പാലക്കാട്ടെ കൊലപാതകങ്ങള്‍; ഇന്ന് സര്‍വകക്ഷി യോഗം, ഇരുചക്ര വാഹന യാത്രക്ക് നിയന്ത്രണം

 
crime

പാലക്കാട്ടെ കൊലപാതകങ്ങളില്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് പറയാനാകില്ലെന്നും അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എ.ഡി.ജി.പി. വിജയ് സാഖറേ. എല്ലാ ആസൂത്രിത കൊലപാതകങ്ങളുടെയും മുന്നൊരുക്കം വളരെ രഹസ്യമായാണ് നടത്തുന്നത്. നേരത്തേ അറിഞ്ഞാല്‍ തടയാനാവുമെന്നും അദ്ദേഹം  പറഞ്ഞു.

സുബൈര്‍ കൊലക്കേസിനും ശ്രീനിവാസന്‍ കൊലക്കേസിനും പിന്നില്‍  ഗൂഢാലോചനയുണ്ടെന്നും ഇതിന്റെ സൂത്രധാരന്മാരെ കണ്ടെത്തും  സുബൈര്‍ കൊലക്കേസില്‍ ആരാണ് പ്രതികളെന്നത് വ്യക്തമായി തിരിച്ചറിഞ്ഞതായും സംശയിക്കപ്പെടുന്ന ചിലര്‍ കസ്റ്റഡിയിലുണ്ടെന്നും വിശദമായി ചോദ്യംചെയ്തശേഷമേ പ്രതികളാണെന്ന് ഉറപ്പിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഞ്ച് സംഘമാണ് അന്വേഷണത്തിനുള്ളത്. ഉടന്‍തന്നെ അറസ്റ്റുണ്ടാകുമെന്നും തുടര്‍നടപടിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീനിവാസന്‍ കേസില്‍ സി.സി.ടി.വി. ദൃശ്യങ്ങളുടെയും മറ്റും അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഉടന്‍തന്നെ ശ്രീനിവാസന്‍ കൊലക്കേസിലും അറസ്റ്റുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലയില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവര്‍ ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റിലിരുന്ന് യാത്രചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. 20-ന് വൈകീട്ട് ആറുവരെയാണ് നിയന്ത്രണം. അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ. മണികണ്ഠനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

സഭേവങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ന് വൈകീട്ട് മൂന്നരയ്ക്ക് പാലക്കാട്ട് സര്‍വകക്ഷിയോഗം നടക്കും. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം. എല്ലാ അംഗീകൃത രാഷ്ട്രീയപ്പാര്‍ട്ടികളോടും യോഗത്തില്‍ പങ്കെടുക്കാന്‍ അഭ്യര്‍ഥിച്ചതായി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. 

വെള്ളിയാഴ്ച എലപ്പുള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പാറ ഏരിയാ പ്രസിഡന്റ് മുഹമ്മദ് സുബൈറും ശനിയാഴ്ച പാലക്കാട് പട്ടണത്തിലെ മേലാമുറിയില്‍ ആര്‍.എസ്.എസ്. മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എ. ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്. ബൈക്കില്‍ പിതാവിനൊപ്പം വീട്ടിലേക്കുപോവുകയായിരുന്ന മുഹമ്മദ് സുബൈറിനെ കാറിലെത്തിയസംഘം ബൈക്ക് ഇടിച്ചുവീഴ്ത്തിയശേഷമാണ് വെട്ടിക്കൊന്നത്.ശ്രീനിവാസന്റെ കൊലപാതകം മുഹമ്മദ് സുബൈറിന്റെ കൊലപാതകത്തിന്റെ തുടര്‍ച്ചയാണെന്ന് പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് തയ്യാറാക്കിയ പ്രഥമവിവരറിപ്പോര്‍ട്ടില്‍ പറയുന്നു.