടു കൊണ്ടിരിക്കണം. ക്രിസ്തു പഠിപ്പിച്ചിരിക്കുന്നത് വര്‍ഗീയത വിതയ്ക്കാനല്ല. അയല്‍ക്കാരെയും മറ്റുള്ളവരെയും സ്‌നേഹിക്കാനാണ്. ആ മാര്‍ഗത്തിന് വിരുദ്ധമായി പോകുന്നത് കണ്ടപ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ സാധിച്ചില്ലെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു. പാലാ ബിഷപ്പിന്റെ പരാമര്‍ശത്തെ പിന്തുണക്കുന്നില്ലെന്നും കന്യാസ്ത്രീകള്‍ കൂട്ടിച്ചേര്‍ത്തു.