വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ ആലോചന; കോവിഡ് ബാധിച്ച അനുബന്ധ രോഗമുള്ളവര്‍ കൃത്യസമയത്ത് ആശുപത്രിയിലെത്തണം 

 
pinarayi

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിനിടയിലും മരണനിരക്ക് ഉയരാതെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞതായും മരിച്ചവരില്‍ 95 ശതമാനവും വാക്‌സിന്‍ കിട്ടാത്തവരാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സെപ്തംബര്‍ 30നകം 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  

കോവിഡ് സ്ഥിരീകരിച്ച എല്ലാവരും പ്രത്യേകിച്ച് അനുബന്ധ രോഗമുള്ളവര്‍ കൃത്യസമയത്ത് ആശുപത്രിയില്‍ പ്രവേശിക്കണം. വാക്‌സിന്‍ എടുത്തവര്‍ രോഗലക്ഷണമില്ലെങ്കില്‍ ഡോക്ടറെ കണേണ്ടതില്ല. എന്നാല്‍ രോഗ ലക്ഷണമുള്ളവര്‍ ഡോക്ടറെ കാണണം. സംസ്ഥാനത്ത് 2.23 കോടി പേര്‍ ഒരു ഡോസ് വാക്‌സിന്‍ കിട്ടിയവരാണ്. 86 ലക്ഷത്തിലേറെ പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും കിട്ടി. ഡെല്‍റ്റ വൈറസിന് വാക്‌സിന്റെ പ്രതിരോധം ഭേദിക്കാന്‍ ചെറിയ തോതില്‍ കഴിയും. എന്നാല്‍ വാക്‌സിനെടുത്തവരില്‍ രോഗം ഗുരുതരമാകില്ല. ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരില്ല. മരണസാധ്യത ഏറെക്കുറെ കുറവാണ്. 

സ്‌കൂളുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനുള്ള ആലോചന നടക്കുന്നുണ്ട്. സ്‌കൂളുകള്‍ തുറക്കുന്നത് അടുത്തമാസത്തേക്ക് പ്രതീക്ഷിക്കം. ഇക്കാര്യം സംബന്ധിച്ച് വിദഗ്ദ്ധരുമായി ചര്‍ച്ച നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. വ്യവസായ - വ്യാപാര മേഖലയുടെ പുനരുജ്ജീവനവും അടിയന്തിരമായി നടപ്പിലാക്കും. അതിനാവശ്യമായ ഇടപെടലുണ്ടാകും. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് വാക്‌സിനേഷന് സൗകര്യമൊരുക്കും. കോളേജിലെത്തും മുന്‍പ് വിദ്യാര്‍ത്ഥികള്‍ ഒരു ഡോസ് വാക്‌സിനെങ്കിലും എടുക്കണം. രണ്ടാമത്തെ ഡോസ് എടുക്കാന്‍ കാലാവധി ആയവര്‍ അതും എടുക്കണം. വിദ്യാര്‍ത്ഥികള്‍ വാക്‌സിന് ആശാവര്‍ക്കറെ ബന്ധപ്പെടണം.

സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ച് വാക്‌സിനെടുക്കാത്ത വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും കണക്കെടുത്ത് ആരോഗ്യവകുപ്പിന് നല്‍കും. അത് അടിസ്ഥാനമാക്കി വാക്‌സിനേഷന്‍ ക്യാംപ് നടത്തും. ആരും വാക്‌സിനെടുക്കാതെ മാറിനടക്കരുത്. മുഖ്യമന്ത്രി പറഞ്ഞു.

വാക്‌സിനേഷന്‍ 80 ശതമാനത്തോട് അടുക്കുകയാണ്. 78 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 30 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. ഏഴ് ലക്ഷം വാക്‌സിന്‍ കയ്യിലുള്ളത് നാളെയോടെ കൊടുത്തുതീര്‍ക്കും. 45 വയസിന് മേലെ പ്രായമുള്ള 93 ശതമാനം പേര്‍ക്ക് ഒരു ഡോസും 50 ശതമാനം പേര്‍ക്ക് രണ്ട് ഡോസും നല്‍കി. ആര്‍ടിപിസിആര്‍ വര്‍ധിപ്പിക്കാനാണ് നേരത്തെ തീരുമാനിച്ചത്. സംസ്ഥാനത്ത് ആദ്യ ഡോസ് വാക്‌സിന്‍ 80 ശതമാനം പൂര്‍ത്തിയാവുകയാണ്. ആര്‍ടിപിസിആര്‍ വ്യാപകമായി നടത്തും. ചികിത്സ വേണ്ട ഘട്ടത്തില്‍ ആന്ററിജന്‍ നടത്തും.

ഡബ്ല്യുഐപിആര്‍ എട്ടിന് മുകളിലുള്ള നഗര-ഗ്രാമ മേഖലകളില്‍ കര്‍ശന നിയന്ത്രണം നടപ്പിലാക്കും. നിലവിലിത് ഏഴാണ്. ക്വാറന്റീന്‍ ലംഘിക്കുന്നവരെ നിര്‍ബന്ധിത ക്വാറന്റീനില്‍ അയക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങണം. രോഗികളുള്ള വീടുകളില്‍ നിന്നുള്ളവര്‍ ക്വാറന്റീന്‍ ലംഘിക്കുന്നത് കര്‍ശനമായി തടയും.

മറ്റ് സംസ്ഥാനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ നിര്‍ബന്ധമാക്കി. അത് കേരളത്തില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളില്‍ പോയി പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രയാസമാണ്. അവരുടെ രണ്ട് ഡോസ് വാക്‌സിന്‍ അടിയന്തിരമായി പൂര്‍ത്തിയാക്കും.  പോസിറ്റീവായി ക്വാറന്റീനില്‍ കഴിയുന്നവര്‍ വീടുകളില്‍ തുടരുന്നത് ഉറപ്പാക്കാന്‍ പൊലീസ് ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.