ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത വിടവാങ്ങി

 
ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത വിടവാങ്ങി

മാർത്തോമ്മാ സഭ മുൻ അധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത (103) കാലം ചെയ്തു. കുമ്പനാട് ഫെലോഷിപ് ആശുപത്രിയിൽ പുലർച്ചെ 1.15നായിരുന്നു അന്ത്യം. ഭൗതിക ശരീരം തിരുവല്ല അലക്സാണ്ടർ മാർത്തോമ്മാ സ്മാരക ഹാളിലേക്കു മാറ്റും. കബറടക്കം നാളെ. ശാരീരിക ക്ഷീണത്തെ തുടർന്ന് വെള്ളിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത ഇന്നലെയാണ് ആശുപത്രി വിട്ടത്. രാത്രിയോടെ സ്ഥിതി മോശമാകുകയായിരുന്നു. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പും ഇന്ത്യയിലെ ക്രൈസ്തവ സഭകളിൽ ഏറ്റവും കൂടുതൽ കാലം ബിഷപ്പായിരുന്ന ആത്മീയ ആചാര്യനുമായിരുന്നു അദ്ദേഹം. എഴുത്തിലൂടെയും പ്രസം​ഗത്തിലൂടെയും ചിന്തയും ചിരിയും നിറക്കുന്ന അദ്ദേഹത്തെ 2018ൽ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചിരുന്നു.

എട്ടുവര്‍ഷത്തോളം സഭാധ്യക്ഷനായിരുന്നു. നര്‍മത്തില്‍ ചാലിച്ച പ്രഭാഷണങ്ങളിലൂടെയാണ് വലിയമെത്രാപ്പൊലീത്താ കേഴ്വിക്കാരുടെ പ്രിയപ്പെട്ട വലിയ തിരുമേനിയായത്. മാരാമണ്‍ കണ്‍വെന്‍ഷനിലും അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്തിലും പ്രഭാഷണം നടത്തിയിട്ടുള്ള ഏക ആധ്യാത്മികപ്രഭാഷകന്‍കൂടിയായിരുന്നു അദ്ദേഹം.മാര്‍ത്തോമ്മാ സഭയിലെ പ്രമുഖ വൈദികനും വികാരിജനറാളുമായിരുന്ന ഇരവിപേരൂര്‍ കലമണ്ണില്‍ കെ.ഇ.ഉമ്മന്റെയും കളക്കാട് നടക്കേവീട്ടില്‍ ശോശാമ്മയുടെയും രണ്ടാമത്തെ മകനായി 1918 ഏപ്രില്‍ 27-ന് ജനിച്ചു. ഫിലിപ്പ് ഉമ്മന്‍ എന്നായിരുന്നുപേര്. മാരാമണ്‍, കോഴഞ്ചേരി, ഇരവിപേരൂര്‍ എന്നിവിടങ്ങളിലായുള്ള സ്‌കൂള്‍വിദ്യാഭ്യാസത്തിനുശേഷം ആലുവ യു.സി. കോളേജിലായിരുന്നു ബിരുദപഠനം.ബംഗളൂരൂ, കാന്റര്‍ബെറി എന്നിവിടങ്ങളില്‍നിന്നായി വേദശാസ്ത്രവും പഠിച്ചു. 1940 സെപ്റ്റംബര്‍ ജൂണ്‍ മൂന്നിന് ഇരവിപേരൂര്‍ പള്ളിയില്‍ വികാരിയായാണ് ദൈവശുശ്രൂഷയുടെ ഔദ്യോഗികതുടക്കം.

1953–54 കാലത്ത് കാന്റർബറി സെന്റ് അഗസ്റ്റിൻ കോളജിൽ ഉപരിപഠനം. 1954ൽ കോട്ടയം– കുന്നംകുളം ഭദ്രാസനാധിപനായി. 1954 മുതൽ 63 വരെ കോട്ടയം വൈദിക സെമിനാരി പ്രിൻസിപ്പൽ പദവി വഹിച്ചു. 1954ൽ അഖിലലോക സഭാ കൗൺസിൽ ഇവാൻസ്റ്റൻ സമ്മേളനത്തിൽ മാർത്തോമ്മാ സഭയുടെ പ്രതിനിധിയായി. 1962ൽ നടന്ന ചരിത്രപ്രസിദ്ധമായ രണ്ടാം വത്തിക്കാൻ സമ്മേളനത്തിലെ ഔദ്യോഗിക നിരീക്ഷകൻ. 1963ൽ മിഷനറി ബിഷപ്. 1968ൽ അടൂർ–കൊട്ടാരക്കര ഭദ്രാസനാധിപനായി. 1968ൽ അഖിലലോക സഭാ കൗൺസിൽ ഉപ്സാല സമ്മേളനത്തിൽ മാർത്തോമ്മാ സഭാ പ്രതിനിധി. 1975ൽ വീണ്ടും മിഷനറി ബിഷപ്. 1978 മേയ് മാസം സഫ്രഗൻ മെത്രാപ്പൊലീത്താ പദവിലേക്ക് ഉയർത്തപ്പെട്ടു. 1980ൽ തിരുവനന്തപുരം–കൊല്ലം ഭദ്രാസനാധ്യക്ഷനായി. 1990ൽ റാന്നി– നിലയ്ക്കൽ, വടക്കേ അമേരിക്ക ഭദ്രാസന ബിഷപ്. 1997 ഓഗസ്റ്റ് ചെങ്ങന്നൂർ– തുമ്പമൺ ഭദ്രാസനാധ്യക്ഷൻ. 1999 മാർച്ച് 15 ഒഫിഷിയേറ്റിങ് മെത്രാപ്പൊലീത്തയായി. 1999 ഒക്ടോബർ 23ന് സഭയുടെ പരമാധ്യക്ഷനായ മാർത്തോമാ മെത്രാപ്പോലീത്തയുമായി. 2007 ഒക്ടോബർ ഒന്നിന് സ്ഥാനമൊഴിഞ്ഞു.