കെ റെയില്‍: പരിസ്ഥിതി ആഘാത പഠനം നടത്തി, പാടശേഖരങ്ങള്‍ക്ക് മുകളിലൂടെ 88 കിലോമീറ്ററില്‍ ആകാശപാത : മുഖ്യമന്ത്രി

 
pinarayi

കെ റെയില്‍ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം കേന്ദ്രമായ സെന്‍റര്‍ ഫോർ എൻവയോൺമെന്‍റ് ഡെവലപ്പ്മെന്‍റ് സ്റ്റഡീസാണ് പഠനം നടത്തിയത്. പദ്ധതി നടത്തിപ്പിന് മുന്നോടിയായ സാമൂഹികാഘാത പഠനം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

പദ്ധതിക്കായി പുനരധിവാസത്തിന്  ഉൾപ്പെടെ 1383 ഹെക്ടർ ഭൂമി  വേണ്ടിവരും  13362 കോടി സ്ഥലം ഏറ്റെടുക്കുന്നതിന് ചിലവാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഏറ്റെടുക്കേണ്ടതിൽ 1198 ഹെക്ടർ സ്വകാര്യ ഭൂമിയെന്നും 9314 കെട്ടിടങ്ങൾ പൊളിച്ച് നീക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിസ്ഥിതി ആഘാത പഠനം നടത്തിയതില്‍ പാടശേഖരങ്ങള്‍ക്ക് മുകളിലൂടെ 88 കിലോമീറ്റര്‍ പാത നിര്‍മിക്കേണ്ടി വരുമെന്നും അദ്ദേഹം അറിയിച്ചു.

ആരാധനാലയങ്ങളേയും പാടങ്ങളേയും പദ്ധതി ബാധിക്കില്ല. ഒരു ഹെക്ടറിന് ഒന്‍പത് കോടി നഷ്ടപരിഹാരം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. . ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ പബ്ളിക്ക് ഹിയറിങ്ങ് നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  

എന്നാല്‍ പദ്ധതി വലിയ പാരിസ്ഥിതിക ആഘാതവും സാമ്പത്തിക ബാധ്യതയും സൃഷ്ടിക്കുമെന്ന് യുഡിഎഫ് ഉപസമിതി ആരോപണം ഉന്നയിക്കുമ്പോഴും പഠനങ്ങള്‍ ചൂണ്ടികാട്ടി പദ്ധതി നടത്തിപ്പുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന സൂചനയാണ് മുഖ്യമന്ത്രിയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. പദ്ധതിയോട് പ്രതിപക്ഷം സഹകരിക്കണമെന്ന് അദ്ദേഹം നേരത്തെ ആവശ്യപ്പെട്ടിരുന്നു.