പെന്‍ഷന്‍ പ്രായം 57 ആക്കണം; എയ്ഡഡ് നിയമനത്തില്‍ ഇടപെടല്‍ വേണം: ശമ്പള പരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ

 
Govt Office

പ്രവൃത്തി ദിവസം ആഴ്ചയില്‍ 5 ആക്കി കുറയ്ക്കണം

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 57 ആക്കി ഉയര്‍ത്തണമെന്ന് പതിനൊന്നാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ. എയ്ഡഡ് നിയമനത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണം. എയ്ഡഡ് സ്‌കൂള്‍ നിയമനത്തില്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഉണ്ടാക്കണം. മാനേജ്‌മെന്റുകള്‍ക്കുള്ള പൂര്‍ണ അധികാരം മാറ്റണം. ബോര്‍ഡില്‍ മാനേജ്‌മെന്റ് പ്രതിനിധിയെ ഉള്‍പ്പെടുത്താം. ബോര്‍ഡ് നിലവില്‍ വരുംവരെ നിയമനം നിരീക്ഷിക്കാന്‍ ഓംബുഡ്‌സ്മാനെ വെക്കണമെന്നും കമ്മീഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുന്നു. മോഹന്‍ദാസ് കമ്മീഷന്റെ അന്തിമ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് ഇന്നലെ കൈമാറി.

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 വയസില്‍ നിന്ന് 57 ആക്കി ഉയര്‍ത്തണം. സര്‍വീസിലിരിക്കെ മരിക്കുന്നവരുടെ കുടുംബത്തിന് പൂര്‍ണ പെന്‍ഷന്‍ നല്‍കണം. പ്രവൃത്തി ദിവസം ആഴ്ചയില്‍ 5 ആക്കി കുറയ്ക്കണം. അതിനനുസരിച്ച് ജോലി സമയം ദീര്‍ഘിപ്പിക്കണം. നിലവില്‍ രാവിലെ 10 മുതല്‍ 5 വരെ ഏഴുമണിക്കൂറാണ് ജോലി സമയം. ഉച്ചയ്ക്ക് 1.15 മുതല്‍ 2 വരെ ഇടവേള. പ്രവൃത്തി ദിവസത്തില്‍ ശനിയാഴ്ച നഷ്ടപ്പെടുന്നതിനും പരിഹാരമായി പ്രവൃത്തി സമയം രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 ആക്കി ദീര്‍ഘിപ്പിക്കണമെന്നാണ് ശുപാര്‍ശ. 

വര്‍ഷത്തിലെ അവധി ദിനങ്ങള്‍ 12 ആക്കി കുറയ്ക്കണം. ജനജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള ആഘോഷങ്ങളോ മറ്റോ ഉണ്ടെങ്കില്‍ മാത്രം പ്രാദേശിക അവധികള്‍ അനുവദിക്കാം. ആര്‍ജിതാവധി വര്‍ഷത്തില്‍ 30 ആക്കി ചുരുക്കണം. വര്‍ക്ക് ഫ്രം ജോലിക്കായി ഉദ്യോഗസ്ഥര്‍ക്ക് മാറിമാറി അവസരം നല്‍കണം. ചെലവ് കുറയ്ക്കുന്നതിനായി പിഎസ്സി അംഗങ്ങളുടെ എണ്ണം വെട്ടിക്കുറയ്ക്കാം. കാലികമായ മാറ്റങ്ങള്‍ കണക്കിലെടുത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം പരിഷ്‌കരിക്കണം.

പട്ടിക വിഭാഗങ്ങള്‍ക്കും ഒബിസി വിഭാഗങ്ങള്‍ക്കും മാറ്റിവച്ചിട്ടുള്ള സംവരണത്തിന്റെ 20 ശതമാനം ആ വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം. സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ നിയമനത്തിന് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്ന സമിതിയില്‍ മാനേജ്മെന്റ്, യൂണിവേഴ്സിറ്റി, സര്‍ക്കാര്‍ പ്രതിനിധികള്‍ ഉണ്ടാവണം. നിയമനത്തിനായുള്ള അഭിമുഖത്തിന്റെ ഓഡിയോയും വീഡിയോയും പകര്‍ത്തി സൂക്ഷിക്കണം. നിയമനം സംബന്ധിച്ച പരാതികള്‍ പരിശോധിക്കാന്‍ ഓംബുഡ്സ്മാനെ നിയമിക്കണം. ഹൈക്കോടതിയില്‍ നിന്നോ സുപ്രീം കോടതിയില്‍ നിന്നോ വിരമിച്ച ജസ്റ്റിസിനെയാണ് ഓംബുഡ്സ്മാനായി നിയമിക്കേണ്ടതാണെന്നും ശുപാര്‍ശയില്‍ പറയുന്നു.