ഇനിയും സമ്പൂര്‍ണ അടച്ചിടല്‍ പ്രായോഗികമല്ല;  പ്രതിരോധത്തില്‍ വാര്‍ഡുതല സമിതികള്‍ പിന്നോട്ട് പോയി: മുഖ്യമന്ത്രി 

 
pinarayi

കോവിഡ് വ്യാപനം കുതിച്ചുയരുമ്പോഴും ഇനിയും സമ്പൂര്‍ണ അടച്ചിടല്‍ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിരോധ പ്രവര്‍ത്തനത്തില്‍ വാര്‍ഡുതല സമിതികള്‍ പുറകോട്ട് പോയെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധം വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത തദ്ദേശപ്രതിനിധികളുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.

കോവിഡിന്റെ ഒരു ഘട്ടത്തില്‍ വാര്‍ഡുതല സമിതികള്‍ മികച്ച പ്രവര്‍ത്തനം നടത്തി. എന്നാല്‍ രണ്ടാം തരംഗത്തില്‍ വാര്‍ഡുതല സമിതികള്‍ പിന്നോട്ട് പോയി. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വാര്‍ഡുതല സമിതികള്‍ ശക്തിപ്പെടുത്തിയുള്ള പ്രതിരോധ പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

രണ്ടാം ഘട്ടത്തില്‍ ജാഗ്രതയില്‍ കുറവുണ്ടായി. നിരീക്ഷണങ്ങളില്‍ ഇരിക്കേണ്ടവര്‍  പുറത്തിറങ്ങി നടക്കുന്നു, ഇവരെ നിരീക്ഷിക്കാനായി അയല്‍പക്ക നിരീക്ഷണ സമിതികള്‍ രൂപീകരിക്കണം. അവരില്‍ നിന്ന് പിഴ ഈടാക്കണം. പ്രത്യേക ക്വാറന്റീന്‍ കേന്ദ്രങ്ങളിലാക്കണം. മുഖ്യമന്ത്രി നിര്‍ദേശിച്ചു. സിഎഫ്എല്‍ടിസികള്‍ പലയിടത്തും നിര്‍ജീവമാണ്. തദ്ദേശസ്ഥാപനങ്ങള്‍ക്ക് അത് നടത്തിക്കാന്‍ സാമ്പത്തിക പ്രയാസമുണ്ടെങ്കില്‍ സര്‍ക്കാര്‍ സഹായിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വാര്‍ഡുതല സമിതികള്‍, അയല്‍പ്പക്ക നിരീക്ഷണം, സിഎഫ്എല്‍ടിസികള്‍, ഡൊമിസിലറി കേന്ദ്രങ്ങള്‍, ആര്‍ആര്‍ടികള്‍ എല്ലാം വീണ്ടും ശക്തിപ്പെടുത്തുണമെന്നും യോഗത്തില്‍ നിര്‍ദ്ദേശം വന്നു. രണ്ടാഴ്ച കൊണ്ട് കോവിഡ് കൂടുതല്‍ നിയന്ത്രണ വിധേയമാക്കുകയാണ് ലക്ഷ്യം.