പെരിയ ഇരട്ടക്കൊല കേസ്: സിബിഐ അന്വേഷണം പുരോഗമിക്കുന്നതിനാല്‍ ഇടപെടില്ലെന്ന് വീണ്ടും സുപ്രീം കോടതി

 
പെരിയ ഇരട്ടക്കൊല കേസ്: സിബിഐ അന്വേഷണം പുരോഗമിക്കുന്നതിനാല്‍ ഇടപെടില്ലെന്ന് വീണ്ടും സുപ്രീം കോടതി

പെരിയ ഇരട്ടക്കൊല കേസില്‍ സിബിഐ അന്വേഷണത്തിനെതിരായ സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിന് വീണ്ടും തിരിച്ചടി. സിബിഐ അന്വേഷണത്തിനെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍, അന്വേഷണത്തില്‍ സിബിഐ കൂടുതല്‍ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കില്‍ ഇടപെടില്ലെന്ന് ജസ്റ്റിസ് എല്‍. നാഗേശ്വര റാവു വ്യക്തമാക്കി. സോളിസിറ്റര്‍ ജനറലിന്റെ വാദം കേള്‍ക്കുന്നതിനായി കേസ് വീണ്ടും പരിഗണിക്കും.

കാസര്‍കോട് ജില്ലയിലെ പേരിയയില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതിനെ കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി വീണ്ടും നിലപാട് വ്യക്തമാക്കിയത്. കേരള ഹൈക്കോടതിയാണ് കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇക്കാര്യത്തില്‍ സിബിഐയോട് നിലപാട് വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ സിബിഐ നിലപാട് വ്യക്തമാക്കിയിട്ടില്ല.

ഹൈക്കോടതി നേരത്തെ തന്നെ അന്വേഷണത്തിന് ഉത്തരവിട്ടതാണ്. ഇത് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചെങ്കിലും അംഗീകരിച്ചില്ല. സുപ്രീം കോടതിയും സ്റ്റേ അനുവദിച്ചില്ല.

അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ സിബിഐ അന്വേഷണം എന്തിനെന്ന ചോദ്യമാണ് സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തുന്നത്. സിബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കില്‍ ഇടപെടില്ലെന്ന് കഴിഞ്ഞ തവണ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. സിബിഐ അന്വേഷണവുമായി ഇതുവരെ സംസ്ഥാന പൊലീസ് സഹകരിച്ചിട്ടില്ല. നിരവധി തവണ കേസ് ഡയറി ആവശ്യപ്പെട്ടിട്ടും സിബിഐയ്ക്ക് അത് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്ന് സിബിഐ വീണ്ടും ഡിജിപിയ്ക്ക് കത്തയച്ചിരുന്നു. രേഖകള്‍ കൈമാറാന്‍ തയ്യാറായില്ലെങ്കില്‍ അത് പിടിച്ചെടുക്കാന്‍ സിബിഐ തയ്യാറായേക്കുമെന്നും സൂചനകള്‍ ഉണ്ടായിരുന്നു. ഇക്കാര്യത്തില്‍ സുപ്രീം കോടതി വിധി വന്നിട്ടുമാത്രമെ തുടര്‍ നടപടികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളൂ