'ഇഡി കുറേ ചോദ്യം ചെയ്തതിന് ശേഷം ഇഡിയോടുള്ള വിശ്വാസം കൂടി'; കെ.ടി ജലീലിനെ തള്ളി മുഖ്യമന്ത്രി

 
pinarayi

മുസ്ലീം ലീഗ് എംഎല്‍എ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ഏ ആര്‍ നഗര്‍ സഹകരണ ബാങ്ക് അഴിമതി ആരോപണത്തില്‍ മുന്‍മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീലിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ജലീല്‍ ഉന്നയിച്ച എ.ആര്‍ ബാങ്ക് തട്ടിപ്പില്‍ ഇ.ഡി അന്വേഷണം വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹകരണ മേഖലയില്‍ ഇ.ഡി അന്വേഷണം ആവശ്യമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇ ഡി അന്വേഷിക്കണമെന്ന ആവശ്യം സാധാരണ നിലയിൽ ഉന്നയിക്കാൻ പാടില്ലാത്ത ആവശ്യമാണ്. സഹകര മേഖല ഇഡി കൈകാര്യം ചെയ്യേണ്ട വിഷയമല്ലെന്നും സംസ്ഥാന സര്‍ക്കാറിന്റെ പരിധിയിലുള്ള വിഷയമാണെന്നും ഇവിടെയുള്ള അന്വേഷണ ഏജന്‍സികള്‍  കൃത്യമായി അന്വേഷണം നടത്തുമെന്നും  മുഖ്യമന്ത്രി വ്യക്തമാക്കി.

കെ ടി ജലീലിനെ ഇഡി കുറേ ചോദ്യം ചെയ്തതിന് ശേഷം അദ്ദേഹത്തിന് ഇഡിയോടുള്ള വിശ്വാസം കൂടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജലീല്‍ ഉന്നയിച്ച വിഷയം സഹകരണ വകുപ്പ് പരിശോധിച്ചതും നടപടിയെടുത്തിട്ടുള്ളതുമാണ്. കോടതി സ്‌റ്റേയുള്ളതിനാലാണ് കൂടുതല്‍ നടപടിയില്ലാത്തതെന്നും അദ്ദേഹം പറഞ്ഞു. ഏ ആര്‍ നഗര്‍ സഹകരണ ബാങ്കിലാണ് കുഞ്ഞാലിക്കുട്ടിയും അടുപ്പക്കാരും തിരിമറി നടത്തിയെന്ന് ജലീല്‍ ആരോപിച്ചത്. ഇഡിക്ക് നല്‍കിയ മൊഴിയിലാണ് ജലീല്‍ ഇക്കാര്യം പറഞ്ഞത്. അതിന് ശേഷം വാര്‍ത്താ സമ്മേളനത്തിലും ജലീല്‍ ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. 

എ.ആര്‍. നഗര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ 1021 കോടിയുടെ കള്ളപ്പണ ബിനാമി ഇടപാടുകളാണ് സഹകരണ വകുപ്പിന്റെ അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നതെന്നും ഇതിന്റെ മുഖ്യസൂത്രധാരന്‍ കുഞ്ഞാലിക്കുട്ടിയാണെന്നും ജലീല്‍ ആരോപിച്ചിരുന്നു. കുഞ്ഞാലിക്കുട്ടിയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ ബിനാമിയും ദീര്‍ഘകാലം ബാങ്ക് സെക്രട്ടറിയുമായിരുന്ന വി.കെ. ഹരികുമാറിനും തട്ടിപ്പില്‍ വലിയ പങ്കാണുള്ളതെന്ന് ജലീല്‍ പറഞ്ഞിരുന്നു.